അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ് ലോക്സഭയില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പ്രതിപക്ഷാംഗങ്ങളുടെ പ്രോത്സാഹനത്തിനിടയില്‍ മുലായം വാജ്പേയിയെ വ്യക്തിപരമായും ആക്രമിക്കാന്‍ മുതിര്‍ന്നു. പ്രധാനമന്ത്രി ഒന്നും അറിയുന്നില്ലെന്നും നിഷ്ക്രിയനാണെന്നും പറഞ്ഞപ്പോള്‍ അടല്‍ ബിഹാരി വാജ്പേയി എഴുന്നേറ്റു.
ഒറ്റവാക്യത്തില്‍ മുലായത്തിന്റെ ‘കഥ കഴിച്ചു’-”താങ്കള്‍ മുലായമാണ് (മാര്‍ദ്ദവമുള്ളത്), അതുകൊണ്ട് ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ എന്തും പറയും, ചെയ്യും; പക്ഷേ ഞാന്‍ അടല്‍ ആണ് (ഇളക്കമില്ലാത്തത് ദൃഢം) അതിനാല്‍ ഇതൊന്നും കേട്ടാല്‍ ഇളകില്ല.” സഭയുടെ കൂട്ടച്ചിരിക്കിടയില്‍ മുഴങ്ങിക്കേട്ടത് മുലായംസിങിന്റെയും സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജിയുടെയും പൊട്ടിച്ചിരിയാണ്.
അതെ, വാജ്പേയി ഒരേ സമയം അടല്‍ ആണ്, ഒപ്പം ബിഹാരിയും. എവിടെയും വിഹരിക്കുന്ന ബിഹാരി. അന്ന് ജനതാദള്‍ (യു) നേതാവ് നിതീഷ്കുമാര്‍ എന്‍ഡിഎയിലാണ്. ലോക്സഭയില്‍ ബീഹാറിന്റെ പേരില്‍ ലാലുപ്രസാദ് യാദവ് ചാമ്പ്യന്‍ കളിച്ച് ബഹളം കൂട്ടുമ്പോള്‍ ലാലുവിനെ ഇരുത്താന്‍ നിതീഷ് വാജ്പേയിയുടെ പേരാണുപയോഗിച്ചത്. ”താങ്കള്‍ ബീഹാറിയാണെന്നു പറയുന്നു, ഞങ്ങളും ബീഹാറികള്ക്കൊപ്പമാണ് പേരില്‍ പോലും ബീഹാറിയുള്ള അടല്‍ ബിഹാരിയാണ് ഞങ്ങളുടെ നേതാവ്,” ലാലുവിനെതിരേ നിതീഷ് നേടിയ മറ്റൊരു വിജയമായിരുന്നു അത്.
പിറ്റേന്ന് മാധ്യമങ്ങള്‍ അത് ആഘോഷിക്കുകയും ചെയ്തു. ദൃഢചിത്തനും അതേസമയം സര്‍വ്വരിലും ബിഹാരിയുമായി (കുട്ടിത്തമുള്ള ശ്രീകൃഷ്ണനും വേദാന്ത സ്വരൂപനായ ശ്രീകൃഷ്ണനും ബിഹാരിയെന്നാണ് ഹിന്ദി ഭക്തി സാഹിത്യം വിശേഷിപ്പിക്കുന്നത്) രമിക്കാന്‍ കഴിയുന്നതുതന്നെയാണ് വാജ്പേയിയുടെ നേട്ടം.
വാജ്പേയിയും രാഹുല്‍ഗാന്ധിയും ഒരേ സമയം പാര്‍ലമെന്റംഗങ്ങളായിരുന്നു, 2004-ല്‍. പിന്ബഞ്ചില്, ചോദ്യോത്തര വേളയില്‍, അശ്രദ്ധനായി ചിത്രം വരച്ച് കളിച്ചുകൊണ്ടിരുന്ന രാഹുലിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് അടല്‍ജി ഒരിക്കല്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിംഗില്‍ പറഞ്ഞു, നമ്മുടെ നാടിന്റെ സ്പന്ദനം നേരിട്ട് അറിയാന്‍ കഴിയുന്ന അവസരമാണ് പാര്‍ലമെന്റിലെ ചോദ്യോത്തര വേള. അത് ശ്രദ്ധാപൂര്‍വം കേട്ടിരിക്കണം. എംപിമാര്‍ നിര്‍ബന്ധമായും അതില്‍ പങ്കെടുക്കണം. ഒരു കാരണവശാലും ചോദ്യോത്തരവേള സഭയില്‍ തടസ്സപ്പെടുത്തരുത്. അധികാരത്തില്‍നിന്ന് പെട്ടെന്ന് പ്രതിപക്ഷത്തേക്ക് ഇരിക്കേണ്ടിവന്ന ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ അക്കാലത്ത് ഏറെ അഗ്രസീവായിരുന്നു.
സഭ സ്തംഭിക്കല്‍ പതിവായിരുന്നു. എംപിയായിരുന്ന കാലം മുഴുവന്‍, ദല്ഹിയിലുണ്ടെങ്കില് അടല്‍ജി ചോദ്യോത്തര വേളയിലെത്തുമായിരുന്നു. അഥവാ റെക്കോഡു ചെയ്ത ദൃശ്യങ്ങള്‍ പിന്നീട് കാണുമായിരുന്നു. അങ്ങനെ ആര്‍ജിച്ചെടുത്ത രാഷ്ട്രത്തെക്കുറിച്ച് ധാരണയാണ്, ലോകത്തെക്കുറിച്ചുള്ള വിജ്ഞാനമാണ് അദ്ദേഹത്തെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മികച്ച രാഷ്ട്രതന്ത്രജ്ഞനാക്കിയത്. ആദര്‍ശരാഷ്ട്രീയത്തിന്റെയും പ്രായോഗികരാഷ്ട്രീയത്തിന്റെയും കാര്യത്തില്‍ വാജ്പേയി ലോകത്തിന്റെ രത്നമാണ്.
ഭാരതം ലോകത്തിനു നല്കിയ രത്നം. വാജ്പേയിക്ക് രാഹുല്‍ഗാന്ധിയുടെ സമ്മതപത്രം അലങ്കാരമൊന്നുമല്ലെങ്കിലും പ്രധാനമന്ത്രി അടല്‍ജിയുടെ ഭരണകാലത്തെ പതിറ്റാണ്ടുകള്ക്കുശേഷമെങ്കിലും, അംഗീകരിക്കുന്നുവെന്ന് പരസ്യമായി രാഹുലും പറയുമ്പോള്‍ തെളിയുന്നത് അടല്പ്രഭാവമാണല്ലൊ.
ടൈം മാഗസിന് ഈ വര്‍ഷത്തെ വ്യക്തിയെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍നിന്ന് നരേന്ദ്രമോദിയെ ഒഴിവാക്കാന്‍ വഴി കണ്ടെത്തുകയായിരുന്നു ആദ്യത്തെ കടമ്പ. പക്ഷേ, മോദിയെ വര്‍ഷത്തിലെ വ്യക്തിയായി ലോകം തന്നെ നെഞ്ചേറ്റിക്കഴിഞ്ഞുവെന്നതാണ് സത്യം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അടല്‍ബിഹാരി വാജ്പേയിക്ക് സമ്മാനിക്കപ്പെടാതെപോയതിനു പിന്നിലും ഇങ്ങനെ ചില ഗൂഢനീക്കങ്ങള്‍ ഉണ്ടായതായി പറയപ്പെടുന്നുണ്ട്.
സമവായത്തിന്റെ രാഷ്ട്രീയവും സമാധാനത്തിനെ നയതന്ത്രവും സമന്വയത്തിന്റെ ഭരണസാമര്‍ത്ഥ്യവും പ്രകടിപ്പിച്ച ഭാരതപ്രധാനമന്ത്രി നൊബേല്‍ പരിഗണനയില്‍ വന്നതും പിന്നീട് അത് കപ്പിനും ചുണ്ടിനും ഇടയില്‍ എന്നപോലെ സംഭവിക്കാതെ പോയതും എന്നെങ്കിലും ഒരുകാലത്ത് നൊബേല്‍ കമ്മറ്റികളുടെ ‘യഥാര്‍ത്ഥ സത്യം’ പുറത്തുവരുമ്പോള്‍ അറിയാനായേക്കും. വാഗാ അതിര്‍ത്തിവഴി പാക്കിസ്ഥാനിലേക്ക് സമാധാന സന്ദേശത്തിന്റെ വണ്ടി ഉരുണ്ടപ്പോള്‍ അത് ചുണ്ടിനടുത്തെത്തി.
പക്ഷേ പെട്ടെന്ന് അത് കാര്‍ഗില്‍ യുദ്ധമായി പരിണമിച്ചപ്പോള്‍ അതിനിടക്ക് സംഭവിച്ചതാണ് അറിയപ്പെടാത്ത ചരിത്രം. അത് കാലം തെളിയിച്ചേക്കാം. കാര്‍ഗിലിലും താന്‍ അടല്‍ തന്നെയെന്ന് വാജ്പേയി തെളിയിച്ചു. ഇനിയും മുന്നോട്ടു പോയി പാക്മണ്ണില്‍ കടന്നു കയറാന്‍ തയ്യാറായിനിന്ന ഭാരത സൈനികരെ, ”മതി, അതിനപ്പുറം പോകേണ്ടെ”ന്ന് അതിര്ത്തിവരച്ചതും അദ്ദേഹത്തിന്റെ അടല്സ്വഭാവം കൊണ്ടുതന്നെ.
ഇരുപത്തിമൂന്ന് കക്ഷികളെ ഒപ്പം നിര്‍ത്തി, അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച്, അവ രാഷ്ട്ര താല്പ്പര്യങ്ങള്ക്കുപരിയാകാതെ നോക്കി, രാഷ്ട്രീയവും ഭരണവും നടത്തിയ, സമവായത്തിന്റെ മന്ത്രം ആഭ്യന്തരകാര്യങ്ങളിലും തന്ത്രം വിദേശനയ കാര്യങ്ങളിലും പ്രയോഗിച്ച, രാജ്യത്ത് ഒരു ഭരണസംവിധാനം എങ്ങനെയൊക്കെ ജനക്ഷേമത്തിനുപയോഗിക്കാമെന്ന് വഴികാട്ടിയ പ്രധാനമന്ത്രിയായിരുന്നു അടല്‍ബിഹാരി. വിദേശരാജ്യങ്ങളോട് ചേരിചേരാ നയമല്ല ചേരിചേര്ക്കുന്ന നയമാണ് ഭാരതത്തിനുവേണ്ടതെന്ന് വാജ്പേയി കാട്ടിത്തന്നു. പരാശ്രയശീലത്തില്നിന്ന് സ്വാശ്രയത്തിലേക്കുള്ള മാര്‍ഗ്ഗത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക ശാസ്ത്രമേഖലയെ നയിച്ചു.
ആഗോളീകരണവും ഉദാരവല്ക്കരണവും അനിവാര്യമായ ഘട്ടത്തില്‍ ഉണ്ട്, എന്നാല്‍ ഇല്ല എന്ന അവസ്ഥയില്‍നിന്ന് അതിന്റെ ഗുണഫലം രാജ്യത്തിന് അനുഭവിപ്പിക്കാന്‍ അദ്ദേഹത്തിനായി. വീട്ടില്‍ കരുതല്‍ ഉണ്ടെങ്കിലും നാട്ടില്‍ തെണ്ടിനടക്കുന്ന സാമ്പത്തിക നയം മാറ്റി, അണുപരീക്ഷണത്തിനു സന്നദ്ധനായി. പൊഖ്റാനില്നിന്നുള്ള ആ ശബ്ദം ശ്രവിച്ചാണ് ഭാരതത്തെ ലോകം യഥാര്‍ത്ഥത്തില്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഉല്‍പ്പാദനമേഖലയില്‍ വമ്പിച്ച കുതിപ്പും വിദേശ കടം തീര്‍ക്കുന്നതിലെ മികച്ച വിജയവും ഉള്‍പ്പെടെ എത്രയെത്ര നിര്‍ണായക തീരുമാനങ്ങള്‍. പക്ഷേ, അടുത്ത പൊതുതെരഞ്ഞെടുപ്പില്‍, 2004 ല്‍, ഒരിക്കല്‍ കൂടി ഭരിക്കാന്‍ വാജ്പേയിക്ക് അവസരം കിട്ടാതെ പോയത് എന്തുകൊണ്ടാണ്.
തികച്ചും അപ്രതീക്ഷിതമായി, ആ പാര്‍ട്ടിയുടെ അണികള്‍ക്കുപോലും വിശ്വസിക്കാനാവാത്തവിധം, കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് എങ്ങനെയാണ്. അതിനുപിന്നില്‍ നടന്ന അന്താരാഷ്ട്രീയമായ ചരടുവലികള്‍ എന്തൊക്കെയായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ (2004-14) യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തെ ചിലനടപടികളും സംഭവങ്ങളും അതിനുള്ള സൂചനയാണ്. അതുസംബന്ധിച്ചും വൈകാതെ ചരിത്രം സംസാരിക്കുമെന്നുറപ്പ്.
അടല്‍ജി ജനമനസ്സിലുണ്ട്. നിഷ്ക്കളങ്കനായി ചിരിക്കുന്ന കൂട്ടുകാരനായി കുട്ടികളില്‍. നിശ്ചയദാര്‍ഢ്യത്തോടെ കാഴ്ചയും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന പ്രസംഗകനായി ചെറുപ്പക്കാരില്‍. നിദര്ശനങ്ങളും നിര്‍ദ്ദേശങ്ങളും നല്കുന്ന മാര്‍ഗദര്‍ശിയായി സഹപ്രവര്‍ത്തകരില്‍. ഹൃദ്യവും നൂതനവുമായ ആശയവും ഭാവനയും അവതരിപ്പിക്കുന്ന കവിയായി എഴുത്തുകാരില്‍.
നയവും തന്ത്രവും കിറുകൃത്യമായി കാട്ടിത്തരുന്ന രാഷ്ട്രതന്ത്രജ്ഞനായി നയരൂപീകര്‍ത്താക്കളില്‍. എന്നെക്കുറിച്ചും കരുതുന്ന സംരക്ഷകനെന്ന നിലയില്‍ വീട്ടമ്മമാരില്‍. മാന്യനും സമര്‍ത്ഥനുമായ ഭരണാധിപനായി വിവിധ രാഷ്ട്രത്തലവന്മാരില്, രാഷ്ട്രതന്ത്രജ്ഞരില്‍. ഏറ്റവും മികച്ച ഭരണാധികാരിയായി ഭാരതജനഹൃദയങ്ങളില്.
സൂക്ഷ്മമായി വിലയിരുത്തിയാല്‍, അടല്‍ ബിഹാരി വാജ്പേയിയുടെ അതേവഴിയിലല്ലെ നരേന്ദ്രമോദിയും. തര്‍ക്കമില്ല. ഒരേ ലക്ഷ്യത്തില്‍, മാര്‍ഗത്തില്‍. കാരണം രണ്ടുപേര്‍ക്കും കിട്ടിയത് ഒരേ ശിക്ഷണം. ഒരേ ഊര്‍ജ്ജം. ഇരുവരുടേയും പാഠം രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റേത്. അനുശീലനവും അനുഷ്ഠാനവും ഒന്നുതന്നെ.
ഒരേ മണ്ണില്‍ മുളച്ച് ഒരേ വാക്യവും വെളിച്ചവും ഏറ്റുവളര്ന്നവര്. എന്നാല്‍, നരേന്ദ്രമോദിക്ക് വാജ്പേയിക്കു ലഭിച്ചിരുന്നതിനേക്കാള്‍ രാഷ്ട്രീയാനുകൂല സാഹചര്യങ്ങള്‍ ഇന്ന് ഏറെയുണ്ട്. അതിന് വാജ്പേയി ഒരുക്കിയ വഴിത്താര സഹായകമായി. വാജ്പേയിക്കാകട്ടെ ലക്ഷാവധി ജീവിതങ്ങള്‍ വിയര്പ്പൊഴുക്കിയുണ്ടാക്കിയതായാണ് ആ പാത. അതുകൊണ്ടുതന്നെയാണ്, ഞാന്‍ സ്വയംസേവകനാണെന്ന് അടല്‍ബിഹാരി പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ ഒട്ടേറെ ശബ്ദങ്ങള്‍ അന്ന് ഉയര്‍ന്നതും, ഇന്ന് ഞാന്‍ സ്വയംസേവകന് എന്നുപറയുമ്പോള്‍ പ്രധാനമന്ത്രി മോദിക്ക് കൈയടികളും ആര്‍പ്പുവിളികളും കിട്ടുന്നതും.
ലോകത്തിന് നല്കാന് ഭാരതത്തിന് ഇനിയും രത്നങ്ങള്‍ ഏറെയുണ്ട്. കുമാരനാശാന് പാടിയതുപോലെ
”തേച്ചുമിനുക്കിയാല്‍ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകള്‍ ഭാരതാംബേ
താണുകിടക്കുന്ന നിന്‍കുക്ഷിയില്‍
ചാണ കാണാതെ ആറേഴുകോടിയിന്നും” സ്വയം മിനുക്കപ്പെടാനുള്ള അവസരങ്ങളാണിപ്പോള്‍ സംജാതമായിട്ടുള്ളത്. അതിലൂടെയാണ് മോദിമാര്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകം അംഗീകരിക്കുന്ന വാജ്പേയി, അദ്വാനി, ജോഷി, മോദി നിരയില്‍ അണിനിരക്കാന്‍ അനുയോജ്യരായി ആയിരങ്ങളുണ്ട്. അവരുടെ അണിയറ പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ നവഭാരതോത്ഥാനത്തിന്റെ പിന്‍ബലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: