എല്ലാവര്ക്കും എന്റെ പുതുവര്‍ഷാശംസകള്‍. ഈ പുതുവര്‍ഷം നിങ്ങള്‍ക്കെല്ലാം ക്ഷേമൈശ്വര്യങ്ങള്‍ നല്കട്ടെ. ഗുഡീ പഡ്വാ (നവവര്‍ഷം) എവിടെയൊക്കെ ഭാരതീയരുണ്ടോ, ഭാരതമുണ്ടോ അവിടെയെല്ലാം ഏതെങ്കിലും വിധത്തില്‍ ആഘോഷിക്കുന്നു. ഞാന്‍ അടുത്തിടെ കംബോഡിയയിലായിരുന്നു. പണ്ട് അത് കംബോജം ആയിരുന്നു. 10-11 നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ച അംബരചുംബികളായ വിസ്മയകരമായ ക്ഷേത്രങ്ങള്‍ നിറഞ്ഞതായിരുന്നു അവിടം അന്ന്.
ഹിന്ദുരാജാക്കന്മാര് ഭരിച്ച ഹിന്ദുപ്രദേശങ്ങള് ഉണ്ടായിരുന്നു. അവിടെ ഇതരമതസ്ഥരായ പൗരന്മാരും ഉണ്ടായിരുന്നു. പക്ഷേ എല്ലാവര്ക്കും നീതി ലഭിച്ചിരുന്നു. ചിലപ്പോഴെല്ലാം ഈ രാജാക്കന്മാര് തമ്മില്‍ പോരടിച്ചു. പരാജയവും വിജയവും മാറി മാറി സംഭവിച്ചു. എന്നാല്‍ ആ നൂറ്റാണ്ടുകളിലൊന്നും ഒരു ഹിന്ദുഭരണാധികാരിയും ഒരു ക്ഷേത്രമോ വിഗ്രഹമോ തച്ചുതകര്‍ത്തതിന്റെ ചരിത്രം ഇല്ല.
വിജയിച്ച രാജാക്കന്മാര് പുതിയ ക്ഷേത്രങ്ങള്‍ പണിതു. ഒരിക്കല്‍ വിഷ്ണുവിനെ ആരാധിച്ചിരുന്നിടത്ത് ശിവനെ അല്ലെങ്കില്‍ പില്ക്കാലത്ത് മറ്റ് ദൈവങ്ങളെ ആരാധിച്ചുപോന്നു. ഒരിക്കലും ഒരു രാജാവ് ഒരു ക്ഷേത്രം അല്ലെങ്കില്‍ വിഗ്രഹം തകര്‍ക്കുന്ന സംഭവം ഉണ്ടായിട്ടില്ല.
ഇതാണ് നമ്മുടെ സംസ്കാരം. എല്ലാ വിശ്വാസങ്ങളെയും തുല്യമായി പരാമര്‍ശിക്കുന്നതാണ് നമ്മുടെ ദര്‍ശനം. എന്നിട്ടും മതേതരത്വം ഭീഷണിയിലാണെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നു. ഇങ്ങനെ കുറ്റപ്പെടുത്താന്‍ ഇവര്‍ ആരാണ്? മുസ്ലിങ്ങള്‍ ഇവിടെവരും മുമ്പുതന്നെ, ക്രിസ്ത്യാനികള്‍ ഇവിടെ കാല്കുത്തും മുമ്പുതന്നെ ഭാരതം മതേതരമാണ്. അവര്‍ വന്നശേഷമാണ് ഭാരതം മതേതരമായതെന്ന് കരുതുന്നത് ശരിയല്ല.
അവര്‍ വന്നത് അവരുടെ ആരാധനാ വിശ്വാസങ്ങളുമായിട്ടാണ്. എങ്കിലും അവര്‍ക്കും മാന്യവും ബഹുമതിയും നല്കി സ്ഥാനം കൊടുത്തു. അവരുടെ വിശ്വാസപ്രമാണങ്ങള്‍ക്കനുസരിച്ച് ഈശ്വരനെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം നല്കി. അവരെ ബലംപ്രയോഗിച്ച് മതപരിവര്‍ത്തനം നടത്താന്‍ ആരും ശ്രമിച്ചില്ല, കാരണം അത് നമ്മുടെ മതസമ്പ്രദായമായിരുന്നില്ല; നമ്മുടെ സംസ്കാരമായിരുന്നില്ല. അതുകൊണ്ട് പ്രയോജനമുണ്ടെന്നും കരുതിയിരുന്നില്ല.
ഇന്ന് നൂറുകോടി ജനത അവരുടെ സംസ്കാരത്തില്‍ അധിഷ്ഠിതമായി സ്വന്തം ഭാവി സൃഷ്ടിക്കുന്നതില്‍ വ്യാപൃതരായിരിക്കുന്നു. ചിലപ്പോള്‍ നിസ്സാരസംഭവങ്ങള്‍ അവിടെയും ഇവിടെയുമൊക്കെ ഉണ്ടാകുന്നു. ചിലപ്പോള്‍ അവ വലുതായി വളരുന്നു. എന്നാല്‍ ഇവയുടെ അടിവേരു തേടിപ്പോയാല്‍ നിങ്ങള്‍ക്ക് അസഹിഷ്ണുതയുടെ ഭീമമായ വളര്‍ച്ചയാണ് കാരണമെന്ന് തിരിച്ചറിയാനാകും.
ഗുജറാത്തില്‍ എന്താണ് സംഭവിച്ചത്? സബര്‍മതി എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന നിരപരാധികളെ ചുട്ടുകൊന്ന സംഭവത്തിനുള്ള ഗൂഢാലോചന സംഭവിച്ചില്ലായിരുന്നെങ്കില്‍ തുടര്‍ന്ന് ഗുജറാത്തില്‍ ഉണ്ടായ ദുരന്തം ഒഴിവാക്കപ്പെടുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ജനങ്ങളെ ജീവനോടെ കത്തിച്ചു. ആരാണ് ഉത്തരവാദികള്‍? സര്‍ക്കാര്‍ ഇത് അന്വേഷിക്കുകയാണ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ എല്ലാ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. എന്നാല്‍ ഗുജറാത്തിലെ ദുരന്തം എങ്ങനെയാണ് തുടങ്ങിയതെന്ന് ആലോചിക്കേണ്ടതുണ്ട്. തുടര്‍സംഭവങ്ങള്‍ അപലപിക്കപ്പെടേണ്ടതാണ്. പക്ഷേ ആരാണ് തീകൊളുത്തിയത്? എങ്ങനെയാണ് അത് വ്യാപിച്ചത്.
നമ്മുടേത് ബഹുമത രാഷ്ട്രമാണ്, ബഹുഭാഷാ രാഷ്ട്രമാണ്, നമുക്ക് വിവിധ തരത്തിലുള്ള ആരാധനാ സമ്പ്രദായങ്ങളുണ്ട്. നമ്മള് സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്നു. എല്ലാ വിശ്വാസങ്ങള്‍ക്കും തുല്യ ബഹുമാനം നല്കുന്നതില് നാം വിശ്വസിക്കുന്നു. അതിനാല്‍ ഭാരതത്തിന്റെ മതേതരത്വത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ല.
എന്റെ സര്‍ക്കാരിനെ അട്ടിമറിക്കില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നിശ്ചയിച്ചതായി ഏതോ പത്രത്തില്‍ ഞാന്‍ വായിച്ചു. ഇതിന് ഞാനവരോട് നന്ദി പറയണമോ? അതോ. ”കിട്ടാത്ത മുന്തിരി പുളിക്കും” എന്ന് പറയണോ? സര്‍ക്കാര്‍ എങ്ങനെ വീഴുമെന്നാണ്? ഒരിക്കല്‍ അവര്‍ വീഴ്ത്തി, പക്ഷേ പകരം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവര്‍ക്കായില്ല. അങ്ങനെ പുതിയ തെരഞ്ഞെടുപ്പുവന്നു. ജനങ്ങള്‍ ഒരിക്കല്‍ കൂടി അവരെ സേവിക്കാന്‍ എനിക്ക് അവസരം നല്കി.
നമ്മെ സംബന്ധിച്ചിടത്തോളം ഗോവ മുതല്‍ ഗുവാഹതിവരെ ഒരേ മണ്ണാണ്, അവിടെ ജീവിക്കുന്ന ജനതയും ഒന്നാണ്. മതതീവ്രവാദത്തില്‍ നാം വിശ്വസിക്കുന്നില്ല. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം അവിടുത്തെ ഭരണത്തലവന്മാര് അല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ പരാതിപ്പെടാറുണ്ട്, ഇസ്ലാമിക ഭീകരത അവരുടെ വഴിയില്‍ മുള്ളുകള്‍ വിതയ്ക്കുന്നുവെന്ന്.
ഇസ്ലാമികതയ്ക്ക് രണ്ടുമുഖമുണ്ട്. ഒന്ന് മറ്റുള്ളവരെ പൊറുപ്പിക്കുന്ന, അന്ധവിശ്വാസികളെ സത്യത്തിന്റെ പാത പിന്തുടരാന് പഠിപ്പിക്കുന്ന, അനുതാപവും അവബോധവും അനുഷ്ഠിക്കുന്നത്. എന്നാല്‍, അടുത്തകാലത്ത് ഇസ്ലാമിന്റെ പേരിലുള്ള സംഘടിത ആക്രമണോത്സുകത, സഹിഷ്ണുതയ്ക്ക് സ്ഥാനമില്ലാതാക്കിയിരിക്കുന്നു. ജിഹാദിന്റെ മുദ്രാവാക്യം അത് ഉയര്‍ത്തുന്നു. ലോകം മുഴുവന്‍ അതിന്റെ ഇച്ഛയ്ക്കനുസരിച്ച് പുനഃസൃഷ്ടിക്കാമെന്ന് അത് സ്വപ്നം കാണുന്നു.
ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അതിശയം തോന്നും. തീര്‍ച്ചയായും ഞാനും ആശ്ചര്യപ്പെട്ടു. അല്‍ഖ്വയ്ദ ഭീകരരില്‍ ചിലര്‍ സിംഗപ്പൂരില്‍ അറസ്റ്റിലായി.
സിംഗപ്പൂരിന്റെ ഭരണാധികാരികള്‍ക്ക് അല്‍ഖ്വയ്ദ ആ രാജ്യത്ത് സക്രിയമാണെന്ന് സങ്കല്‍പ്പിക്കാന്‍പോലും കഴിയില്ലായിരുന്നു; അല്‍ഖ്വയ്ദ സിംഗപ്പൂരില്‍ ഒരു ഗൂഢാസൂത്രണം നടത്തുമെന്നും. പത്തോ പതിനഞ്ചോ അല്‍ഖ്വയ്ദക്കാര്‍ പിടിയിലായി, അന്വേഷണം നടക്കുന്നു, അതിലൂടെ സത്യം പുറത്തുവരും. സമാനമായത് ഇന്തോനേഷ്യയിലും സംഭവിച്ചു. അതുതന്നെ മലേഷ്യയിലും. എവിടെയെല്ലാം അത്തരം മുസ്ലിങ്ങള്‍ ജീവിക്കുന്നുവോ, അവര്‍ മറ്റുള്ളവരുമായി സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നില്ല, മറ്റുള്ളവരുമായി ഇടപഴകുന്നില്ല, സ്വന്തം വിശ്വാസങ്ങള്‍ സമാധാനമാര്‍ഗത്തില്‍ പ്രചരിപ്പിക്കുന്നതിനുപകരം ഭീകരതയും ഭീഷണിയും ഉപയോഗിച്ച് അവരുടെ വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഈ അപകടത്തെക്കുറിച്ച് ലോകമാകെ ജാഗ്രത്തായിരിക്കുന്നു.
നമ്മെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കാല് നൂറ്റാണ്ടിലേറെയായി നമ്മള് ഭീകരതക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ആക്രമണങ്ങളിലൂടെ ജമ്മുകശ്മീര്‍ പിടിച്ചെടുക്കാന്‍ ഭീകരര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു; പക്ഷേ നമ്മള് അതിനെ പരാജയപ്പെടുത്തുന്നു. ജമ്മുകശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഭാഗമാണ്. അങ്ങനെതന്നെ തുടരുകയും ചെയ്യും. മറ്റൊരു രാജ്യത്തിന്റെയും സ്വപ്നം ഇക്കാര്യത്തില്‍ നടപ്പാകില്ല. ഭീകരതയെ വകവയ്ക്കാത്തതുവഴി എത്രവലിയ പിഴവാണ് അവര്‍ വരുത്തുന്നതെന്ന് ലോകത്ത് മറ്റു രാഷ്ട്രങ്ങളൊന്നും ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല. ഇപ്പോള്‍ അവരെല്ലാം ഉണര്ന്നെഴുന്നേല്ക്കാന് തുടങ്ങി; സ്വയം സംഘടിത സജ്ജരായി. ഇപ്പോള്‍ ഭീകരതക്കെതിരെ അന്താരാഷ്ട്ര സംഘടനാ സമൂഹമുണ്ടാക്കുകയാണ്.
നാം നമ്മുടെ സ്വന്തം ഉദാഹരണത്തിലൂടെ അവരോട് പറഞ്ഞു, നമ്മുടെ രാജ്യത്ത് ഹിന്ദുക്കളല്ലാത്ത ധാരാളം പേര് ജീവിക്കുന്നുണ്ടങ്കിലും അവരോടൊന്നും ഒരിക്കലും മതവിവേചനം കാട്ടിയിട്ടില്ലെന്ന്.
”നമ്മുടെ ആളുകളെന്നും” “”അന്യരെ”ന്നും ഒരു വേറുകൃത്യവും നമ്മള് ചെയ്തിട്ടില്ല. ആരാധനാ സമ്പ്രദായം വ്യത്യസ്തമായിരിക്കാം, പക്ഷേ ദൈവം ഒന്നാണ്. അദ്ദേഹത്തിലേക്കുള്ള വഴിയും അദ്ദേഹത്തെ പ്രാപിക്കുന്ന രീതിയും വ്യത്യസ്തമായിരിക്കാം. ഇക്കാര്യംകൊണ്ടാണ് ഭാരതത്തിന്റെ അഭിമാനം വളരുന്നതും വിശ്വാസ്യത ഉയര്‍ത്തുന്നതും.
മുസ്ലിങ്ങള്‍ വന്‍തോതില്‍ ജീവിക്കുന്ന ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. അവിടെയെല്ലാം മുസ്ലിങ്ങള്‍ ഭീകരതയെ ആശ്ലേഷിക്കുന്നതില്‍ ഭരണാധികാരികള്‍ ഏറെ ദുഃഖിതരാണ്. നമ്മള് അവരോട് നിര്‍ദ്ദേശിച്ചു- ജനങ്ങളെ യഥാര്‍ത്ഥ ഇസ്ലാമികത എന്താണെന്നു പഠിപ്പിക്കണമെന്ന്, മദ്രസകളില്‍ ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കണമെന്ന്, മറ്റു വിഷയങ്ങളും മദ്രസകളില്‍ പഠിപ്പിക്കണമെന്ന്. ഇസ്ലാമികതയും പഠിപ്പിക്കണം, എന്നാല്‍ സഹവര്‍ത്തിത്വത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കണം, വിശ്വാസത്തെ വാള്ക്കരുത്തുകൊണ്ട് മറ്റൊരാളില്‍ സ്വീകാര്യമാക്കാനാകില്ലെന്നും പഠിപ്പിക്കണമെന്ന്.
സഹോദരീസഹോദരന്മാരെ, നമ്മുടെ സര്‍ക്കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കി. നമ്മള് രാജ്യത്തിന്റെ മുഖച്ഛായ മാറ്റാന്‍ പരിശ്രമിച്ചു. ഭക്ഷ്യധാന്യത്തിന് അപര്യാപ്തതയുള്ള, ജനതയെ തീറ്റിപ്പോറ്റാന്‍ ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യം ഇന്ന് അന്യരാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്ത് അവിടുത്തെ ജനതയുടെ വയറുനിറയ്ക്കാന്‍ പര്യാപ്തമായി വളര്‍ന്നു, മണ്ണിനോട് മല്ലിടുന്ന കര്‍ഷകര്‍ക്ക് ഞാന്‍ നന്ദി പറയുന്നു.
നമുക്ക് വമ്പിച്ച വിദേശനാണ്യത്തിന്റെ കൂടുതല്‍ ശേഖരം ഉണ്ടായി. നമ്മുടെ യുവതീയുവാക്കള്‍ ആഗോളമത്സരരംഗത്ത് മികവ് പ്രകടിപ്പിക്കുന്നു. ആഗോള സാമ്പത്തികമാന്ദ്യത്തിലും ഭാരത സമ്പദ്രംഗം കുതിക്കുന്നു, പുരോഗതി പ്രാപിക്കുന്നു. ബജറ്റില്‍ നികുതികള്‍ പുതുക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് കുറച്ച് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്, പക്ഷേ മറുവശത്ത് നമ്മുടെ ജനതയുടെ ഒട്ടേറെ ആവശ്യങ്ങള്‍ സാധ്യമാക്കിക്കൊണ്ടിരിക്കുന്നു. മുമ്പ് ഏറ്റെടുക്കാത്ത പല പദ്ധതികളും നമ്മള് നടപ്പിലാക്കുന്നു. ഗതാഗത തടസ്സങ്ങളില്ലാത്ത, ലോകനിലവാരമുള്ള വടക്കും തെക്കും കിഴക്കും പടിഞ്ഞാറും തമ്മില്‍ ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയുണ്ടാക്കുന്നു. 13,000 കി.മീ. നീളത്തില്‍ ഈ റോഡു പണി തുടങ്ങിക്കഴിഞ്ഞു. 60,000 കോടി രൂപ ഇതിനു ചെലവിടും. രാജ്യമെമ്പാടും തമ്മില്‍ ബന്ധിപ്പിക്കുന്ന മികച്ച റോഡ് ശൃംഖലയുണ്ടാക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: