ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി ഡിപ്പായിലെ ബസ്സിന്റെ ഗിയര്‍ ലിവര്‍ ഊരിപോയതിനെ തുടര്‍ന്ന് മൂന്ന് മെക്കാനിക്കല്‍ ജീവനക്കാരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. സുനീഷ് കുമാര്‍, കെ.എല്‍. രമേശ് കുമാര്‍, ജസില്‍ ജോയ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ നവംബര്‍ ഒന്നിന് പുലര്‍ച്ചെ 5.40ന് പത്തനംതിട്ടയിലേക്ക് സര്‍വ്വീസ് നടത്തുന്ന ചെങ്ങന്നൂര്‍ ഡിപ്പായിലെ ആര്‍റ്റി 984 എന്ന ബസ്സിന്റെ ഗിയര്‍ ലിവര്‍ ഊരിപ്പോകുകയും ആഞ്ഞിലിമൂടിന് സമീപം സര്‍വ്വീസ് മുടങ്ങിയിരുന്നു.
ഈ സമയം ഇതുവഴി കടന്നുപോയ കെഎസ്ആര്‍ടിസി ഫിനാന്‍സ് മാനേജര്‍ വിവരങ്ങള്‍ അന്വോഷിക്കുകയും, റിപ്പോര്‍ട്ട് ആവശ്യപ്പടുകയും ചെയ്തു. തുടര്‍ന്ന് മാവേലിക്കര റീജണല്‍ വര്‍ക്ക്ഷോപ്പ് മാനേജര്‍ അന്വേഷണം നടത്തി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. അധികൃതരുടെ നടപടിയില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാതെയാണ് നടപടിയെന്നും ശബരിമല തീര്‍ത്ഥാടന കാലമായിട്ടുപോലും വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങളോ മറ്റ് സൗകര്യങ്ങളോ ഒന്നുതന്നെ അധികൃതര്‍ തയ്യറാക്കിയിട്ടില്ലെന്നും, പരിമിതമായ സാഹചര്യത്തില്‍ നിന്നാണ് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: