ഇടുക്കി : മെഡിക്കല്‍ കോളേജിലെ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി അസ്ഥി-ശിശുരോഗ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റോഷി അഗസ്റ്റിന് എം.എല്‍.എ. പുതുതായി രൂപീകരിക്കുന്ന മെഡിക്കല്‍ കോളേജ് വികസന സമിതി രൂപീകരണത്തിന് മുന്നോടിയായുള്ള ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നുള്ള അസ്ഥി-ശിശുരോഗ വിദഗ്ധര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും. നിലവില്‍ പൂര്‍ത്തിയായതും തീര്‍പ്പാക്കേണ്ടതുമായ പദ്ധതികളുടെ ഉത്തരവാദിത്വം മെഡിക്കല്‍ കേളേജ് വികസന സമിതി ഏറ്റെടുക്കുമെന്ന് കളക്ടര്‍ അജിത് പാട്ടീല്‍ ഐ.എ.എസ് അറിയിച്ചു.
മെഡിക്കല്‍ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് 57 കോടി രൂപ അനുവദിച്ചതായി എം.എല്‍ .എ പറഞ്ഞു. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കിടപ്പ് രോഗികള്‍ക്കുള്ള സൗകര്യം 300 ബെഡുകളായി കൂടും.
ജനുവരി ആദ്യവാരം മുതല്‍ ജനങ്ങള്‍ക്കായി ഒ.പി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയും. മെഡിക്കന്‍ കോളേജ് ആശുപത്രിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം ആരംഭിക്കും. രണ്ട് വര്‍ഷത്തിനകം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതിലാകുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ജില്ലാ ആശുപത്രിയുടെ ഭാഗമായി സേവനം ചെയ്തിരുന്ന എല്ലാ തസ്തികകളിലുള്ളവരുടെ സേവനം മെഡിക്കല്‍ കോളേജിന്റെ ഭാഗമായും തുടരും. ജില്ലാ ആശുപത്രിയുടെ ചുമതല വഹിച്ചിരുന്ന സൂപ്രണ്ടിന്റെ സേവനം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായി നിലനിര്‍ത്തും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ.എന്‍. മുരളി, അഡ്വ.ജോര്‍ജ്ജി ജോര്‍ജ്ജ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉസ്മാന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനില്‍ ആനയ്ക്കനാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജോ തടത്തില്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ രാജു തോമസ്, എ.ഒ .അഗസ്റ്റ്യന്‍, ആഗസ്തി അഴകത്ത്, റോമിയോ സെബാസ്റ്റ്യന്‍, അനില്‍ കൂവപ്ലാക്കല്‍, കെ.എം.ജലാലുദ്ദീന്‍, മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് സൂപ്രണ്ട് ഡോ.വി.ആര്.രാജു തുടങ്ങി നിരവധി സാമൂഹിക രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: