പറവൂര്‍: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയല്‍ ടൗണ്‍ഹാള്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ആധാരവും ബന്ധപ്പെട്ട രേഖകളും പറവൂര്‍ നഗരസഭയില്‍ കാണാനില്ല.
ടൗണ്ഹാളിനെതിരെ ഹൈക്കോടതിയില്‍ കേസ് നല്കിയ അയല്‍വാസിയുടെ വീടും സ്ഥലവും കണ്ടുകൊട്ടി കുടിയൊഴിപ്പിക്കാനുള്ള നഗരസഭയുടെ പ്രതികാര നടപടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് പറവൂര്‍ താലൂക്ക് സെക്രട്ടറി ഷാജു കുറുപ്പത്ത് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ടൗണ്‍ഹാളിന്റെ രേഖകളെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന മറുപടി നഗരസഭയില്‍ നിന്നുതന്നെ ലഭിച്ചത്.
1975 ല്‍ സ്ഥാപിതമായ ടൗണ്‍ഹാളിന്റെ കെട്ടിടത്തിന്റെ പ്ലാന്‍ കണ്‍സന്റ്, എസ്റ്റിമേറ്റ്, പെര്‍മിറ്റ് എന്നിവയും നഗരസഭയില്‍ ഇല്ലായെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ ടൗണ്‍ഹാളില്‍ ഗുരുതരമായ മലിനീകരണം നടന്നുവരുന്നതായി സ്ഥിരീകരിച്ച് ടൗണ്‍ഹാള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ടൗണ്‍ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട് എന്ന് നഗരസഭാദ്ധ്യക്ഷ കഴിഞ്ഞ രണ്ട് തവണയും പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതൊന്നും നാളിതുവരെ നടപ്പാക്കിയിട്ടില്ല.
പറവൂര്‍ നിവാസികളുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ടൗണ്‍ഹാള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ആധാരങ്ങളും മറ്റ് രേഖകളും നഗരസഭയില്‍ ഇല്ലെങ്കില്‍ പിന്നെ ഈ സ്ഥലം ആരുടെയാണെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. നിലവില്‍ ടൗണ്ഹാളിനെതിരെ ഹൈക്കോടതിയിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും കേസ് നടന്നുവരുന്നത് ഭാവിയില്‍ ടൗണ്‍ ഹാളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കാമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: