കൊച്ചി: പക്ഷിപ്പനി സമീപജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലേക്ക് പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അടിയന്തരയോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പക്ഷിപ്പനി വ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനുള്ള കര്‍മ്മ പദ്ധതിക്കു രൂപം നല്കി.
ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പൊതുജനങ്ങള്‍ ഭയപ്പെടാനില്ലെന്നും എന്നാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു.
പാലിക്കേണ്ട മുന്‍കരുതലുകള്‍: വൈറസുകള്‍ മുഖേന പകരുന്ന പക്ഷിപ്പനി പടരാതിരിക്കാനായി ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
കോഴി, താറാവ് തുടങ്ങിയ പക്ഷിവളര്‍ത്തു കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ വ്യക്തി സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. പനി, ജലദോഷം, ശരീരവേദന, ചുമ, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന പക്ഷം ഉടനടി വിദഗ്ദ്ധ ചികിത്സ തേടേണം. അസുഖം ബാധിച്ച പക്ഷികളെ ചുട്ടുകരിക്കുന്നവര്‍, കോഴികാഷ്ഠം വളമായി ഉപയോഗിക്കുന്നതിനായി കൊണ്ടുപോകുന്നവര്‍, രോഗം ബാധിച്ച പക്ഷികളുമായി സമ്പര്‍ക്കപ്പെടുന്നവര്‍ തുടങ്ങിയ എല്ലാവരും വ്യക്തിഗത സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.
പക്ഷികള്‍ ചത്തു വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ഉടനടി 9497315144, 9496800705 എന്നീ നമ്പരുകളില്‍ മൃഗസംരക്ഷണ വകുപ്പിനേയോ, 0484-2373616, 0484-2353711 എന്നീ നമ്പരുകളില്‍ ആരോഗ്യവകുപ്പിനെയോ അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ഹസീനാ മുഹമ്മദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: