തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ കുട്ടിയെ വിലക്കുവാങ്ങിയ ദമ്പതികളെ ഹില്‍പാലസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വില്‍പ്പന നടത്തിയവരെ പിടികൂടിയ ഷോളിയൂര് പോലീസിന്റെ അറിയിപ്പനുസരിച്ചാണ് ചാത്താരിയില്‍ താമസിക്കുന്ന പായിപറമ്പില് പ്രതീപ്കുമാറിനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയെ തന്ന ഏജന്റിന് 75000 രൂപ നല്‍കിയതായി ഇവര്സമ്മതിച്ചു.
പത്തുദിവസം മുമ്പാണു സംഭവം. കുട്ടികളെ ദത്തെടുക്കുന്ന നിയമത്തെക്കുറിച്ച് ഇവര്‍ അജ്ഞരാണ്. പണം കൊടുത്തു കുട്ടിയെ വാങ്ങുന്നത് കുറ്റകരമാണെന്ന് അറിയില്ലായിരുന്നു എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. കുഴപ്പം ആകുമോ എന്ന് ഇവര്‍ ഏജന്റിനോട് സംശയം പ്രകടിപ്പിച്ചപ്പോള്‍ യാതൊരു കുഴപ്പവും ഉണ്ടാവില്ലെന്ന് ഏജന്റ് പറഞ്ഞു. ഏജന്റിന്റെ ഈ ഉറപ്പിലാണ് കുട്ടിയെ വാങ്ങിയതെന്ന് ഇവര്‍ പറഞ്ഞു.
പന്ത്രണ്ടുവര്‍ഷമായി വിവാഹിതരായിട്ടെങ്കിലും ഇവര്‍ക്കു മക്കളില്ല. ഒരു കുഞ്ഞിനെ വളര്‍ത്തുവാനുള്ള അതിയായ മോഹം കൊണ്ടാണ്
ഇങ്ങനെ ചെയ്തതെന്നു ഇവര്‍ പോലീസിനോട് പറഞ്ഞു. രണ്ടര വയസുള്ള പെണ്‍കുഞ്ഞാണെങ്കിലും കുട്ടിക്കു കാഴ്ചയില്‍ ഒരു വയസിന്റെ വലിപ്പമേ ഉള്ളു. പോഷകാഹാരകുറവുമൂലം കുട്ടിയുടെ അവസ്ഥ ദയനീയമാണ്. വില്പനക്കാരനും കുട്ടിയുടെ മാതാപിതാക്കളും ഷോളിയൂര് പോലീസിനോടൊപ്പം എത്തിയാലെ കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: