കൊല്ലം: രാഷ്ട്രത്തിന്റെ സമഗ്രമായ കായികവികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രീഡാഭാരതിയെ അടുത്തറിയുക കൂടിയാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും പുതിയകാവ് സെന്‍ട്രല്‍ സ്കൂളില്‍ പഞ്ചദിന തയ്ക്വോണ്ഡോ പരിശീലനത്തിന് എത്തിച്ചേര്‍ന്ന എട്ടിനും പതിനാറിനുമിടയിലുള്ള പെണ്‍കുട്ടികള്‍ ഇതാദ്യമായാണ് ക്രീഡാഭാരതിയെ പറ്റി മനസിലാക്കുന്നത്.
25 വര്‍ഷം മുമ്പ് രൂപീകരിച്ച ക്രീഡാഭാരതിക്ക് വടക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രവര്‍ത്തനമുണ്ടെങ്കിലും മൂന്നുവര്‍ഷം മുമ്പ് രൂപം കൊണ്ട കേരളകായികവേദിയുടെ പ്രവര്‍ത്തനത്തിലൂടെയാണ് അടുത്തറിയുന്നത്.
ചുരുങ്ങിയ കാലയളവുകൊണ്ട് കായികരംഗത്ത് ദേശീയതയിലധിഷ്ഠിതമായ സ്വത്വം നേടിയെടുത്ത ക്രീഡാഭാരതി രാജസ്ഥാനില്‍ ഒറ്റദിവസം കൊണ്ട് ആറ് ലക്ഷം പേരുടെ എട്ടുമണിക്കൂര്‍ നീണ്ട സൂര്യനമസ്കാരത്തിലൂടെ റിക്കാര്‍ഡ് സൃഷ്ടിച്ച സംഘടനയാണ്. ഭാരതീയ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന കായിക സംഘടന യോഗചാപ്, ദണ്ഡാപ്രയോഗം, വാള്‍പ്പയറ്റ് തുടങ്ങി വിവിധ ആയോധനകലകളില്‍ പരിശീലനം നല്കിവരുന്നു. സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ രാഷ്ട്രപുരോഗതി എന്നതാണ് ക്രീഡാഭാരതി ലക്ഷ്യമിടുന്നത്.
പ്രതിരോധത്തിനും ആക്രമണോത്സുകതയ്ക്കും വേണ്ടി പെണ്‍കുട്ടികള്‍ക്ക് കായിക പരിശീലനം നല്കുന്ന മറ്റ് സംഘടനകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി കായികമായ കഴിവുപയോഗിച്ച് രാജ്യത്തിന്റെ യശസുയര്ത്തുക കൂടിയാണ് ക്രീഡാഭാരതിയും അതിന്റെ കേരള ഘടകമായ കേരള കായികവേദിയും ഉദ്ദേശിക്കുന്നത്.
ഇന്നലെ പുതിയകാവ് സെന്‍ട്രല്‍ സ്കൂള്‍ മൈതാനിയില്‍ രാവിലെ ആറുമുതല്‍ പരിശീലനം നടന്നു. 25 വരെ തീയതികളില്‍ രാവിലെ ആറുമുതല്‍ എട്ടുവരെയും വൈകിട്ട് നാലുമുതല്‍ ആറുവരെയുമാണ് തയ്ക്വോണ്ഡോ പരിശീലിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 11 വരെ തിയറി ക്ലാസും ഒരുക്കിയിട്ടുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നത് പരിശീലകരായ ദൈതയും സഹോദരി ദീപ്തിയുമാണ്. ഇതിനെല്ലാം പുറമെ ബൗദ്ധിക് വിഭാഗ് ഈ ദിവസങ്ങളില്‍ രാവിലെ 11.15 മുതല്‍ നടക്കും.
പ്രമുഖരാണ് ഇതില്‍ പങ്കെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. ഇന്ന് രാവിലെ ഭാരതം നമ്മുടെ പുണ്യഭൂമി എന്ന വിഷയത്തില്‍ വിദ്യാനികേതന്റെ ആര്.വി.ജയകുമാറും നാളെ രാവിലെ ധ്യാന്‍ചന്ദിനെ പറ്റി തപസ്യ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.സതീശനും വൈകിട്ട് അന്താരാഷ്ട്രശ്രീകൃഷ്ണസേവാകേന്ദ്രം സംയോജകന്‍ സി.സി.ശെല്‍വനും 24ന് രാവിലെ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലടീച്ചറും വൈകിട്ട് യു.പി.ഹരിദാസനും പ്രഭാഷണം നടത്തും. എണ്‍പതിന്റെ നിറവിലും ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്ന അശോകന് കുന്നുങ്ങലാണ് പരിശീലനക്യാമ്പിന്റെ ചുക്കാന്‍ പിടിക്കുന്നത്. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും മികവ് തെളിയിച്ച അദ്ദേഹം വിദ്യാനികേതന്‍ സ്കൂളുകളുടെ സ്പോര്‍ട്സ് കോര്‍ഡിനേറ്ററുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: