കൊച്ചി: ഗ്രന്ഥങ്ങളെയും ഗ്രന്ഥകാരനെയും അര്‍ഹമായ സ്ഥാനത്തെത്തിക്കുന്നത് വിവേചനശീലമുള്ള വായനക്കാരാണെന്ന് എം ടി വാസുദേവന്‍ നായര്‍. ജോസഫ് വൈറ്റില രചിച്ച ‘നിത്യവിസ്മയത്തോടെ’ എന്ന പുസ്തകം നാഷണല്‍ ബുക്ക് ട്രസ്റ്റ് ഹാളില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകത്തിന്റെ ആദ്യപ്രതി എന്‍ ബി ടി ചെയര്മാന് സേതു ഏറ്റുവാങ്ങി.
പുസ്തകങ്ങള്‍ വിപുലമായി പ്രചരിക്കുന്നതിന് പല ഘടകങ്ങള്‍ ഉണ്ടെന്ന് എം ടി പറഞ്ഞു. ചില ഗ്രന്ഥകാരന്മാര്ക്കോ ഗ്രന്ഥങ്ങള്‍ക്കോ ആ സൗഭാഗ്യം ലഭിക്കുന്നില്ല. അതിനര്‍ഥം ആ കൃതികള്‍ നിലവാരമില്ലാത്തതാണെന്നല്ല. സാഹചര്യങ്ങള്‍ ഒത്തുവരുമ്പോള്‍ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് ചില കൃതികള്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.
ജോസഫ് വൈറ്റിലയുടെ കൃതികള്‍ ജീവിതത്തെ ആടയാഭരണങ്ങളില്ലാതെ യഥാര്‍ത്ഥ രൂപത്തില്‍ അവതരിപ്പിക്കുന്നവയാണ്. അദ്ദേഹത്തിന്റെ പുതിയ കൃതിയും മണ്മറഞ്ഞുപോയ കാലഘട്ടത്തിലെ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് വായനക്കാരിലേക്കെത്തിക്കുന്നത്. പുതുരചയിതാക്കള്ക്ക് പ്രചോദനമാവാന്‍ ഈ കൃതിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ലോകസാഹിത്യം ഉറ്റുനോക്കുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളെക്കുറിച്ചുള്ള കഥയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച സേതു പറഞ്ഞു. തങ്ങളുടെ തലമുറ എഴുതിത്തുടങ്ങുന്നുതിനു മുന്‍പേ ജോസഫ് വൈറ്റില എഴുത്താരംഭിച്ചിരുന്നു. ഇടയ്ക്ക് എഴുത്തിന്റെ ലോകത്തുനിന്നും മാറിനിന്ന അദ്ദേഹം വീണ്ടും തിരിച്ചെത്തിയത് സന്തോഷകരമായ കാര്യമാണെന്നും സേതു പറഞ്ഞു.
ചെറിയ പ്രസാധകര്‍ക്ക് പുസ്തകം പ്രകാശനം ചെയ്യുന്നതിന് എന്‍ ബി ടി തുടര്‍ന്നും സൗകര്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഫാ. പോള്‍ തേലക്കാട്ട് പുസ്തക പരിചയം നടത്തി. ജോസഫ് വൈറ്റില മറുപടി പ്രസംഗം നടത്തി. താളിയോല പുസ്തകം പ്രസിദ്ധീകരിക്കുന്ന ആദ്യകൃതിയാണ് ‘നിത്യവിസ്മയത്തോടെ’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: