ആലപ്പുഴ: മുല്ലയ്ക്കല് ചിറപ്പിന്റെ ആഘോഷ പരിപാടികളുടെ പകിട്ടു കുറയ്ക്കാനുള്ള നഗരസഭയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. ചിറപ്പു മഹോത്സവത്തോടു അനുബന്ധിച്ചുള്ള കാര്‍ണിവല്‍ മുല്ലയ്ക്കലില്‍ നടത്തുന്നതിനെ നഗരസഭ വിലക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നു ബിജെപി ടൗണ്‍ ഈസ്റ്റ് കമ്മറ്റി കുറ്റപ്പെടുത്തി. മുമ്പ് ചിറപ്പു സമയത്ത് ബീച്ചില്‍ കാര്‍ണിവല്‍ നടത്തി നഗരസഭ ഇത്തരത്തില്‍ ചിറപ്പിന്റെ ശോഭ കെടുത്താന്‍ ശ്രമം നടത്തിയിരുന്നു. കാര്‍ണിവല്‍ മുല്ലയ്ക്കലില്‍ നടത്തുവാന്‍ അനുമതി നല്‍കാത്തത് ചില കൗണ്‍സിലര്‍മാരുടെ പിടിവാശി മൂലമാണെന്നു ആക്ഷേപമുണ്ട്. ലക്ഷങ്ങള്‍ നേടിയെടുക്കാനുള്ള ചില കൗണ്‍സിലര്‍മാരുടെ ശ്രമവും ഇതിനു പിന്നിലുണ്ട്. മുല്ലയ്ക്കല് തെരുവിലെയും ഇരുവശവുമുള്ള കടകള്‍ ലേലം ചെയ്യുന്നത് നഗരസഭ ഒഴിവാക്കിയാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയും.
മുല്ലയ്ക്കലില്‍ സ്ഥാപിച്ചിട്ടുള്ള കാര്‍ണിവല്‍ സാമഗ്രികള്‍ പൊളിച്ചു നീക്കണമെന്ന നഗരസഭയുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് പ്രസാദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. വി.സി. സാബു, ആര്. കണ്ണന്, സുശാന്ത്, ഹരികൃഷ്ണന്, വിവേക് എന്നിവര്‍ സംസാരിച്ചു.
മുല്ലയ്ക്കല് ചിറപ്പിനെതിരെയുള്ള നഗരസഭയുടെ നീക്കത്തില്‍ വിശ്വഹിന്ദു പരിഷത്ത് വിഭാഗ് ജോയിന്റ് സെക്രട്ടറി കെ. ജയകുമാര്‍ പ്രതിഷേധിച്ചു. ഹിന്ദുവിരുദ്ധ നീക്കങ്ങളില്‍ നിന്നും നഗരസഭ പിന്മാറിയില്ലെങ്കില് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ കാര്‍ണിവല്‍ മുല്ലയ്ക്കലില്‍ നിന്നു മാറ്റാനുള്ള നഗരസഭയുടെ നോട്ടീസിനെതിരെ ഉടമ ഹൈക്കോടതിയെ സമീപിച്ചു. കേസ് ബുധനാഴ്ച പരിഗണിക്കുമെന്നറിയുന്നു. ഒരു പ്രമുഖ കൗണ്‍സിലര്‍ ഒത്തുതീര്‍പ്പിനായി ലക്ഷങ്ങള്‍ ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: