തൊടുപുഴ : യുവതിയുടെ മരണം; ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും രണ്ട് വര്‍ഷം തടവും പിഴയും. ഇടുക്കി – പെരുവന്താനം അമലഗിരി ചെരിപ്പുറത്ത് വീട്ടില്‍ ജയന്റെ ഭാര്യ ബീന (32) മരണപ്പെട്ട കേസില്‍ ഭര്‍ത്താവ് ജയന് (40) അമ്മ സതി (59) എന്നിവരെ 2 വര്‍ഷം വീതം തടവിനും 10000 രൂപ പിഴയ്ക്കും തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.കെ. അരവിന്ദബാബു ശിക്ഷിച്ചു. 2000 ജൂണ്‍ 12നായിരുന്നു ബീനയുടെ വിവാഹം.
ഭര്‍ത്താവും അമ്മായിയമ്മയും ബീനയുടെ വീട്ടില്‍ നിന്നും കിട്ടേണ്ട അവകാശത്തെച്ചൊല്ലി നിരന്തരമായി ശാരീരികമായും മാനസികമായും നടത്തിയ പീഡനത്താല്‍ മനോവിഷമം മൂലം ബീന 2007 നവംബര്‍ 14ന് ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. അസ്വാഭാവിക മരണമെന്ന് റിപ്പോര്‍ട്ട് ചെയ്ത കേസില്‍ പീരുമേട് തഹസീല്‍ദാര്‍ പി.കെ. ഷാജിയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഠിനാദ്ധ്വാനം ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന ബീനയോട് നാട്ടുകാര്‍ക്കുള്ള മമതയാണ് കേസില്‍ ക്രിമിനല്‍ പ്രോസിക്യൂഷന് കാരണമായത്.
ആറും എട്ടും വയസായ കുട്ടികളുടെ മാതാവായ ബീന അംഗമായിരുന്ന അമലഗിരി നവോദയ കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ പരാതിയില്‍ പെരുവന്താനം പോലീസും പീരുമേട് സി.ഐയും ചേര്‍ന്ന് നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്.
പ്രതികളുടെ വീട്ടില്‍ പൂജയും ദുര്‍മന്ത്രവാദവും അടക്കമുള്ള ശാരീരിക മാനസിക പീഡനങ്ങളെക്കുറിച്ച് തെളിവ് ലഭിച്ച പോലീസിന് പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റായ വി.സി. ജോസഫ് നല്കിയ മൊഴി നിര്‍ണ്ണായകമായി. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. കെ.ജി. സൈമണാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സന്തോഷ് തേവര്‍കുന്നേല്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: