കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകെടുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെ് കണ്ടെത്തിയും ഭര്‍ത്താവിന്റെ സഹോദരിമാരെ വിട്ടയച്ചും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ആറ് ജഡ്ജി കെ.എസ്.ശരത്ചന്ദ്രന് ഉത്തരവായി.
വെട്ടിക്കവല സദാനന്ദപുരം ചരുവിള പുത്തന്‍വീട്ടില്‍ ചക്രപാണി മകള്‍ ശാരദ (32) മരണപ്പെട്ട കേസില്‍ ഭര്‍ത്താവായ പള്ളിമണ്‍ വെളിച്ചിക്കാല ചേരിയില്‍ കുണ്ടുമണ്‍ തുണ്ടില്‍ പുത്തന്‍വീട്ടില്‍ രവീന്ദ്ര(48) നെയാണ് കോടതി ഇന്ത്യന്‍ ശിക്ഷാനിയമം 302, 304 (ബി), 498 (എ) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. രവീന്ദ്രന്റെ സഹോദരിമാരായ ദേവകി, ചെല്ലമ്മ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ടു കോടതി വിട്ടയച്ചു.
പ്രതിയുടെ ശിക്ഷ വെള്ളിയാഴ്ച പറയും. 2002 സെപ്റ്റംബര്‍ എട്ടിനാണ് രവീന്ദ്രന് ശാരദയെ വിവാഹം ചെയ്തത്. പിന്നീട് 25 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും ശാരദയുടെ പേരില്‍ എഴുതി നല്കിയ മൂന്നുസെന്റ് വസ്തുവും രവീന്ദ്രന് നല്കിയ 50,000 രൂപയും കുറഞ്ഞുപോയെന്നും ശാരദയുടെ അമ്മയുടെ വക ഓഹരി വിറ്റ് കൂടുതല്‍ തുക തരാനും ആവശ്യപ്പെട്ട് നിരന്തരമായി പീഡിപ്പിച്ചു.
ഒടുവില്‍ 2003 ജൂലൈ 23ന് രാവിലെ ഏഴിന് പ്രതികളുടെ വീട്ടില്‍ വച്ച് രവീന്ദ്രന് റാന്തല്‍ വിളിക്കില് നിന്നും മണ്ണെണ്ണ എടുത്ത് ശാരദയുടെ ശരീരത്തും വസ്ത്രങ്ങളിലും ഒഴിച്ചശേഷം തീപ്പെട്ടി ഉരച്ച് ശാരദയെ തീ കൊളുത്തുകയും ഗുരുതരമായ പരുക്കുകളുടെ കാഠിന്യം മൂലം 2003 ഓഗസ്റ്റ് എട്ടിന് ജില്ലാ ആശുപത്രിയില്‍ മരിച്ചെന്നുമാണ് പ്രോസിക്യൂഷന് കേസ്.
19 സാക്ഷികളില്‍ 14 പേരെ പ്രോസിക്യൂഷന് ഭാഗത്തേക്ക് വേണ്ടി വിസ്തരിച്ചു. 17 രേഖകളും 7 തൊണ്ടിസാധനങ്ങളും കോടതി തെളിവിലേക്കായി സ്വീകരിച്ചു. കേസില്‍ നിര്‍ണായകമായത് ശാരദ ചാത്തന്നൂര്‍ എസ്ഐക്കും ജുഡീഷ്യല്‍ മജിസ്ട്രേറ്റിനും നല്കിയ മരണ മൊഴിയായിരുന്നു. പരവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റായിരുന്ന ബി.എസ്.ബിന്ദുകുമാരി ശാരദയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ കെ.ചന്ദ്രമോഹന് എന്നിവരെ കോടതി സാക്ഷികളായി വിസ്തരിച്ചിരുന്നു.
പ്രതികള്‍ക്ക് എതിരായി കേസ് രജിസ്റ്റര്‍ ചെയ്ത് ആദ്യ അന്വേഷണം നടത്തിയത് ചാത്തന്നൂര്‍ എസ്ഐയായിരുന്ന എന്‍.എ.ബൈജുവും കോടതിയില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം ഹാജരാക്കിയത് കൊല്ലം ഡിവൈഎസ്പിയായിരുന്ന എം.എന്‍.ജയപ്രകാശുമാണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.കൊട്ടിയം എന്‍.അജിത് കുമാര്‍, അഡ്വ.ചാത്തന്നൂര്‍ എന്‍.ജയചന്ദ്രന്, അഡ്വ.ശരണ്യ.പി എന്നിവര്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: