ആലപ്പുഴ: സ്വന്തം തട്ടകമായ അരൂര്‍ ഏരിയ കമ്മറ്റിയില്‍ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിന് കാലിടറി. ലോക്സഭാ തെരഞ്ഞെടുപ്പിലും അരൂരിലാണ് ചന്ദ്രബാബുവിന് ഏറ്റവും കുറവ് വോട്ട് ലഭിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരിലും നേതാക്കളിലും ജില്ലാ സെക്രട്ടറിക്ക് സ്വാധീനം നഷ്ടപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണിത്. ജില്ലാ കമ്മറ്റിയിലും ഔദ്യോഗിക പക്ഷത്തിനാണ് ഭൂരിപക്ഷമെങ്കിലും ചന്ദ്രബാബുവിനെ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിന് ഏറ്റവും വോട്ട് കുറഞ്ഞത് സ്വന്തം നാട്ടില്‍ തന്നെയായിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പിനപ്പുറമുളള എതിര്‍പ്പാണ് ഇത് സൂചിപ്പിക്കുന്നത്. ഏറെ വിഭാഗീയ പ്രവര്‍ത്തനം നടക്കുന്ന അരൂര്‍ ഏരിയ കമ്മറ്റിയിലും പ്രതിഫലിച്ചത് ഇതു തന്നെയാണ്. സെക്രട്ടറിയോട് അനുഭാവം പുലര്‍ത്തുന്ന ഒരു വിഭാഗത്തെ പരാജയപ്പെടുത്തി സുധാകര പക്ഷം ഇവിടെ മേല്‍ക്കൈ നേടി. പി.കെ.സാബുവിനെയാണ് ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
പ്രതിനിധി തെരഞ്ഞെടുപ്പിന് മുമ്പ് എതിര്‍പക്ഷത്തുളള എഴുപതോളം പ്രതിനിധികള്‍ സമ്മേളന ഹാളില്‍ നിന്നും ഇറങ്ങിപ്പോയി എന്നതും രൂക്ഷമായ വിഭാഗീയത തന്നെയാണ് സൂചിപ്പിക്കുന്നത്. മത്സരത്തിലേക്കു നീണ്ട പുതിയ കമ്മറ്റി തിരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറിയോട് അനുഭാവം പുലര്‍ത്തിയവരെ വെട്ടിനിരത്തിയാണ് സുധാകരപക്ഷം ആധിപത്യം നേടിയത്. സമ്മേളനത്തിലെ പ്രധാന ചര്‍ച്ചകളും സുധാകരപക്ഷം നടത്തിയത് ജില്ലാ സെക്രട്ടറിയെ കേന്ദ്രീകരിച്ചായിരുന്നു.
കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ പട്ടിക തയാറാക്കിയതില്‍ ജില്ലാ സെക്രട്ടറിയും ഉണ്ടെന്നാണു പ്രചരണം. പ്രതികളുമായി ജില്ലാ സെക്രട്ടറി സംഭവത്തിനു മുമ്പും പിമ്പും പല ദിവസങ്ങളിലും തുടര്‍ച്ചയായി ഫോണിലും അല്ലാതെയുമായി ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു. അടുത്തമാസം ആദ്യം ജില്ലാ സമ്മേളനം നടക്കാനിരിക്കെ ഈ വിഷയവും സജീവ ചര്‍ച്ചയാകും. ജില്ലാ സെക്രട്ടറിക്ക് സ്ഥാനം നഷ്ടപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: