ചാരുംമൂട്: മേഖലയില്‍ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തി ഭീതി പരത്തുന്നതിനു പിന്നില്‍ മോഷണ ശ്രമമെന്ന് സൂചന. പുരുഷന്മാര് ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് അക്രമങ്ങള്‍ ഉണ്ടാകുന്നത്. കതകില്‍ തട്ടുകയും ഇടിച്ചു തുറക്കുകയും ചെയ്യുന്ന സംഘം ജന്നല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്യുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങുന്നവരെ മര്‍ദ്ദിച്ച് സ്ത്രീകളെയും കുട്ടികളിലും അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ കവരുകയാണ് ലക്ഷ്യമെന്നാണ് പോലീസിന്റെ നിഗമനം. പാലമേല്‍ പഞ്ചായത്തിലെ കുടശനാട്, ആദിക്കാട്ടുകുളങ്ങര, മറ്റപ്പള്ളി, കഞ്ചുകോട്, തണ്ടാരവിള, ഉളവുകാട് പ്രദേശങ്ങളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ വിരുദ്ധ ശല്യം വര്‍ദ്ധിച്ചിരിക്കുന്നത്. ഉളവുകാട്, കഞ്ചുകോട്, തണ്ടാനുവിള ഭാഗത്ത് ബൈക്കിലെത്തിയ സംഘം അക്രമം തുടരുകയായിരുന്നു തണ്ടാനുവിളയില് മുന്‍ ഡിവൈഎസ്പിയുടേതടക്കം മൂന്ന് വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ബൈക്കില്‍ എത്തിയാണ് സംഘം ആക്രമണം നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് ഉടമയായ പറക്കോട് സ്വദേശി തുളസി, ഒപ്പമുണ്ടായിരുന്ന തുമ്പമണ്‍ സ്വദേശി സനു എന്നിവരെ പത്തനംതിട്ട ഷാഡോ പോലീസ് പിടികൂടി. ഇവര്‍ റബര്‍ഷീറ്റ് മോഷ്ടിക്കാന്‍ എത്തിയതാണെന്നാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരെ കേന്ദ്രീകരിച്ച് തുടര്‍ അന്വേഷണം നടത്തിവരികയാണ്. നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ശേഷം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും മോഷണവും നടത്താനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് പോലീസ് പരിശോധന കര്‍ശനമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: