രാജപുരം: പ്ലാന്റേഷന് കോര്‍പറേഷനിലേക്കുള്ള റോഡു നിര്‍മാണത്തില്‍ അപാകതയെന്ന് ആരോപണം. കോര്‍പറേഷന്റെ രാജപുരം എസ്റ്റേറ്റില്‍ റോഡു നിര്‍മാണത്തിനായി കൊണ്ടുവന്ന മണല്‍ നിലവാരമില്ലാത്തതും മണ്ണടങ്ങിയതാണെന്നും സിമന്റ് പഴകിയതും കട്ടപിടിച്ചതുമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കോര്‍പറേഷന്റെ അനാസ്ഥമൂലം ആറുമാസം മുന്‍പ് ഇറക്കിയ 200 ചാക്ക് സിമന്റില്‍ ഭൂരിഭാഗവും കട്ടകെട്ടി നശിച്ചിരുന്നു. കോര്പറേഷന് റോഡില്‍ പുഴയ്ക്ക് കുറുകെ നിര്‍മിച്ച പാലത്തിനിരുവശത്തുമായി 25 മീറ്റര്‍ വീതം നീളത്തിലും മൂന്നുമീറ്റര്‍ വീതിയിലും കോണ്‍ക്രീറ്റ് ചെയ്യാനും, ഓട നിര്‍മിക്കാനുമാണ് സിമന്റ് ഇറക്കിയത്. കഴിഞ്ഞദിവസം ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തിക്ക് ഈ സിമന്റാണ് ഉപയോഗിച്ചത്.
റോഡിന്റെ വീതി മൂന്നര മീറ്ററായി വര്‍ധിപ്പിച്ച് പാലത്തിനിരുവശവും 43 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയുകയും ഓട ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ഗുണനിവാരമുള്ള സിമന്റാണ് നിര്‍മാണത്തിനുപയോഗിക്കുന്നതെന്ന് കോര്പേഷന് അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു. സിമന്റ് പരിശോധിക്കുകയും കട്ടകെട്ടി നശിച്ചത് ഒഴിവാക്കുകയും ചെയ്ത ശേഷം 25 കിലോഗ്രാം വീതമുള്ള ചാക്കുകളിലാക്കിയാണ് നിര്മാണത്തിനുപയോഗിച്ചത്. നിലവിലെ സിമന്റ് ഉപയോഗിച്ച് റോഡ് നിര്‍മിക്കാന്‍ മാത്രമെ സാധിക്കുകയുള്ളു. ഓട നിര്‍മാണത്തിന് പുതുതായി സിമന്റ് ഇറക്കുമെന്നും എഞ്ചിനീയര്‍ പറഞ്ഞു.
ഓട നിര്മിക്കണമെങ്കില് കോര്പറേഷന് വീണ്ടും ഫണ്ട് വകയിരുത്തണം. പാണത്തൂര്‍ തോട്ടത്തില്‍നിന്നും കോര്പ്പറേഷന് ഓഫീസ് വരെ മൂന്നു കിലോമീറ്റര്‍ റോഡ് ടാര്‍ ചെയ്യുന്നതിനായി ഒന്‍പതുമാസം മുന്‍പ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സോളിംഗ് നടത്തിയിരുന്നു. എന്നാല്‍ സംരക്ഷിത വനമേഖലയായതിനാല്‍ ടാറിംഗ് അനുവദിക്കില്ല എന്നുപറഞ്ഞ് വനം വകുപ്പ് നിര്‍മാണം തടഞ്ഞു. വനംവകുപ്പുമായി ആലോചന നടത്താതെ റോഡു നിര്‍മാണത്തിനായി കൊണ്ടുവന്ന ടാര്‍ ഇപ്പോഴും കോര്പറേഷന് കെട്ടിടത്തിനു സമീപത്ത് കെട്ടിക്കിടക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: