മണ്ണഞ്ചേരി: ആകെയുള്ള പത്ത്സെന്റ് ഭൂമിയില്‍ നിന്നും ഒന്നരസെന്റ് ഗ്രന്ഥശാലയ്ക്ക് നല്കി കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്റര്‍ മാതൃകയായി. മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാര്‍ഡില്‍ പാര്‍വ്വതി ഭവനില്‍ ആര്.ഭവന്ലാലാ (54)ണ് അച്ഛന് രാജപ്പന്പിള്ളയില് നിന്നും കുടുംബഭാഗമായി കിട്ടിയ ഭൂമിയില്‍ നിന്ന് ഒന്നരസെന്റ് ഗ്രന്ഥശാലയ്ക്ക് തീറെഴുതിനല്കിയത്. ആറു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന വിജ്ഞാനോദയം ഗ്രന്ഥശാലയ്ക്ക് സ്വന്തമായി കെട്ടിടമില്ല. ഒന്നരസെന്റില്‍ ടിന്‍ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിലാണ് നിരവധി പുസ്തകശേഖരമുള്ള ഗ്രന്ഥശാല പ്രവര്‍ത്തിച്ചു വരുന്നത്. മൂന്നു സെന്റ് സ്ഥലം ഇല്ലാതിരുന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഫണ്ട് ലഭിക്കാതെ പോയത്. ഈ പ്രശ്നത്തിന് പരിഹാരമായാണ് സമീപവാസികൂടിയായ കെഎസ്ആര്‍ടിസി മൂവാറ്റുപുഴ ഡിപ്പോയിലെ സ്റ്റേഷന് മാസ്റ്റര്‍ ഭവന്‍ലാല്‍ ഒന്നരസെന്റ് ഭൂമി സൗജന്യമായി നല്കാന് സന്മനസുകാണിച്ചത്. റഫറന്‍സ് ഗ്രന്ഥങ്ങളടക്കം മൂവായിരത്തോളം പുസ്തകശേഖരമാണ് ഈ ഗ്രന്ഥശാലയ്ക്കുള്ളത്. ഇവ സൂക്ഷിക്കാന്‍ ഉറപ്പുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായം തേടുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഗ്രന്ഥശാലാ ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: