കൊച്ചി: ചെന്നൈയിന് എഫ്സിയെ കീഴടക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ച കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് വീരോചിത സ്വീകരണം. ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലും ടീമംഗങ്ങളുടെ താമസസ്ഥലമായ മരടിലെ ക്രൗണ്‍ പ്ലാസയിലുമാണ് ടീം അധികൃതരും ആരാധകരും ചേര്‍ന്നു സ്വീകരണമൊരുക്കിയത്.
ചെന്നെയില്‍ നിന്നും നെടുമ്പാശേരിയിലെത്തിയ ടീമംഗങ്ങളെ കാത്ത് നൂറ് കണക്കിന് ആരാധകരും വിമാനത്താവളത്തിലെത്തിയിരുന്നു. ചെന്നൈയിന് ടീമിനെതിരായ രണ്ടാം പാദമത്സരത്തില്‍ കളിയിലെ നിര്‍ണായക ഗോളടിച്ച് ടീമിനെ ഫൈനലിലെത്തിച്ച സ്റ്റീഫന്‍ പിയേഴ്സണ്‍ ആദ്യ സംഘത്തിനൊപ്പമില്ലാതിരുന്നത് ആരാധകരെ തെല്ലു നിരാശയിലാഴ്ത്തി.
അതേസമയം കനത്ത സമ്മര്‍ദ്ദത്തിലാണ് ചെന്നൈയിന് ടീമിനെതിരായ രണ്ടാം പാദത്തില്‍ കളിക്കാനിറങ്ങിയതെന്ന് ടീം മാനേജര്‍ ഡേവിഡ് ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിരോധത്തിലൂന്നിയായിരുന്നു ചെന്നൈ കേരളത്തിനെതിരേ കളിച്ചത്. ആദ്യ പകുതിയില്‍ കേരളവും ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചു. സെമിയിലെ പിഴവുകള്‍ തിരുത്തി കിരീടം നേടാനായിരിക്കും ഫൈനലില്‍ ടീം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നെടുമ്പാശേരിയില്‍ നിന്നും ടീമിന്റെ താമസ സ്ഥലമായ മരട് ക്രൗണ്‍പ്ലാസയിലെത്തിയപ്പോള്‍ കേക്ക് മുറിച്ചാണ് ടീമംഗങ്ങളെ അധികൃതര്‍ സ്വീകരിച്ചത്. മാനേജര്‍ ഡേവിഡ് ജെയിംസും കോച്ച് മോര്‍ഗനും ചേര്‍ന്നാണ് ആദ്യം കേക്ക് മുറിച്ചത്.
പ്രതിസന്ധികള്‍ക്കിടയിലും ടീമിനൊപ്പം നിന്ന കേരളത്തിലെ ആരാധകര്‍ക്കു സെമി വിജയം സമ്മാനിക്കുന്നതായി മലയാളി താരം സുശാന്ത് മാത്യു പറഞ്ഞു. ഫൈനലിനായി ടീം ഒന്നടങ്കം തയ്യാറായിരിക്കുകയാണെന്നും സുശാന്ത് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: