കണ്ണീര്പൂക്കളോടെ തുടങ്ങാം. ലോകം അക്ഷരാര്‍ത്ഥത്തില്‍ (അങ്ങനെ പറയരുതെന്ന്ഗരുനാഥന് പറഞ്ഞിട്ടുണ്ടെങ്കിലും ചിലപ്പോള്‍ അതുവേണ്ടിവരുമെന്ന് വിവരമില്ലാത്ത ശിഷ്യന്) നടുങ്ങിയ ദിനമാണ് ഡിസം. 16. ലോകത്തിന്റെ ക്രൂരയാഥാര്‍ത്ഥ്യങ്ങള്‍ അറിയാനുള്ള സമയം എത്തുന്നതിനുമുമ്പ് ആ വര്‍ണ പുഷ്പങ്ങള്‍ നുള്ളി എറിയപ്പെട്ടു.
ചോരയുടെ കടുത്ത നിറത്തില്‍ അമര്‍ത്തിച്ചവിട്ടി കാപാലിക സമൂഹം ആര്‍ത്തട്ടഹസിച്ചു. വാക്കുകള്‍ക്കു പോലും പരിമിതിയുണ്ടെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ അവസരമാണത്. കാലത്ത് അച്ഛനമ്മമാരുടെ സ്നേഹപരിലാളനങ്ങള്‍ ഏറ്റുവാങ്ങിപ്പോയ കുട്ടികള്‍ വൈകിട്ട് ശവപ്പെട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന കാഴ്ച നെഞ്ചുപൊള്ളിക്കാതിരിക്കുമോ? ഏതു കാടത്തത്തിനുള്ളിലും ഒരു മനുഷ്യത്വം ഒളിഞ്ഞിരിപ്പുണ്ടാവുമെന്ന് പറഞ്ഞ മഹാന്‍പോലും തെറ്റ് പറ്റിയതില്‍ ഖേദിക്കുന്ന അനുഭവം. മാനവികതയുടെ മുഖം പിച്ചിച്ചീന്താന്‍ ഉയരുന്ന ബയണറുകള്ക്കും ഗ്രനേഡിനും ബോംബിനും അപ്പുറത്തെ നിത്യസ്നേഹത്തിലേക്ക് ലോകത്തെ നയിക്കാന്‍ നമുക്കൊരു വെളിച്ചം വേണ്ടേ? ആ വെളിച്ചത്തിന് എണ്ണ പകരാനുള്ള മനസ്സു വേണ്ടേ?
ഭീകരവാദവും തീവ്രവാദവും വിഘടനവാദവും തുടങ്ങി ഏതു പേരിട്ടു വിളിച്ചാലും കാര്യമൊക്കെ ഒന്നു തന്നെ. ഇവയൊക്കെ മാനവികതയുടെ ശത്രുക്കളാണ്. അത്തരം ശത്രുക്കളെ കീഴ്പ്പെടുത്താന്‍ ചതുരുപായങ്ങള്‍ തന്നെ വേണ്ടിവരും. അതില്‍ അമാന്തിച്ച് നിന്നിട്ടോ നിസ്സംഗരായിട്ടോ കാര്യമില്ല. ഓരോ മേഖലയിലുള്ളവരും അതാതിന്റെ സംസ്കാര സമൃദ്ധമായ ആയുധങ്ങള്‍ ഉപയോഗിച്ച് ഇതിനെ ചെറുക്കണം. വാക്കു കൊണ്ടോ നോക്കു കൊണ്ടോ അത്തരം ക്രൂരതകള്‍ക്ക് പ്രോത്സാഹനം നല്കുന്ന ഒരു കാര്യവും ചെയ്തുപോകരുത്. അങ്ങനെ ചെയ്താല്‍ ക്രൂരതക്ക് വഴിവെട്ടിയൊരുക്കിക്കൊടുക്കലാവും.
താലിബാന് ക്രൂരതയെക്കാള്‍ ക്രൂരത അക്ഷരങ്ങളിലൊളിപ്പിച്ചവരും നമുക്കിടയിലുണ്ട് എന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യവും ഒരു വേള നാം ഇവിടെ ഓര്‍ത്തുവെക്കണം. പെഷവാര്‍ സ്കൂളിലെ കൊടുംക്രൂരതയെ കലവറയില്ലാതെ അപലപിക്കുകയും നഷ്ടകുസുമങ്ങള്ക്ക് ആദരാഞ്ജലിയര്‍പ്പിക്കുകയും ചെയ്ത മാധ്യമങ്ങള്‍ നിരവധിയാണ്. എന്നാല്‍ താലിബാനെക്കാള്‍ ഭീകരത അക്ഷരങ്ങളിലൊളിപ്പിച്ച മാധ്യമങ്ങളും ഇതിനൊപ്പമുണ്ട്.
താലിബാന് എന്നതിനു പകരം അക്രമിസംഘം, സായുധസംഘം, അക്രമികള്‍ എന്നൊക്കെയുള്ള പേരുകളാണ് അവര്‍ ചാര്‍ത്തിക്കൊടുത്തത്. താലിബാന് ക്രൂരതയെക്കാള്‍ പതിന്മടങ്ങുള്ള ഈ ക്രൂരത നമ്മുടെ സാക്ഷര കേരളത്തില്‍ ഫണം വിടര്ത്തിയാടുന്നുവെന്ന നടുക്കം മാറാതെ നില്ക്കുന്നു. ഒന്നാം പേജില്‍ ഇതിന്റെ വാര്‍ത്ത നല്കിയപ്പോള് വലിയക്ഷരത്തില് കുട്ടികള്‍ എന്നുപോലും ഇവര്‍ സൂചിപ്പിച്ചില്ല. ഗാസയിലെ കൊലപാതകങ്ങളില്‍ സമൃദ്ധമായി മ്ലേച്ഛവാക്കുകള് വാരിവിതറിയ പത്രങ്ങളാണിവയെന്നു കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ എവിടെയാണ് യഥാര്‍ത്ഥ താലിബാനിസം വേവുന്നതെന്ന് മനസ്സിലാക്കാം. കൈവെട്ടുകാര്‍ക്കും കുടലെടുക്കുന്നവര്ക്കും പ്രോത്സാഹനം നല്കുന്നവരില് നിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നത് ഛെ, കഷ്ടമല്ലേ?
പൊള്ളുന്ന ഈ വിഷയത്തില്‍ നിന്ന് പതറുന്ന മറ്റൊന്നിലേക്ക് വരാം. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം സുഭാഷിണി അലിക്കു വേണമെന്നു ശഠിക്കുന്നത് ഇരുവരും ഒരേ തത്വശാസ്ത്രത്തിന്റെ വളക്കൂറുള്ള മണ്ണില്‍ നിന്ന് ഊര്‍ജ്ജം ശേഖരിക്കുന്നതുകൊണ്ടാണ്. തെരുവില്‍ നടക്കുന്ന, നടന്ന, നടക്കാനിരിക്കുന്ന ആഭാസത്തെക്കുറിച്ച് ഇരുവര്‍ക്കും ഒരേ അഭിപ്രായം വേണമെന്നാണ് നമ്മള് അതിനാല്‍ പറയുന്നത്. എന്നാല്‍ അങ്ങനെയല്ല എന്ന് വരികള്‍ക്കിടയിലൂടെ നമുക്ക് മനസ്സിലാവുന്നത് കമലരാമന്റെ വാരിക (ഡിസം. 27)യില്‍ നിന്നാണ്.
ചുംബന സമരം നല്ലതു തന്നെ, സമര ചുംബനത്തിന് സിപിഎം ഇല്ല: സുഭാഷിണി അലി എന്ന് പുറം കവറിലും പൊതുമണ്ഡലത്തിലെ സ്നേഹത്തിനു വേണ്ടി എന്തു ചെയ്യണം? എന്ന് അകം പേജിലും അച്ചടിച്ചത് വായിച്ചാല്‍ സംശയം തീരും. സിപിഎം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ അധ്യക്ഷയുമായ സുഭാഷിണി അലിയുമായി ദിവ്യ ദ്വിവേദി, ഷാജ് മോഹന്‍ എന്നിവര്‍ സംസാരിച്ച് തയ്യാറാക്കിയതാണ് 12 പേജ് വരുന്ന ലേഖനം. അഭിമുഖം എന്നും വേണമെങ്കില്‍ പറയാം.
മലയാള അക്ഷരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിനാല്‍ മലയാളത്തിലെന്നും പറയാം. ബിജീഷ് ബാലകൃഷ്ണനാണ് ആ മഹത്തായ കൃത്യം നിര്‍വഹിച്ചിരിക്കുന്നത്. എല്ലാ ചുംബനവിരോധികള്ക്കുമായി ഇടിവെട്ടുന്ന ശബ്ദത്തില്‍ ഇതാ സുഭാഷിണി ചോദിക്കുന്നു: താഴ്ന്ന വര്‍ഗത്തില്‍പ്പെട്ട പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് സ്വകാര്യത ആവശ്യമായി വരുമ്പോള്‍ എവിടെയാണു പോകുക? എവിടെയാണ് അവര്‍ സ്നേഹം പ്രകടിപ്പിക്കുക? പണക്കാരുടെ മക്കള്‍ പോകുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളുമടങ്ങുന്ന വിലയേറിയ സ്വകാര്യ ഇടങ്ങള്‍ അവര്‍ക്ക് അപ്രാപ്യമാണ്. ആളുകള്‍ തിങ്ങിനിറഞ്ഞ സ്വന്തം വീടുകളിലോ വെച്ച് അവര്‍ക്കു കാണാനാവില്ല.
പാര്‍ക്കുകളില്‍ മരങ്ങളുടെ പിന്നില്‍ ഇരിക്കണം, അവര്‍ക്കൊന്ന് കൈകോര്‍ക്കാന്‍. ബീച്ചിലെ ഒഴിഞ്ഞയിടങ്ങള്‍ തേടണം, ഹൃദയം തുറന്നൊന്നു സംസാരിക്കാന്‍. സ്വകാര്യതയുടെ പ്രകാശനത്തിനായി പൊതു ഇടങ്ങള്‍ കൈയടക്കുന്നത് ശരിക്കും ഒരു വര്‍ഗപരമായ വിഷയമാണ്. ഈ വര്‍ഗബോധം ചെറുപ്പം വിട്ടുപോയ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് തോന്നാത്തതെന്തെന്ന് ചെറുപ്പം തീരെയില്ലാത്ത സുഭാഷിണി ചോദിക്കാതെ ചോദിക്കുകയാണ്. ആയതിനാല്‍ ഈ പ്രശ്നത്തിലെ വര്‍ഗപരമായ കാഴ്ചപ്പാടിന്റെ അടിസ്ഥാന ശിലകള്‍ ആരും തന്നെ ഇളക്കിമാറ്റാന്‍ പാടില്ല. കാരണം ഇന്ന് സമൂഹം ദുര്‍ബലരെ ഉയര്‍ത്തിക്കൊണ്ടുവരികയാണ്.
അത്തരക്കാര്‍ക്കുള്ള ബജറ്റ് ഹോട്ടലുകള്‍ തുടങ്ങുന്നതു സംബന്ധിച്ച് അടുത്ത പാര്‍ട്ടികോണ്‍ഗ്രസ്സില്‍ ചൂടേറിയ ചര്‍ച്ച നടക്കും. അതുവരെ ഒന്നടങ്ങിയിരിക്ക് രാഹുല്‍ പശുപാലാ എന്നത്രേ സുഭാഷിണീ ചരിതം ആട്ടക്കഥയുടെ മര്‍മ്മം. ഇനി ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഒരു കുളു കൂടി അലിച്ചേച്ചി തരുന്നു. പണ്ട് ലൗജിഹാദ് എന്നൊരു ഒടിവിദ്യയെക്കുറിച്ച് മൗലികവാദികള്‍ പരസ്യ അഭിപ്രായം നടത്തിയത്രെ. അതിന്റെ പ്രതിക്രിയാവാദ ഫലമാണിപ്പോഴത്തെ ഉമ്മ വിവാദം. ആയതിനാല്‍ നോക്കിയും കണ്ടും അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് എല്ലാ കാലികവട്ടം വായനക്കാര്‍ക്കും മുന്നറിയിപ്പ് തരുന്നു.
നാഥുറാം ഗോദ്സെ രണ്ടു വെടിയുണ്ടകൊണ്ട് സഹനത്തിന്റെ സമരാവേശത്തെ നിശ്ശബ്ദമാക്കിയെങ്കില്‍ മ്ലേച്ഛസാഹിത്യം കൊണ്ട് ഒട്ടേറെപ്പേര്‍ നിരന്തരം മഹാത്മാഗാന്ധിയുടെ ഓര്‍മകളെ ഗളഹസ്തം ചെയ്യുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ഡിസം. 27) ബി. രാജീവന് വക. ടിയാന്റെ ഇഷ്ടവിഷയമായ ചുംബനം എന്തുകൊണ്ട് സമരരൂപമാകുന്നു? എന്ന ലേഖനത്തിന്റെ അവസാന ഭാഗത്തേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു: ഗാന്ധിയെ അടുത്തറിഞ്ഞ ആളും ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന വി. കല്യാണം ഈയിടെ പറയുകയുണ്ടായി, മഹാത്മജി ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ഇന്ത്യയില്‍ നിശ്ചയമായും ഒരു പുതിയ വിപ്ലവം നയിക്കുമായിരുന്നു എന്ന്.
അതിനാല്‍ ജൈവരാഷ്ട്രീയത്തിന്റെ പ്രയോക്താവായ ഗാന്ധി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഈ ചുംബനസമരത്തെയും നയിക്കുമായിരുന്നു എന്ന് നമുക്ക് പറയാന്‍ കഴിയും. ബഹുവചനം ഉപയോഗിച്ച് ന്യായീകരിച്ചാല്‍ ശിക്ഷയില്‍ നിന്ന് ഇളവു കിട്ടില്ലെന്ന് ഈ മഹിതാശയനോട് ഏതുവിധത്തിലാണ് പറയേണ്ടത് എന്ന് നിങ്ങള്‍ തീരുമാനിക്കുക; നന്ദി, നമസ്കാരം!
തൊട്ടുകൂട്ടാന്‍
ആരുമേകണ്ടീല, കണ്ടതീ ഞാന്‍ മാത്ര-
മാരു നേരിന് നേരു വിശ്വസിക്കും?
മണ്ണിലിപ്പോഴില്ല മാലാഖ; കുറ്റിരു-
ട്ടല്ലാതെയെങ്ങുമാകാശമില്ല.
പ്രഭാവര്‍മ്മ
കവിത: ഒറ്റച്ചിറകുള്ള മാലാഖ
കലാകൗമുദി (ഡിസം. 21)
പ്രതികരിക്കാൻ ഇവിടെ എഴുതുക: