ചെങ്ങന്നൂര്‍: കാറില്‍ കടത്തിയ 385 ലിറ്റര്‍ സ്പിരിറ്റുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. തിരുവന്തപുരം കാട്ടാക്കട കൊന്നിയൂര്‍ ശാരദാ നിലയത്തില്‍ ബിനു കുമാറി (34)നെയാണ് എക്സൈസ് ഇന്‍സ്പക്ടര്‍ ജോസ് പ്രതാപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സിവില്‍ എക്സൈസ് ഓഫീസര്‍ ആനന്ദരാജിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എംസി റോഡില്‍ മുളക്കുഴ പഞ്ചായത്ത് ഓഫീസിന് സമീപം സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്.
എക്സൈസ് സംഘത്തെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിക്കുള്ളില്‍ നിന്നും 11 കന്നാസുകളിലായി 385 ലിറ്റര്‍ സ്പിരിറ്റും കണ്ടെത്തിയിട്ടുണ്ട്. കാര്‍ ഇയാള്‍ വാങ്ങിയിരുന്നുവെങ്കിലും സ്വന്തം പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല. കഴിഞ്ഞ ദിവസം മറ്റൊരുവാഹനത്തോടൊപ്പം തമിഴ്നാട് ട്രിച്ചിയില്‍ എത്തി വന്‍തോതില്‍ സ്പിരിറ്റ് വാങ്ങിയ ബിനുകുമാറിനൊപ്പം മറ്റു ചിലരും ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ട്രിച്ചിയില്‍ എത്തി വാഹനം ഇടനിലക്കാര്‍ക്ക് കൈമാറുകയും തുടര്‍ന്ന് ഇവര്‍ സ്പിരിറ്റ് നിറച്ചതിനുശേഷം വാഹനം തിരികെ എത്തിക്കുകയുമാണെന്നും, ആര്യങ്കാവ് ചെക്ക്പോസ്റ്റ് വഴി കേരളത്തില്‍ എത്തി വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. പിടികൂടിയ സ്പിരിറ്റ് അടൂരില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്നുവെന്ന് ബിനുകുമാര്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ നിരവധി അബ്ക്കാരി കേസുകളില്‍ പ്രതിയായ ഇയാളെ പിടികൂടാന്‍ എക്സൈസ് കമ്മീഷണറുടെ സ്പെഷ്യല്‍ സ്ക്വാഡ് ട്രിച്ചിയില്‍ എത്തിയിരുന്നെങ്കിലും ഇവരെ വെട്ടിച്ചാണ് കേരളത്തിലേക്ക് കടന്നത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവരെയും, വാഹനത്തെയും പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണെന്നും, പിടികൂടിയ സ്പിരിറ്റിന് വിപണിയില്‍ ഒരുലക്ഷത്തി 25,000 രൂപ വിലവരുമെന്നും ജോസ് പ്രതാപ് അറിയിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആനന്ദരാജ്, അനു, അശ്വിന്, ജിയേഷ്, രാജീവ്, പ്രവീണ്‍, ഷാജഹാന് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: