പറവൂര്‍ : വാരാപ്പുഴ ആറാട്ട് കടവ് പാലത്തിന് സമീപം 14 ഏക്കര്‍ 70 സെന്റ് കൃഷിഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയ നികത്തുന്നു. സമീപത്തുകൂടി ഒഴുക്കുന്ന 20 അടിയോളം വീതിയുള്ള തോട് മുഴുവനായും നികത്തിക്കഴിഞ്ഞു. പാടം നികത്താനുള്ള ശ്രമം വളരെ നേരത്തെ ഉണ്ടായെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഭൂമാഫിയ പിന്മാറുകയായിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ഭൂമാഫിയ വീണ്ടും പാടം നികത്തലുമായി രംഗത്തുവന്നിരിക്കുകയാണ്.
നേരത്തെ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്ന പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ആരുംതന്നെ പ്രതിഷേധവുമായി രംഗത്തുവരാഞ്ഞത് ശ്രദ്ധേയമായി. കേരളത്തിലെ പ്രധാനപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന്റേതാണ് നികത്തിക്കൊണ്ടിരിക്കുന്ന പാടം. സംഭവം വിവാദമായപ്പോള്‍ വരാപ്പുഴ വില്ലേജ് ഓഫീസര്‍ സ്ഥലത്തുവന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഭൂമാഫിയയുടെ ഗുണ്ടകള്‍ അത് നിരസിക്കുകയായിരുന്നു. നികത്തുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകനെ ഗുണ്ടകള്‍ സ്ഥലത്ത് പ്രവേശിപ്പിക്കാതെ അകറ്റിനിര്‍ത്തി. വേലികെട്ടി അടച്ചിരുന്ന സ്ഥലത്തിന് അകത്തുകടന്നാല്‍ കാല് വെട്ടിക്കളയുമെന്ന്് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പറവൂര്‍ താലൂക്കിലെ വരാപ്പുഴ, കോട്ടുവള്ളി, പറവൂര്‍, ആലങ്ങാട്, കരുമാല്ലൂര്‍, പുത്തന്‍വേലിക്കര വില്ലേജുകളിലാണ് തണ്ണീര്‍ത്തടങ്ങളും പാടങ്ങളും ഭൂമാഫിയ വിലയ്ക്ക് വാങ്ങി വ്യാപകമായി നികത്തി വില്ലകളും ഗോഡൗണുകളും നിര്‍മ്മിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം പറവൂര്‍ ആനച്ചാലില്‍ അഞ്ചരയേക്കര്‍ തണ്ണീര്‍ത്തടം നികത്തിയത് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലീസ് എത്തി നികത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും റവന്യൂ വകുപ്പ് ഉടന്‍തന്നെ സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് തൊട്ടടുത്ത് പാടശേഖരം നികത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: