അമ്പലപ്പുഴ: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിന്റെ വികസനം പുറക്കാട് പഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുന്നു. ഹാര്‍ബറിനുള്ളിലെ മണല്‍ ഡ്രഡ്ജ് ചെയ്യാന്‍ സൗകര്യം ഒരുക്കാതെയാണ് പഞ്ചായത്ത് ഹാര്‍ബറിന്റെ വികസനത്തെ തടയിടുന്നത്. നിലവില്‍ ഇതിനു തെക്കുഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ ഐആര്‍ഇ മാറ്റിയെങ്കിലേ ഡ്രഡ്ജിങ് തുടങ്ങുവാന്‍ സാധിക്കൂ. ഇതിനു ഐആര്‍ഇക്ക് പ്ലാന്റ് സ്ഥാപിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കണം. എന്നാല്‍ നിരവധി തവണ ഐആര്‍ഇ ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് സെക്രട്ടറിയുള്‍പ്പെടെയുള്ളവരെ സമീപിച്ചെങ്കിലും ഭരണസമിതി ഇതിനെ എതിര്‍ക്കുകയായിരുന്നു.
ഹാര്‍ബറിനു വെളിയില്‍ കൂട്ടിയിരിക്കുന്ന മണല്‍ സ്വകാര്യ മേഖലയ്ക്ക് നല്കി ലക്ഷങ്ങള്‍ തട്ടാനുള്ള ചില ഭരണസമിതി അംഗങ്ങളുടെ നീക്കത്തെ തടഞ്ഞതാണ് ഇതിനു കാരണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഐആര്‍ഇ ഏറ്റെടുത്തതിലൂടെ ചില പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്ക് ലക്ഷങ്ങളുടെ കോഴപ്പണം നഷ്ടപ്പെട്ടതാകാം ഇതിനു കാരണമെന്നും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍ പൊളിച്ചു മാറ്റണമെന്നു പുത്തന്‍നട ഭാഗത്ത് വാര്‍ഡ് മെമ്പര്‍ പറഞ്ഞതും വിവാദമായിക്കഴിഞ്ഞു.
നിലവില്‍ 46,000 എം ക്യൂബ് മണലാണ് ഐആര്‍ഇക്ക് വേര്തിരിക്കുവാനുള്ളത്. ഇങ്ങനെ വേര്‍തിരിക്കുമ്പോള്‍ ധാതു മണല്‍ മാത്രം എടുത്ത് ബാക്കി അവിടെ തന്നെ നിക്ഷേപിക്കും. ഇതു മാറ്റിയെങ്കിലേ ഹാര്‍ബറിനുള്ളിലെ 78,000 എം ക്യൂബ് മണല്‍ ഡ്രഡ്ജ് ചെയ്ത് മാറ്റുവാന്‍ സാധിക്കൂ. എന്നാല്‍ സര്‍ക്കാര്‍ ഡ്രഡ്ജ് ചെയ്യാന്‍ അനുമതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടു മൂലം 25,000 എം ക്യൂബ് മണല്‍ പോലും മാറ്റുവാന്‍ സാധിക്കാത്തത് മത്സ്യത്തൊഴിലാളി മേഖലയിലെ വികസനത്തെ പ്രതികൂലമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: