കോട്ടയം: പുതുപ്പള്ളി ഇരവിനല്ലൂര്‍ പാറയില്‍ കരോട്ട് കമ്പകം തട്ട് നിവാസികളുടെ ചിരകാലസ്വപ്നമായിരുന്ന പാറയില്‍ കരോട്ട് കമ്പകം തട്ട് കുടിവെള്ള സംഭരണി ഇന്ന് (ഡിസംബര്‍ 21) രാവിലെ 9.30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും.
പുതുപ്പള്ളി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം രൂക്ഷമായ 15-ാം വാര്‍ഡിലെ 25 ലധികം കുടുംബങ്ങള്‍ക്ക് പദ്ധതി ആശ്വാസമാകും. പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 2008ലാണ്. സമീപത്തെ സ്വകാര്യവ്യക്തികളില്‍ നിന്നായി ഏറ്റെടുത്ത ഭൂമിയില്‍ കുളം കുത്തിയും 35000 ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്ക് പണിതുമാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രിയുടെ എം.എല്‍.എ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷവും പള്ളം ബ്ലോക്കു പഞ്ചായത്തിന്റെ പ്ലാന്‍ഫണ്ടില്‍ നിന്ന് ഏഴു ലക്ഷവും ചെലവഴിച്ചു. പ്രദേശവാസികള്‍ രൂപീകരിച്ച ഗുണഭോക്തൃ സമിതിയുടെ നേതൃത്വത്തിലാണ് നിര്മ്മാ ണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
പള്ളം ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ് ഷേര്‍ലി രവീന്ദ്രന് അദ്ധ്യക്ഷത വഹിക്കും. പുതുപ്പള്ളി പഞ്ചായത്തു പ്രസിഡന്റ് ശശികലാദേവി മറ്റ് ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ നേരും. പദ്ധതിക്കായി സ്ഥലം നല്കിയ പ്രദേശവാസികളായ മറിയാമ്മ സ്റ്റീഫന്‍, ഓമന തമ്പി, ചെറിയാന് കക്കാട്ട് എന്നിവരെ ചടങ്ങില്‍ മുഖ്യമന്ത്രി അനുമോദിക്കും. ബ്ലോക്കുമെമ്പര്‍ ലതാകുമാരി സലിമോന്‍ സ്വാഗതവും ജയന്. കെ. ജോണ്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: