പാലക്കാട്: വൈദ്യുതി സുരക്ഷയെക്കുറിച്ച് ജില്ലയിലെ സബ് ഇന്‍സ്പെക്ടര്‍ തൊട്ട് മുകളിലുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ ജില്ലാതല വൈദ്യുതി അപകട നിവാരണ സമിതി യോഗം തീരുമാനിച്ചു.
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, വൈദ്യുതി ബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരിക്കും പരിശീലനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും പരിശീലനം നല്‍കും.ജില്ലയിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ സമഗ്ര സുരക്ഷാബോധവല്‍ക്കരണ യജ്ഞം നടത്താനും യോഗം തീരുമാനിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.
ടി.വി കേബിള്‍ വഴിയുള്ള അപകടങ്ങള്‍ കുറഞ്ഞെങ്കിലും ചക്കയും മാങ്ങയും മറ്റും ലോഹത്തോട്ടികള്‍ കൊണ്ട് വലിക്കുമ്പോള്‍ വൈദ്യുതി ലൈനുകളില്‍ തട്ടി ഷോക്കേറ്റ് മരണം സംഭവിക്കുന്ന കേസുകള്‍ കൂടിവരികയാണ്. ഇത്തരം അപകടങ്ങള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ജില്ലയില്‍ അനധികൃത വൈദ്യുതി കമ്പിവേലികളില്‍ നിന്ന് പൊതുജനങ്ങള്‍ക്കും ആനയുള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്കും മരണം വരെ സംഭവിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.
വൈദ്യുതി ലൈനുകള്‍ക്ക് സമീപം വീടുകള്‍ നിര്‍മിക്കുന്നതിന് അനുമതി നല്കുമ്പോള് ജാഗ്രത പാലിക്കാന്‍ യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. ഒട്ടും ഗുണനിലവാരമില്ലാത്ത വില കുറഞ്ഞ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. ഇത്തരം ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് യോഗം മുന്നറിയിപ്പുനല്‍കി. ഐ.എസ്.ഐ നിലവാരമുള്ള ഇ.എല്‍.സി.ബികള്‍ നിര്‍ബന്ധമാക്കിയതോടെ ഗാര്‍ഹിക വൈദ്യുത അപകടങ്ങള്‍ കുറഞ്ഞു. ഉല്‍സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ജനറേറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ നിന്നുള്ള അനുമതി നിര്‍ബന്ധമാണ്.
എ.ഡി.എം കെ ഗണേശന്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്രാരായ എസ് പരമേശ്വരന്, ശോശാമ്മ കുരുവിള, ഡി.വൈ.എസ്.പി വി മുഹമ്മദ് കാസിം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ സി റോയി ജോസ്, ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാര്‍, ലൈസന്‍സ്ഡ് വയര്‍മെന്‍ അസോസിയേഷന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: