ശബരിമല: ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രഭരണം പ്രതിസന്ധിയില്‍. മണ്ഡല-മകരവിളക്ക് മഹോത്സവം പ്രമാണിച്ച് പകുതിയോളം ക്ഷേത്രജീവനക്കാരെ ശബരിമലയില്‍ നിയോഗിച്ചതിനെതുടര്ന്നാണിത്.
ഒരു ഉദ്യോഗസ്ഥന് തന്നെ നിരവധി ക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിക്കേണ്ട അവസ്ഥയാണ് . ഇത് ചില ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഒരു സബ് ഗ്രൂപ്പ് ഓഫീസര്‍ ഏഴോളം സബ്ഗ്രൂപ്പിന്റെ ചുമതലയാണ് ഇപ്പോള്‍ വഹിക്കുന്നത്. ഒരു സബ് ഗ്രൂപ്പില്‍ അഞ്ച് ക്ഷേത്രങ്ങളാണ് ഉണ്ടാവുക. ഈ അവസ്ഥയില്‍ എല്ലാക്ഷേത്രങ്ങളിലും പൂര്‍ണ്ണമായും ശ്രദ്ധപതിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയുന്നില്ല.
തീര്‍ത്ഥാടനകാലത്ത് പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ ബോര്‍ഡ് കൈക്കൊണ്ട നടപടികള്‍ ഫലപ്രദമാകുന്നില്ലെന്നും ആക്ഷേപമുണ്ട്. 1300 ഓളം ക്ഷേത്രങ്ങളാണ് ബോര്‍ഡിന്റെ കീഴിലുള്ളത്. നിരവധി ഒഴിവുകള്‍ ഉണ്ടായിട്ടും നിയമനങ്ങള്‍ നടക്കാത്തത് ബോര്ഡിന്റെപ്രവര്ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇപ്പോള്‍ ക്ഷേത്രജീവനക്കാരെ നിയമിക്കുന്നതിനായി തയ്യാറാക്കിയ ലിസ്റ്റിന്റെ കാലാവധിയും കഴിയാറായി.
ദേവസ്വം ബോര്‍ഡിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലേക്ക് നിയമനം നടന്നിട്ട് പതിറ്റാണ്ടുകളായി. കഴിഞ്ഞ ബോര്‍ഡിന്റെ കാലത്ത് ചില ആശ്രിതനിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്.യോഗ്യതാ പരീക്ഷ പാസായതിന്റെ അടിസ്ഥാനത്തില്‍ പ്രൊമോഷന് 35 ശതമാനമായി ക്രമപ്പെടുത്തിയതും തൊഴിലവസരങ്ങള്‍ കുറച്ചു. യോഗ്യതാപരീക്ഷ പാസായ 300ല്‍ പരം ക്ഷേത്ര ജീവനക്കാര്‍ പ്രൊമോഷന് കാത്ത് കഴിയുന്നുണ്ട്. ഇവരെ ഡ്യൂട്ടിവ്യവസ്ഥയില് വിന്യസിച്ചാല്പ്പോലും നിലവിലുള്ള പ്രതിസന്ധിക്ക് ഒരളവുവരെ പരിഹാരമാകും. നിലവിലുള്ള സാഹചര്യത്തില്‍ ചില ജീവനക്കാര്‍ പെന്‍ഷന്‍പ്രായം എത്തിയാല്‍പ്പോലും പ്രൊമോഷനാകില്ലെന്ന സ്ഥിതിയാണ് നിലവിലുള്ളത്.
എംപ്ലോയ്മെന്റ് വഴി നിയമനം ലഭിച്ച 150 ഓളം ജീവനക്കാര്‍ ദേവസ്വംബോര്‍ഡില്‍ ജോലി ചെയ്യുന്നുണ്ട്. കോടതി കയറിയ നിയമനങ്ങളായിരുന്നു ഇത്. എന്നാല്‍ താല്‍ക്കാലികമായി ഇവര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നു. ഇത് മറ്റ് നിയമനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഉന്നതരുടെ വേണ്ടപ്പെട്ടവരാണ് ഈ രീതിയില്‍ ബോര്‍ഡില്‍ കടന്നുകൂടിയതെന്ന് ആരോപണമുണ്ട്. അതിനാലാണ് ഇപ്പോഴും ഇവരെ നിലനിര്‍ത്തിപ്പോരുന്നത്.
ദേവസ്വം ബോര്‍ഡിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലടക്കമുള്ള ഒഴിവുകള്‍ ഉടന്‍ നികത്താനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബോര്‍ഡിന്റെ ക്ഷേത്രഭരണം അവതാളത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: