പാലക്കാട്: റെയില്‍വേബജറ്റില്‍ അകത്തേത്തറ നടക്കാവില്‍ മേല്്പാലം അനുവദിക്കുമെന്ന പ്രതീക്ഷയില്‍ പ്രദേശവാസികള്‍. എല്ലാ വര്‍ഷവും റെയില്‍വേബജറ്റില്‍ അകത്തേത്തറയ്ക്ക് മേല്‍പാലം അനുവദിക്കുമെന്ന് ജനപ്രതിനിധികള്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കുന്നതാണ്. ഇതുവരെയും ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇത്തവണ വാക്ക് പാലിക്കപെടമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് നാട്ടുകാര്‍.
ഇത്തവണയും കബളിപ്പിക്കപ്പെടുകയാണെങ്കില് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടിവരുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നലകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തിലേക്ക് പോകണോയെന്ന് ആലോചിക്കേണ്ടിവരുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
മേല്‍പാലമെന്ന ആവശ്യമുയര്‍ത്തി സമാധാനപരമായി സമരം ചെയ്യുന്ന തങ്ങളെ പറഞ്ഞുപറ്റിക്കുന്ന നിലപാടാണ് ഉണ്ടാകുന്നതെന്ന് സമരത്തിന്റെ മുന്നണിയില്‍ നില്ക്കുന്നവര് പറയുന്നു.
റെയില്‍വേ നിര്‍മാണപ്രവൃത്തികളുടെ മുന്‍ഗണനാപ്പട്ടിക തയ്യാറാക്കുന്ന ഈ സമയത്ത് പാലക്കാട്ടുനിന്നുള്ള ജനപ്രതിനിധികളും സംസ്ഥാനസര്‍ക്കാരും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ സമയത്ത് ജനപ്രതിനിധികള്‍ ഉണര്ന്നുപ്രവര്ത്തിക്കുകയാണെങ്കില് പദ്ധതി റെയില്‍വേയുടെ പട്ടികയിലുള്‍പ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
രാഷ്ട്രീയവ്യത്യാസമില്ലാതെ മേല്പാലത്തിനുവേണ്ടിയുള്ള സമരത്തില്‍ എല്ലാവരും അണിനിരക്കാറുണ്ട്. എന്നാല്‍, സമരത്തിനപ്പുറം നടപടികള്‍ക്കുവേണ്ടിയുള്ള കൃത്യമായ നീക്കങ്ങളുണ്ടായാല്‍ മേല്‍പാലമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.
മുന്‍ഗണനാപ്പട്ടിക തയ്യാറാക്കിയശേഷം സമ്മര്‍ദം ചെലുത്തിയതുകൊണ്ടോ പരാതികള്‍ പറഞ്ഞതുകൊണ്ടോ പ്രയോജനം ലഭിക്കില്ല. ഈ സാഹചര്യത്തില്‍, സമയത്തിന്റെ പ്രധാന്യം മനസ്സിലാക്കി പാലക്കാട്ടുനിന്നുള്ള എം.പി. കേന്ദ്രത്തിലും എം.എല്‍.എ. സംസ്ഥാനസര്‍ക്കാരിലും സമ്മര്‍ദം ചെലുത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: