ആലപ്പുഴ: സാധാരണ പൊതുജനങ്ങള്‍ക്ക് സഹായകമായ രീതിയില്‍ വിലക്കയറ്റ ദുരിതത്തില്‍ നിന്ന് രക്ഷനേടുവാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളായ സപ്ലൈകോ-ലാഭം മാര്‍ക്കറ്റുകള്‍, മാവേലി സ്റ്റോറുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം പ്രഹസനമായി. കുറച്ചു നാളുകളായി ഇവിടങ്ങളില്‍ നിരവധി പലവ്യഞ്ജന സാധനങ്ങള്‍ക്ക് പൊതു വിപണിയേക്കാള്‍ വില കൂടുതലായിരുന്നു. ജനങ്ങളില്‍ നിന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മാര്‍ക്കറ്റ് വിലയോടൊപ്പമോ അല്പം താഴ്ത്തിയോ വില നിശ്ചയിക്കുവാന്‍ അധികൃതര്‍ തയാറായി. എന്നാല്‍ മാസാരംഭത്തില്‍ സപ്ലൈകോ വില നിശ്ചയിച്ചു കഴിഞ്ഞാല്‍ ആ മാസം മുഴുവന്‍ നിശ്ചയിച്ച വിലയ്ക്കു മാറ്റമില്ലാതെ വില്‍പ്പന തുടരുന്നു. എന്നാല്‍ പൊതു വിപണിയില്‍ വിലകള്‍ക്ക് മാറ്റമുണ്ടാകും. സബ്സിഡിയുള്ള ഒരു കിലോ പഞ്ചസാരയ്ക്ക് 26.50 രൂപയാണ് ഇവിടങ്ങളിലെ വില. സബ്സിഡി ഇല്ലാത്ത പഞ്ചസാരയ്ക്ക് കിലോയ്ക്ക് 33.50 രൂപയും. പൊതു വിപണിയില്‍ പഞ്ചസാരയുടെ മൊത്ത വില 27 രൂപ മുതല്‍ 30 രൂപ വരെയാണ്. ചില്ലറ വില 31 രൂപ മുതല്‍ 32 രൂപ വരെ മാത്രമാണ്. ഈ സാഹചര്യത്തില്‍ പഞ്ചസാരയ്ക്ക് സപ്ലൈകോ-ലാഭം മാര്‍ക്കറ്റുകളില്‍ പൊതുവിപണിയേക്കാള്‍ ഉയര്‍ന്ന വിലയാണു വാങ്ങുന്നത്.
അടിയന്തരമായി നിത്യോപയോഗ സാധനങ്ങള്‍ക്ക് സബ്സിഡി വര്‍ദ്ധിപ്പിച്ച് പൊതുവിപണിയേക്കാള്‍ വിലകുറച്ചു നല്കുവാന് ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിക്ക് ഫാക്സ് അയച്ചതായി കേരളാ കോണ്‍ഗ്രസ്- എം ജില്ലാ സെക്രട്ടറി ബേബി പാറക്കാടന്‍ പറഞ്ഞു. അടിയന്തരമായി പൊതുവിപണിയിലെ വിലയിലും കുറച്ചു പലചരക്കു സാധനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വില്‍പ്പന നടത്താന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: