കഴിഞ്ഞ ആഴ്ചയില്‍ ഒരു ദിവസം തൃശിവപേരൂരില്നിന്നുവന്ന ഒരു ഫോണ്സന്ദേശത്തില്നിന്ന് കുണ്ടഴിയൂരിലെ പഴയ സ്വയംസേവകന് പി.ടി.രാഘവന് അന്തരിച്ച വിവരം അറിയിച്ചു. ആരായിരുന്നു വിളിച്ചതെന്നു വ്യക്തമായില്ല.
ബിഎസ്എന്‍എല്‍ മൊബൈല്‍ സര്‍വീസുകള്‍ ഈയിടെയായി തീരെ വിശ്വസിക്കാന്‍ പറ്റാത്തവയാണല്ലൊ. പി.ടി.രാഘവനെ കുറിച്ച് ഒരുപാട് ഓര്‍മകള്‍ ഉയര്‍ന്നുവന്നു. അന്പത്തേഴുവര്ഷങ്ങള്ക്കുമുമ്പ് ഞാന്‍ ഗുരുവായൂരില്‍ പ്രചാരകനായി ചെന്നപ്പോള്‍ പരിചയപ്പെട്ട വിശിഷ്ടവ്യക്തിത്വങ്ങളില്പ്പെട്ട ആളായിരുന്നു പി.ടി.രാഘവന്.
കുണ്ടഴിയൂരിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള ആദ്യത്തെ യാത്രയും മറക്കാനാവില്ല. അന്നു പ്രവര്‍ത്തിച്ചിരുന്ന ശാഖകള്‍ പരിചയപ്പെടുത്താന്‍ പരമേശ്വര്‍ജിയാണ് കൊണ്ടുപോയത്. ഗുരുവായൂര്‍ ഏനമ്മാവ് ബസ്സില്‍ കയറിയുള്ള യാത്ര രസകരമായിരുന്നു. അന്ന് മലബാര്‍ ഭാഗത്ത് ബസ്സില്‍ ഓവര്ലോഡില്ല. കൃത്യമായും ഇരിക്കാവുന്നത്ര ആളുകളേയേ കയറ്റൂ. ചുരുങ്ങിയ ചാര്‍ജ് അഞ്ചണ(31 പൈസ)യാണ്.
തിരുക്കൊച്ചിയില്‍ അതു ഒരണ(ആറുപൈസ)ആയിരുന്നു. ചുരുങ്ങിയ ചാര്‍ജില്‍ എട്ടുമൈല്‍ യാത്ര ചെയ്യാമായിരുന്നു. (12.കി.മീ.). പുളിക്കല്‍ കടവ് റോഡ് എന്ന സ്ഥലത്തിറങ്ങി ആദ്യം പടിഞ്ഞാറോട്ട് നടന്നു. കുറെക്കഴിഞ്ഞ് തെക്കോട്ട് വെച്ചടിച്ചു. വഴിക്ക് തൊയക്കാവ് അങ്ങാടിയില്‍ ഒരു കപ്പ് ചായ കഴിച്ചു നടപ്പു തുടര്‍ന്നു. എട്ടാം വയസ്സില്‍ അഞ്ചു കി.മീ. നടന്നു. പള്ളിക്കൂടത്തില്‍ പോയി ശീലിച്ചതിനാല്‍ നടപ്പു പ്രശ്നമായിരുന്നില്ല.
പരമേശ്വര്‍ജിയും ചാരമംഗലം മുതല്‍ ചേര്‍ത്തലവരെ നടന്നായിരുന്നു പള്ളിക്കൂടത്തില്‍ പോയത് എന്നുപറഞ്ഞു. ഏകദേശം ഒന്നരമണിക്കൂര്‍ യാത്രയ്ക്ക് ഒടുവില്‍ ഓലമേഞ്ഞ ഒരു ചെറുവീടിനു മുന്നിലെത്തി. കുറിയ ദൃഢഗാത്രനായ പി.ടി.രാഘവന് വഴിയില്‍ നിന്നിരുന്നു. ചാണകം മെഴുകി മനോഹരമായി മിനുക്കിയ തറയില്‍ പുല്പായയിലിരുന്നു. പരമേശ്വര്‍ജി എന്നെ പരിചയപ്പെടുത്തിയപ്പോള്‍ കുറേക്കൂടി പ്രായമുള്ള ആളെയാണ് പ്രതീക്ഷിച്ചതെന്നു മറുപടി. ഏതാനും ആഴ്ചകള്‍ക്കുമുമ്പു നടന്ന തെരഞ്ഞെടുപ്പുകാലത്തെ ചില പ്രശ്നങ്ങളുടെ പേരില്‍ അവിടെ ശാഖാ പ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നുനിന്ന ഏതാനും സ്വയംസേവകരും അവരുടെ മുതിര്‍ന്നവരുമായി സംസാരിക്കാന്‍ പരമേശ്വര്‍ജി പോയപ്പോള്‍ ഒപ്പം കൂടി. അവര്‍ക്ക് സംഘത്തോട് എന്തെങ്കിലും ഭിന്നതയുണ്ടായിരുന്നില്ല.
തെരഞ്ഞെടുപ്പു ചൂടില്‍ ചാവക്കാട്ടെ ചില പ്രമുഖ സംഘാനുഭാവികളുമായുണ്ടായ തര്‍ക്കമായിരുന്നു പ്രശ്നം. ഇരുകൂട്ടരും തുടര്‍ന്നു ശാഖാപ്രവര്‍ത്തനങ്ങളില്‍ വൈമുഖ്യം കാട്ടി. ആ സമയത്ത് അചഞ്ചലനായി നിന്നത് രാഘവനും വേലായുധന്, കൃഷ്ണന്‍കുട്ടി, വാസു തുടങ്ങിയവരുമായിരുന്നു.
ശാഖകള്‍ വളരെ നല്ലനിലയില്‍ തന്നെ പുരോഗമിച്ചു. മൂന്നുമാസത്തിനകം വരാനിരിക്കുന്ന സംഘശിക്ഷാവര്‍ഗിലേക്ക് ഒരാളെ അയയ്ക്കുന്ന കാര്യവും പരമേശ്വര്‍ജിയുടെ സാന്നിദ്ധ്യത്തില്‍ തീരുമാനമായി. കൃഷ്ണന്‍കുട്ടിയെന്ന ആ ചെറുപ്പക്കാരനും രാഘവനുമാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ ആ ഭാഗത്തെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുനയിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം പരമേശ്വര്‍ജിയും ഞാനുമൊത്ത് ദല്‍ഹിയില്‍ ജനസംഘ പരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടെ, സൈനികവേഷത്തില്‍ അതേ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തിരുന്ന കൃഷ്ണന്‍കുട്ടി വന്നു കുശലങ്ങള്‍ പറഞ്ഞു.
പി.ടി.രാഘവന് ഗുരുവായൂര്‍ കാലത്തു എനിക്ക് രക്ഷിതാവിനെപ്പോലെ ആയിരുന്നു. കുണ്ടഴിയൂര്‍, ഏനാമ്മാവ്, വെങ്കിടങ്ങ് മുതലായ സ്ഥലങ്ങളിലെ പല പ്രമുഖരുമായി പരിചയപ്പെടുത്താന്‍ കൊണ്ടുപോയിരുന്നു. അതിനിടെ ഒരു പഴയ സ്വയംസേവകന് മഞ്ഞളാവില്‍ ഗോപിയുടെ ഒരു കാര്‍ഡ് ലഭിച്ചതനുസരിച്ച് അദ്ദേഹത്തെ കാണാന്‍ രാഘവന്റെ സഹായമഭ്യര്‍ത്ഥിച്ചു. ആ വീട് ഏറെ ദൂരം പുഴയിലൂടെ പോയി അക്കരെയാണ് എന്ന് പറഞ്ഞുകൊണ്ടു ശാഖ കഴിഞ്ഞ് സന്ധ്യക്കുശേഷം തോണിയില്‍ പുറപ്പെട്ടു.
ഏകദേശം ഒരു മണിക്കൂര്‍ കൊണ്ടാണവിടെ എത്തിയത്. പുഴയില്‍നിന്ന് വീടിന്റെ മുറ്റം വരെ തോണി എത്താവുന്ന തോട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗംഭീരമായ എട്ടുകെട്ടും പൂമുഖവും മറ്റുമുള്ള കൊട്ടാരക്കെട്ടുതന്നെയായിരുന്നു അത്. അവിടെ ഒറ്റയ്ക്കാണ് അദ്ദേഹം താമസം. വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് കൃഷ്ണശര്മാജിയുമായുള്ള ബന്ധത്തില്‍ സംഘശിക്ഷാവര്‍ഗില്‍ പരിശീലനം നേടി. ചേറ്റുവായില്‍ കോട്ട കെട്ടാന്‍ ഫ്രഞ്ചുകാര്‍ക്ക് സ്ഥലം നല്‍കിയത് ആ കുടുംബമായിരുന്നുവത്രേ. ആ ഭവനം ഇന്നു നിലനില്‍ക്കുന്നുണ്ടോ ആവോ?
മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം എഴുന്നള്ളിപ്പ് മുസ്ലിങ്ങള്‍ തടയുമെന്ന ഭീഷണിയുയര്‍ന്നപ്പോള്‍ അതിനെതിരായ ജനകീയ പ്രക്ഷോഭം നടത്താന്‍ അവിടുത്തെ മുഴുവന്‍ ഹിന്ദുക്കളും മുന്നോട്ടുവന്നുവല്ലൊ. പ്രശ്നത്തിന്റെ തുടക്കത്തില്‍ തന്നെ തുരങ്കം വെക്കാന്‍ കമ്മ്യൂണിസ്റ്റുകാരുടെ നീക്കങ്ങളുണ്ടായി. കമ്മ്യൂണിസ്റ്റ് ഭരണം സ്ഥലത്തു നിരോധനാജ്ഞ നടപ്പാക്കി. തുടര്‍ന്ന് ക്ഷേത്രപരിസരത്ത് ചേര്‍ന്ന പ്രതിഷേധയോഗം വിജയിപ്പിക്കാനായി നല്ലൊരു സംഘം ആള്‍ക്കാരുമായി രാഘവന് വന്നു. ഗുരുവായൂരില്‍ സംഘത്തിന്റെ ഏറ്റവും പ്രധാന വ്യക്തി ബാരിസ്റ്റര്‍ എന്‍.എന്‍.മേനോനായിരുന്നു. ബാരിസ്റ്റര്‍ മണത്തല സമരത്തിലും മറ്റും മുന്‍പന്തിയില്‍ നിന്നു. ശ്രീഗുരുജിയടക്കം മിക്ക സംഘാധികാരിമാര്‍ക്കും അദ്ദേഹം ആതിഥേയനായി. ജനസംഘത്തിന്റെ ആദ്യ സംസ്ഥാനാധ്യക്ഷനും അദ്ദേഹമായിരുന്നു. പി.ടി.രാഘവന് ബാരിസ്റ്ററുടെ വിശ്വസ്തനായിരുന്നു.
ഞാന്‍ ഗുരുവായൂര്‍ വിട്ടശേഷം രാഘവന് കത്തുകളിലൂടെ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ ഇരിട്ടിക്കു സമീപം കീഴൂരില്‍ കൊല്ലത്തുകാരുടെ കശുവണ്ടി സംഭരണ കേന്ദ്രത്തിനടുത്തുകൂടെ പോകുമ്പോള്‍ പി.ടി.രാഘവന് മുന്നില്‍ വന്നുനില്ക്കുന്നു. അവിടുത്തെ ചുമതല രാഘവനാണ്. സംഭരിച്ച കശുവണ്ടി ലോറികളിലാക്കി കൊല്ലത്തേക്കയക്കണം. പഴയ വിശേഷങ്ങള്‍ കൈമാറി. ബാരിസ്റ്ററുടെ മകളെ വിവാഹം കഴിച്ചതും മകന് വിവാഹം കഴിച്ചതും കൊല്ലത്തെ ഭരതന് പിള്ളയുടെ കുടുംബത്തിലേക്കാണെന്നും ആ പരിചയം കൊണ്ടാണിവിടെ എത്തിയതെന്നുമറിഞ്ഞു സീസണ് കഴിഞ്ഞാല്‍ നാട്ടിലേക്കു മടങ്ങുമെന്നുമറിഞ്ഞു.
പിന്നീട് അദ്ദേഹത്തെക്കുറിച്ച് അധികമൊന്നും കേട്ടിട്ടില്ല. എന്റെ ഗുരുവായൂര്‍ യാത്രയും വിരളമായി. അവിടെ ഒരു കല്യാണമണ്ഡപത്തിന്റെ നടത്തിപ്പുമായി കഴിയുന്നുണ്ടെന്നറിഞ്ഞിരുന്നു. കാണാന്‍ ആഗ്രഹിച്ചു ചെന്നപ്പോള്‍ അവിടെനിന്ന് നാട്ടില്പോയതാണെന്ന് മനസ്സിലായി. ഒട്ടേറെ സ്മരണകള്‍ അവശേഷിപ്പിച്ച് പി.ടി.രാഘവന് വിസ്മൃതിയിലായി. ആദ്യകാലങ്ങളില്‍ ഒരു കുഗ്രാമത്തില്‍ സംഘത്തിന്റെ അടിത്തറ സുഭദ്രമാക്കിയ തികഞ്ഞ സാധാരണക്കാരനും അനഭ്യസ്തവിദ്യനുമായിരുന്ന രാഘവന്റെ വിയോഗം അറിയിക്കാന്‍ സൗമനസ്യം കാട്ടിയ ആ സ്വയംസേവകനും നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: