പത്തനംതിട്ട: പട്ടികജാതി-വര്‍ഗ വികസന വകുപ്പുകളുടെയും കിര്‍ത്താഡ്സിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന പൈതൃകോത്സവം പട്ടികജാതി പിന്നാക്കക്ഷേമ ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ 22 ന് വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ അറിയിച്ചു.
വൈകിട്ട് മൂന്നിന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലേക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും. തുടര്‍ന്ന് കലാമേളയുടെ ഉദ്ഘാടനവും അവാര്‍ഡ് ജേതാക്കളെ ആദരിക്കലും റവന്യു വകുപ്പ് മന്ത്രി അഡ്വ. അടൂര്‍ പ്രകാശ് നിര്‍വഹിക്കും.
ഡിസംബര്‍ 31 വരെ നടക്കുന്ന പൈതൃകോത്സവത്തില്‍ പൈതൃക കലാരൂപങ്ങളുടെ ആവിഷ്കാരം, പ്രദര്‍ശന വിപണന മേള, വംശീയ വൈദ്യം, വംശീയ ഭക്ഷണം, ആവിക്കുളി, സെമിനാറുകള്‍, കലാഭവന്‍ മണി, പന്തളം ബാലന് എന്നിവര്‍ നയിക്കുന്ന മെഗാഷോകള്‍, സാംസ്കാരിക ഘോഷയാത്ര എന്നിവ നടക്കും.
രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് മേള. എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് പട്ടികജാതി ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ഇതിനുശേഷം പാരമ്പര്യ കലാകാരന്മാര് അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍ അരങ്ങേറും.
തനതു ഗോത്ര കലാരൂപങ്ങളും ആദിവാസി ഗോത്ര സമൂഹങ്ങളുടെ പാരമ്പര്യ രുചിക്കൂട്ടുകളും മുളയരി, റാഗി, കാട്ടുതേന്‍ തുടങ്ങിയ വനവിഭവങ്ങളും പൈതൃകമായി പകര്‍ന്നു കിട്ടിയ വൈദ്യചികിത്സാ രീതികളും പൈതൃകോത്സവത്തിന്റെ സവിശേഷതകളാണ്. ആകര്‍ഷകങ്ങളായ 60 സ്റ്റാളുകള്‍ക്കു പുറമെ കിര്‍ത്താഡ്സിന്റെ മ്യൂസിയവും പൈതൃകോത്സവത്തില്‍ ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. മേളയ്ക്ക് എത്തുന്നവരുടെ ആവശ്യം കണക്കിലെടുത്ത് കെഎസ്ആര്.ടിസി പ്രത്യേക സര്‍വീസ് നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
വിഷ്ണുമൂര്‍ത്തി തെയ്യം, പൊന്തിമുഴക്കം, പളിയനൃത്തം, മംഗലംകളി, കാക്കരശി നാടകം, തനതാട്ടം, കോല്‍ക്കളി, വാമൊഴിത്താളം പരമ്പരാഗത ഗാനങ്ങള്‍, ഭദ്രകാളിത്തിറ, ആട്ടം, ഊരാളികൂത്ത്, നാടന്‍ പാട്ടുകള്‍, ഗദ്ദിക, പൂപ്പടതുള്ളല്‍, പാണപൊറാട്ട്, ഇരുളനൃത്തം, വട്ടമുടി, മരംകൊട്ടിപ്പാട്ട്, കണ്ഠകര്‍ണന്‍ തെയ്യം, മലെ ആട്ട്, പാക്കനാര്‍കളി, സര്‍പ്പം പാട്ട്, രക്തചാമുണ്ഡി തെയ്യം, മുളംചെണ്ട, എരുതുകളി, ചിമ്മാനക്കളി, കോലം തുള്ളല്‍, കോല്‍ക്കളിയും മുടിയാട്ടവും, തിറ പൂതന്‍, ചോനല്കളി, കൊറഗ നൃത്തം, മുള സംഗീതവും നാടന്‍ പാട്ടുകളും തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ വിവിധ ദിവസങ്ങളില്‍ നടക്കും.
തിരുവനന്തപുരം സ്വദേശി മല്ലന്‍കാണി, പാലക്കാട് സ്വദേശി രാജമ്മ വൈദ്യര്, ഇടുക്കിയിലെ കെ.റ്റി.വിജയകുമാര്‍, അട്ടപ്പാടിയിലെ ചാത്തിവൈദ്യര്, വയനാട്ടിലെ കെ.എം.ചന്ദ്രന്, ഇടുക്കി മറയൂരിലെ മയില്‍സ്വാമി, മണ്ണാര്‍ക്കാട്ടെ നഞ്ചി, തിരുവനന്തപുരം നെടുമങ്ങാട് കെ.വി.ഷിബു, അപ്പുക്കുട്ടന് കാണി, ഇടുക്കി അടിമാലി കണ്ണന്, എറണാകുളം മാരിവൈദ്യന് എന്നിവരുടെ നേതൃത്വത്തിലാണ് ആവിക്കുളി നടക്കുന്നത്. തിരുവനന്തപുരം, വയനാട്, പാലക്കാട് ജില്ലകളുടെ തനതു വിഭവങ്ങള്‍ അണിനിരത്തി ഭക്ഷ്യമേളയും സംഘടിപ്പിക്കും.
രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന് മുഖ്യാതിഥിയാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.എന്‍. ബാലഗോപാല്‍, എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, രാജു ഏബ്രഹാം, മാത്യു റ്റി. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്. ഹരിദാസ് ഇടത്തിട്ട, ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ റ്റി. ഭാസ്കരന്, പത്തനംതിട്ട നഗരസഭാ ചെയര്മാന് അഡ്വ. എ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: