പാലാ: ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസ്സില്‍ ഭാര്യാ കാമുകന് ജീവപര്യന്തവും പിഴയും ശിക്ഷ. ആലുവ എടത്തല ഭാഗത്ത് പൂക്കാട്ടുമുകളില്‍ അപ്പു കൊല്ലപ്പെട്ട കേസ്സില്‍ അറക്കുളം ഒഴുങ്ങാലില്‍ ജഗദീഷി (22)ന് പാലാ അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് കെ.എ. ബേബിയാണ് ജീവപര്യന്തവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ. ലാല്‍ പുളിക്കക്കണ്ടം കോടതിയില്‍ ഹാജരായി.
2013 ഓഗസ്റ്റ് 6നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. അപ്പുവും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന നീലൂരുള്ള വീട്ടില്‍ വരാറുണ്ടായിരുന്ന സുഹൃത്തായ ജഗദീഷ് അപ്പുവിന്റെ ഭാര്യയുമായി അടുപ്പത്തിലാവുകയും ഇതറിഞ്ഞ അപ്പുവും ജഗദീഷും തമ്മില്‍ വാക്കേറ്റവും വഴക്കും ഉണ്ടാവുകയും ചെയ്തു. അപ്പുവിന്റെ ഭാര്യയും മക്കളും തറവാട്ടുവീട്ടില്‍ പോയവിവരം മനസ്സിലാക്കിയ പ്രതി മദ്യവുമായെത്തി അപ്പുവിന് മദ്യംനല്‍കി മയക്കി കഴുത്തില്‍ കയറിട്ട് മുറിക്കി കൊലപ്പെടുത്തുകയായിരുന്നു. ദൃക്സാക്ഷികളില്ലാതിരുന്ന കേസ്സില്‍ അപ്പുവിന്റെ ഭാര്യയും മകനും നിര്‍ണ്ണായക സാക്ഷികളായിരുന്നു. വിസ്താര സമയം ഇരുവരും പ്രതിഭാഗം ചേര്‍ന്നെങ്കിലും സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്ത കോടതി പ്രോസിക്യൂഷന് വാദം അംഗീകരിച്ച് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ബാബു സെബാസ്റ്റ്യാണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: