ആലപ്പുഴ: മുല്ലയ്ക്കല് ചിറപ്പ് ഉത്സവത്തിനു ഒരാഴ്ച പിന്നിട്ടതോടെ ആലപ്പുഴ നഗരം അക്ഷരാര്‍ത്ഥത്തില്‍ ജനസമുദ്രമായി. സീറോ ജങ്ഷന് മുതല്‍ കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രം വരെ വന്‍ ജനപ്രവാഹമാണ് അനുഭവപ്പെടുന്നത്. ആലപ്പുഴ നഗരത്തില്‍ ആഘോഷത്തിന്റെ ദിനരാത്രങ്ങളാണ് കടന്നുപോകുന്നത്. ജാതിമത ദേഭങ്ങളില്ലാതെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ജനസഹസ്രങ്ങള്‍ ഒഴുകിയെത്തുന്ന ചിറപ്പ് ആലപ്പുഴയുടെ അഭിമാനമാണ്. ഉത്സവ ആഘോഷങ്ങളില്‍ പങ്കാളികളാകാന്‍ സ്വദേശികള്‍ക്കൊപ്പം വിദേശികളും സജീവമാണ്.
ഉത്സവകാലത്തിന്റെ വരവറിയിച്ച് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വഴിയോര കച്ചവടക്കാര്‍ നഗരത്തില്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പം തദ്ദേശീയരായ കച്ചവടക്കാരും കൂടിയായതോടെ മുല്ലയ്ക്കല് തെരുവില്‍ കച്ചവടം സജീവമാണ്. കരിമ്പ്, ഈന്തപ്പഴം, പോപ്കോണ്‍, ഹല്‍വ ഉള്‍പ്പെടെയുള്ള വിവിധങ്ങളായ വിഭവങ്ങളാണ് ഉത്സവ പ്രേമികളെ കാത്ത് മുല്ലയ്ക്കല് തെരുവില്‍ നിരന്നിട്ടുള്ളത്.
മാല, വള, കമ്മല്‍, കളിപ്പാട്ടം, വീട്ട് ഉപകരണങ്ങള്‍, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ വില്‍പ്പനയുമുണ്ട്. ചിറപ്പ് ഉള്‍സവത്തിന്റെ ഭാഗമായി എസ്ഡിവി സ്കൂള്‍ മൈതാനിയില്‍ ആരംഭിച്ച കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനം കാണാനും ഉത്പന്നങ്ങള്‍ വാങ്ങാനുമായി നിരവധിപേരാണ് എത്തിച്ചേരുന്നത്. 27നാണ് ഈ വര്‍ഷത്തെ ചിറപ്പ് മഹോത്സവം സമാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: