ശബരിമല : ശബരീശ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തരെ വിഷപ്പാമ്പുകളില്‍ നിന്നും രക്ഷിക്കാന്‍ അവശതകള്‍ മറന്ന് മൂന്നാം വര്‍ഷവും ഗോപിനാഥന്‍ സന്നിധാനത്തുണ്ട്.
സന്നിധാനത്തും പരിസരത്തും ഭക്തര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വിഷപ്പാമ്പുകളെ പിടികൂടാന്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ഓഫീസില്‍ ജോലി നോക്കുകയാണ് ഇയാള്‍. ഈ തീര്‍ത്ഥാടനകാലം തുടങ്ങി 27 ദിവസം പിന്നിടുമ്പോള്‍തന്നെ ഗോപിനാഥന്റെ നേതൃത്വത്തില്‍ അണലി, മൂര്‍ഖന്‍, ശംഖുവരയന്‍ തുടങ്ങി 230 ഓളം വിഷപാമ്പുകളെയാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടി ഉള്‍ക്കാട്ടില്‍ വിട്ടിരിക്കുന്നത്.
വണ്ടിപ്പെരിയാര്‍, മൗണ്ട് എസ്റ്റേറ്റ്, എകെജി കോളനിയില്‍ താമസക്കാരനും പഞ്ചായത്ത് ഓഫീസിലെ തൂപ്പുജോലിക്കാരനുമായ ഗോപിനാഥന്‍ 2011 ലെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്താണ് ശബരിമലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആദ്യമായി ജോലിക്കെത്തുന്നത്. ഇത് അയ്യപ്പന്റെ അനുഗ്രഹമാണെന്നും, ഈ മണ്ണില്‍ സേവനം ചെയ്യുന്നത് പുണ്യമാണെന്നും ഉറച്ച് വിശ്വസിച്ചാണ് തൂപ്പുജോലി മറ്റൊരാളെ ഏല്‍പ്പിച്ച് ഇവിടെ എത്തിയത്. എന്നാല്‍ ആദ്യ വര്‍ഷംതന്നെ മാളികപ്പുറത്തിന് സമീപത്തുനിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടയില്‍ കടിയേല്‍ക്കുകയും, ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആറ് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷമാണ് ആശുപത്രി വിട്ടതും.
മരണം മുന്നില്‍ കണ്ട താന്‍ രക്ഷപ്പെട്ടത് അയ്യപ്പന്റെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണെന്ന് ഇയാള്‍ ഇന്നും വിശ്വസിക്കുന്നു. തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലെയും തീര്‍ത്ഥാടനകാലത്ത് സേവനതല്പ്പരനായി ഗോപിനാഥന്‍ ഇവിടെയുണ്ടാകും. ദിവസേന കിട്ടുന്ന 412 രൂപയല്ല തനിക്ക് പ്രധാനമെന്നും, കലിയുഗവരദനെ തൊഴാന്‍ എത്തുന്നവര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാന്‍ പാടില്ലെന്നും, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ശിവകുമാര്‍ തനിക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ഗോപിനാഥന്‍ പറഞ്ഞു.
ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരായ എട്ടോളം പേര്‍് വേണ്ട സഹായത്തിന് ഒപ്പമുണ്ടാകും. ലീലാമ്മ ഭാര്യയും, രതീഷ്, രഞ്ജിത്ത് എന്നിവര്‍ മക്കളുമാണ്. സംസാരിക്കുന്നതിനിടയില്‍ തന്നെ പാമ്പിനെ കണ്ടതായി ഫോണ്‍ സന്ദേശം എത്തുകയും ഉപകരണങ്ങളുമായ് ഗോപിനാഥന്‍ സ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: