ഹരിപ്പാട്: കോടതിയില്‍ ഹാജരാക്കിയ ശേഷം തീവണ്ടിയില്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ചാടി രക്ഷപെട്ട കുപ്രസിദ്ധ ഗുണ്ടയായ കൊലക്കേസ് പ്രതിയെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി പന്മന പള്ളത്ത് പടീറ്റതില്‍ ശ്രീകുമാറാ (ചില്ല് ശ്രീകുമാര്‍-30)ണ് പിടിയിലായത്. കായംകുളം സിഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭാര്യവീടായ മുതുകുളം മാളു ഭവനത്തില്‍ നിന്നാണ് ബുധനാഴ്ച പുലര്‍ച്ചെ ചില്ല് ശ്രീകുമാറിനെ പിടികൂടുന്നത്. പോലീസിനെ കണ്ട് വടിവാള്‍ വീശി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തോക്ക് ചൂണ്ടി മല്‍പ്പിടിത്തത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. ഒരു മാസം മുമ്പ് തൃശൂര്‍ കോടതിയില്‍ കൊലപാതകക്കേസിലെ വിചാരണയ്ക്ക് ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ കായംകുളം കൃഷ്ണപുരത്തു കൈവിലങ്ങുമായി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപെട്ട് ഒളിവില്‍ കഴിയുകയായിരുന്നു ചില്ല് ശ്രീകുമാര്‍.
കൈവിലങ്ങുമായി രക്ഷപെട്ട ഇയാളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഒരു വര്‍ഷം മുമ്പ് കുപ്രസിദ്ധ ഗുണ്ട കായംകുളം സ്വദേശി കൊച്ചി നൗഷാദിനെ കരീലക്കുളങ്ങരയില്‍ ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണ് ശ്രീകുമാര്‍. കായംകുളം, ഹരിപ്പാട്, മാവേലിക്കര, നൂറനാട്, കുറത്തികാട്, കൊല്ലം ഈസ്റ്റ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇരുപതിലധികം കേസുകളില്‍ പ്രതിയാണ് ഇയാള്‍.
തീവണ്ടിയില്‍ നിന്ന് ചാടിയ ഈയാള് ഭാര്യവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. മുടി മുട്ടയടിച്ച് ആളിനെ തിരിച്ചറിയാത്ത വിധമായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്. സിഐ: ഉദയഭാനു, കനകക്കുന്ന് എസ്ഐ: കെ.പി. വിനോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവ്, സിയാദ്, ഷൈബു, എബി, സനല്‍കുമാര്‍, ബാബു, ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: