പാലക്കാട്: അട്ടപ്പാടിയിലെയും പാലക്കാട് നഗരത്തിലെയും മാവോയിസ്റ്റ് അക്രമം ജനങ്ങളെ ഭിതിയിലാഴ്ത്തുന്നു. വനാന്തരങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് സൂചനകള്‍ ലഭിച്ചിരുന്നു വെങ്കിലും വേണ്ടത്ര ജാഗ്രതയില്ലാതിരുന്നതാണ് അക്രമത്തിന് എളുപ്പമായത്.
മാവോവാദി സാന്നിധ്യം വര്‍ധിച്ചുവരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലമ്പുഴ പോലീസ്സ്റ്റേഷനില്‍ കഴിഞ്ഞദിവസം അവലോകനയോഗം ചേര്‍ന്നിരുന്നു. ഹേമാംബികനഗര്‍ സി.ഐ.യാണ് വിവിധ വകുപ്പധികൃതരുടെ യോഗം വിളിച്ചത്. മാവോവാദിഭീഷണി ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അസ്വാഭാവികമായി അപരിചിതരെ പ്രദേശങ്ങളില്‍ കണ്ടെത്തുകയാണെങ്കില്‍ വിവരം നല്‍കണമെന്ന് പ്രദേശവാസികളോട് നിര്‍ദേശിച്ചു.
നേരത്തെ അട്ടപ്പാടിയിലെ കുറുക്കന്ക്കുണ്ട് മേഖലയിലും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു. മാവോയിസ്റ്റുകളെന്നു സംശയിക്കുന്ന ആയുധധാരികള്‍ പ്രദേശത്തെ വീടുകളിലെത്തി ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുകയും മവോയിസ്റ്റ് സംഘത്തില്‍ ചേരണമെന്ന് ആഹ്വാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല; ജനങ്ങളുടെ ഈ മുന്നയിപ്പ് അധികൃതര്‍ നിഷേധിക്കുകയും ചെയ്തിരുന്നു.
അട്ടപ്പാടി മേഖലയില്‍ മാവോയിസ്റ്റ് വേട്ടക്ക് തണ്ടര്‍ ബോള്‍ട്ട് സേന നിലയുറപ്പിരുന്നു. മാവോയിസ്റ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണമെന്ന് ആദിവാസികളോട് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫോണിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ ആവശ്യമായ വാര്‍ത്താവിനമയ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ അട്ടപ്പാടിയില്‍ ആനവായ് തുടങ്ങിയ ഊരുകളില്‍ മെബൈല്‍ ടവര്‍ സ്ഥാപിക്കാനിരിക്കുകയായിരുന്നു.
സായുധവിപഌവത്തിന് തയ്യാറാകുക, ആദിവാസികള്‍ പോരാട്ടത്തില്‍ അണിചേരുക തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പോസ്റ്ററുകള്‍ അട്ടപ്പാടിയില്‍ പതിച്ചിട്ടുണ്ട്. സമാന പോസ്റ്റര്‍ തന്നെയാണ് പാലക്കാട് ചന്ദ്രനഗറിലെ കെ.എഫ്.സി റെസ്റ്റോറന്റ് അടിച്ചു തകര്‍ത്തവരും പതിച്ചത്. മുഖംമൂടി ധരിച്ചെത്തിയ പത്തോളം പേരാണ് ഇവിടെ ആക്രമണം നടത്തിയത്.
സംഭവത്തെ തുടര്‍ന്ന് അട്ടപ്പാടിയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വനംവകുപ്പും പൊലീസും സംയുക്ത പരിശോധന ആരംഭിച്ചു. കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും, സായുധാസേനാംഗങ്ങളും ഉടന്‍ ജില്ലയിലെത്തും. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ ചോദ്യം ചെയ്യുന്നുണ്ട്. അഗളി, പാടഗിരി, കല്ലടിക്കോട് എന്നീ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുടെ സുരക്ഷശക്തമാക്കി.
മുക്കാലിയിലെ സൈലന്റ്വാലി വനംവകുപ്പ് റേഞ്ച് ഓഫിസ് ആക്രമിക്കാന്‍ മാവോയിസ്റ്റുകളെത്തിയത് ഓഫിസിനു പിന്നിലൂടെയെന്നു നിഗമനം. ഈ വഴി മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്നതായി ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തതാണ്. ഓഫിസ് പ്രവര്‍ത്തിക്കുന്ന മുക്കാലിയില്‍ ആറുമാസത്തിനിടെ രണ്ടുതവണ മാവോയിസ്റ്റുകള്‍ പോസ്റ്ററുകളും ബാനറുകളും പതിച്ചിരുന്നു. അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ടായിരുന്നു അത്.
അട്ടപ്പാടിയിലെ ആദിവാസികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും, ശിശുമരങ്ങളുടെ പിന്നിലെ പ്രശ്നങ്ങളെക്കുറിച്ചും വിവരിക്കുന്ന നിരവധി നോട്ടീസുകള്‍ ഓഫിസില്‍ നിന്നു ലഭിച്ചു. ജില്ലാപൊലീസ് ചീഫ് എച്ച്. മഞ്ജുനാഥ്, ജില്ലാ കലക്ടര്‍ കെ.രാമചന്ദ്രന്, എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഡിവൈഎസ്പിമാര്‍, വനം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: