അമ്പലപ്പുഴ: ഭര്‍തൃ വീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നു പോലീസ് അന്വേഷണം നിലച്ചു. കഴിഞ്ഞ അഞ്ചിനാണു പുന്നപ്ര തെക്കു പഞ്ചായത്ത് 13-ാം വാര്‍ഡ് ചള്ളിയില്‍ ഹര്ഷന്റെ മകള്‍ വരുണ (28)യെ പുറക്കാട് ആനന്ദേശ്വരത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍തൃമാതാവ് കോണ്‍ഗ്രസിന്റെ ബ്ലോക്കു പഞ്ചായത്തംഗമാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. വരുണ മരിച്ച ദിവസം തന്നെ സഹോദരന് വരുണ്‍, ഭര്‍ത്താവിന്റെ അച്ഛന് ആനന്ദേശ്വരം പറപ്പള്ളില്‍ സതീശന്, അമ്മ മീരസതീശന് എന്നിവര്‍ക്കെതിരെ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു.
വരുണയുടെ ഭര്‍ത്താവ് അരുണിനു മിലിട്ടറിയിലാണു ജോലി. ഭര്‍ത്താവിനൊപ്പം ജോലിസ്ഥലത്തായിരുന്ന വരുണ നാലുമാസമായി ഭര്‍തൃവീട്ടിലാണ് കഴിഞ്ഞിരുന്നത്. വരുണയെ നിരന്തരം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാപിതാക്കള്‍ പീഡിപ്പിച്ചിരുന്നതായി നാട്ടുകാരും ആരോപിക്കുന്നു. മരിച്ചതിനു മുന്‍ ദിവസം മര്‍ദ്ദനമേറ്റ വരുണയെ തോട്ടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ഭര്‍ത്താവ് അരുണ്‍ നാട്ടിലെത്തിയ ദിവസമാണ് വീട്ടിലെ ഫാനില്‍ വരുണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
പരാതി ലഭിച്ചിട്ടു പോലും അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷിക്കാന്‍ തയാറാകാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് പറയപ്പെടുന്നു. ബ്ലോക്ക് മെമ്പറായതിനാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയാറാകാത്തത് വരും ദിവസങ്ങളില്‍ വിവാദങ്ങള്‍ക്ക് വഴിതെളിക്കും. ഏതാനും മാസം മുമ്പ് ഭര്‍ത്താവിന്റെ സഹോദരിയും വരുണയെ മര്‍ദ്ദിച്ചിരുന്നുവെന്ന് സഹോദരന് വരുണ്‍ പോലീസിനോടു പറഞ്ഞിരുന്നു. പോലീസിന്റെ വിവേചനപരമായ ഇടപെടലിനെതിരെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വരുണയുടെ വീട്ടുകാര്‍ പരാതി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: