പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പമ്പയില്‍ ആരംഭിക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ 22 ന് വൈകിട്ട് മൂന്നിന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും.
രാജു ഏബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. 20 സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചുകൊണ്ടാണ് ദുരന്ത നിവാരണ വിഭാഗത്തിനു കീഴില്‍ പമ്പയിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസിന് സമീപത്തായി എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ പ്രവര്‍ത്തിക്കുക.
അടിയന്തര സാഹചര്യം നേരിടുന്നതിന് അത്യാധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഈ കേന്ദ്രത്തില്‍ ഉണ്ടാകും. ഇന്റര്‍നെറ്റ്, വയര്‍ലെസ്, ടെലിഫാക്സ്, ഹാം റേഡിയോ, ഹോട്ട്ലൈന്‍ തുടങ്ങിയവയാണ്സൗകര്യങ്ങള്. എസ്.എം.എസ്, മോഡം എന്ന സംവിധാനം ഉപയോഗിച്ച് ഓരോ മണിക്കൂര്‍ ഇടവിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭ്യമാക്കും.
തീര്‍ഥാകരുടെ തിരക്ക് സംബന്ധിച്ച വിവരവും ഇത്തരത്തില്‍ കൈമാറും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ദുരന്ത നിവാരണ വിഭാഗത്തിന് പുറമേ പോലീസ്, ആരോഗ്യം, അഗ്നിശമന സേന, വനം, ദേവസ്വം, വാട്ടര്‍ അതോറിറ്റി, ജലസേചനം, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, എക്സൈസ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്, ബി.എസ്.എന്‍.എല്‍, കെ.എസ്.ആര്.ടി.സി, മോട്ടോര്‍ വാഹനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. പമ്പ, നിലയ്ക്കല്‍, ജില്ലാ കളക്ടറേറ്റ്, സംസ്ഥാന ദുരന്ത നിവാരണ സെല്‍ എന്നിവിടങ്ങളുമായി എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിനെ ബന്ധിപ്പിക്കും. സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് കീഴിയുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ മേല്‍നോട്ടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.
കഴിഞ്ഞ വര്‍ഷം മകരവിളക്ക് കാലത്ത് എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നു. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഫലപ്രദമാണെന്ന് മനസിലായതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ പ്രത്യേക നിര്‍ദേശാനുസരണമാണ് ഈ വര്‍ഷം നേരത്തെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അപകടം ഉണ്ടാകുന്നത് തടയാനും ദുരന്ത സാഹചര്യത്തില്‍ ഫലപ്രദമായി ഇടപെടാനും എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിന് സാധിക്കുമെന്നും ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്ന് ഐ.എല്‍.ഡി.എം ഡയറക്ടര്‍ ഡോ.കേശവ്മോഹന്‍ അറിയിച്ചു. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ ആഴ്ചയും അവലോകന യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: