ആലപ്പുഴ: നീതി മെഡിക്കല്‍ സ്റ്റോര്‍ കുത്തിത്തുറന്ന് മരുന്നുകള്‍ മോഷ്ടിച്ച മയക്കുമരുന്ന് സംഘത്തെ പോലീസ് പിടികൂടി. ആലപ്പുഴ തിരുവമ്പാടി കൊട്ടാരപറമ്പില്‍ വീട്ടില്‍ കൃപേഷ് (27), തിരുവമ്പാടി ഹൗസിങ് കോളനിയില്‍ കണ്ടത്തില്‍ വീട്ടില്‍ ഗിരിലാല്‍ (23) എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു മോഷണം.
മയക്കുമരുന്നായി ഉപയോഗിക്കുന്ന ഗുളികകളാണ് മോഷ്ടിച്ചത്. മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മെഡിക്കല്‍ സ്റ്റോറിന്റെ പ്രദേശത്ത് സംശയാസ്പദമായ നിലയില്‍ കണ്ട ഇരുവരെയും പോലീസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് സംഭവം പുറത്തായത്. കട കുത്തിതുറക്കാനായി ഉപയോഗിച്ച ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ളവര്ക്കായി ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം നല്കുന്ന നൈട്രോസണ്, നൈട്രാവൈറ്റ് എന്നിങ്ങനെയുളള ഗുളികകള്‍ക്കായി സംഘം തുടര്‍ച്ചയായി ഇവിടെ എത്തിയിരുന്നു. എന്നാല്‍ മോഷണ ദിവസം പകല്‍ ഗുളികക്കായെത്തിയ സംഘത്തിന് മരുന്നു നല്കാന് കടയിലുണ്ടായിരുന്ന ജീവനക്കാര്‍ വിസമ്മതിച്ചു. ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് രാത്രി കട കുത്തിതുറന്ന് മോഷണം നടത്തിയത്. ഇത് രണ്ടാംതവണയാണ് നീതി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം നടക്കുന്നത്.
കുപ്രസിദ്ധ ഗുണ്ട ഷിജോപ്പിയുടെ സംഘത്തില്‍പ്പെട്ടവരാണ് മോഷ്ടാക്കള്‍. നേരത്തെ നീതി സ്റ്റോര്‍ കുത്തിതുറന്ന് മോഷണം നടത്തിതിന്റെ പേരില്‍ ഷിജോപ്പിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ ഗുണ്ടാനിയമ പ്രകാരം തലസ്ഥാനത്തെ ജയിലില്‍ കഴിയുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: