പുനലൂര്‍: പക്ഷിപ്പനി സമീപജില്ലകളില്‍ വ്യാപിച്ചതോടെ കിഴക്കന്‍ മലയോരമേഖലയിലെ ജനങ്ങളിലും ആശങ്കയേറി. കോഴി, താറാവ് എന്നിവയ്ക്കുപുറമെ പക്ഷിജാലങ്ങളിലൂടെയും രോഗംപകരാം എന്നിരിക്കെ ദേശാടനപക്ഷികളുടെ താവളമായ തെന്മല, കുറ്റാലം, കേരളാ-തമിഴ്നാട് അതിര്‍ത്തിപ്രദേശമായ കൂന്തന്‍കുളത്തെ ദേശാടനപക്ഷി സങ്കേതവുമൊക്കെ രോഗങ്ങള്‍ പകര്‍ത്തുന്ന പ്രദേശങ്ങളാകുമോ എന്ന ഭയപ്പാടിലാണ് ജനങ്ങള്‍.
എച്ച്5 എന്‍1 വൈറസ് മനുഷ്യരിലേക്കും പകരാമെന്ന ആരോഗ്യവിദഗ്ധരുടെ കണ്ടെത്തല്‍ തദ്ദേശീയരായ ജനങ്ങളിലും വിനോദസഞ്ചാരികളിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ദേശാടനപക്ഷികള്‍ മുങ്ങിനിവരുന്ന ജലാശയങ്ങളും ആവാസകേന്ദ്രങ്ങളും നാട്ടിലെ പക്ഷികളിലും രോഗം പകര്‍ത്തുമെന്ന പേടിയും നിലനില്‍ക്കുന്നുണ്ട്. ഈ ജലാശയങ്ങളിലും കൃഷിയിടങ്ങളില്‍ നിന്നും മനുഷ്യരിലേക്കും രോഗം പകരാന്‍ സാധ്യതയുണ്ട്.
എന്നാല്‍ ജില്ലയില്‍ ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ രോഗലക്ഷണങ്ങളും മറ്റും കോഴി, താറാവ് കര്‍ഷകര്‍ക്ക് അറിയാനും കഴിഞ്ഞിട്ടില്ല. കിഴക്കന്‍ മേഖലയിലെ വയലേലകളിലും ചതുപ്പുനിലങ്ങളും ജലാശയങ്ങളും കേന്ദ്രമാക്കി ടെന്റടിച്ച് താറാവ് വളര്‍ത്തലിനായി എത്തിയ തമിഴ്സംഘങ്ങളെ നാട്ടുകാര്‍ ആട്ടിയകറ്റുന്ന കാഴ്ചയും കിഴക്കന്‍മേഖലയില്‍ കാണാം.
മുമ്പ് മൂന്നുമുതല്‍ ആറുമാസം വരെ പ്രായമായ താറാവിന് 150 രൂപ മുതല്‍ 200 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്ത് നൂറിനും 75നും പോലും വാങ്ങാന്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. കോഴിക്കും കോഴിയിറച്ചിക്കും ഡിമാന്റ് കുറഞ്ഞുകഴിഞ്ഞു.
എലിപ്പനിപോലെ കെട്ടിനില്‍ക്കുന്ന ജലാശയങ്ങള്‍ വഴിയും കൃഷിയിടങ്ങളില്‍ നിന്നും മനുഷ്യശരീരത്തില്‍ വൈറസ് കടന്നുകൂടുമോ എന്ന ഭയപ്പാടും ആളുകളിലുണ്ട്. കൂട്ടമായി കോഴി, താറാവ് എന്നിവ വളര്‍ത്തുന്ന തദ്ദേശീയരായ കര്‍ഷകരിലും ഭയപ്പാട് സൃഷ്ടിച്ചിട്ടുണ്ട്. ഉള്ളതിനെവിറ്റ് കാശാക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ ഏറെ ദുരിതത്തിലാണ് കോഴി, താറാവ് വളര്‍ത്തല്‍ കര്‍ഷകര്‍. വരുംദിവസങ്ങളില്‍ പക്ഷിപ്പനിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയും ആളുകളിലുണ്ട്.
ആലപ്പുഴ ജില്ലപോലെ താറാവ് കൃഷി വ്യാപകമായി ജില്ലയില്‍ ഇല്ലെങ്കില്‍കൂടിയും ജലാശയങ്ങളും ചതുപ്പുനിലങ്ങളുമേറെയുള്ള കിഴക്കന്‍മേഖല കേന്ദ്രമാക്കി നാട്ടുകാര്‍ താറാവിനെ വളര്‍ത്തുന്നുണ്ട്. ഇത് ആളുകളില്‍ ആശങ്കയ്ക്ക് വകവയ്ക്കുകയും ചെയ്യുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: