ഭരിക്കാനായ് ജനിച്ചവരെന്നാണ് രാജ കുടുംബാംഗങ്ങളെക്കുറിച്ചു പണ്ട് പറയാറ്. പക്ഷേ ജനാധിപത്യത്തിന്റെ കാലം വന്നപ്പോള്‍ അതു മാറി. എങ്കിലും കുടുംബ വാഴ്ചയുടെ തുടര്‍ഭരണമെന്ന ഫലിതം നിലനിന്നു പോന്നു. പക്ഷേ, ഭരിച്ചിരുന്ന രാജ്യം പ്രജകള്‍ക്കു ഭരിക്കാന്‍ വിട്ടുകൊടുത്ത പല രാജ കുടുംബങ്ങൡ മുമ്പന്തിയില്‍ നിന്നവരായിരുന്നു മദ്ധ്യപ്രദേശിലെ ഗ്വാളിയോര്‍ രാജവംശം.
ആ രാജവംശം പ്രജായത്ത ഭരണത്തിനു വഴി തുറന്നുകൊടുത്തു മാറി നിന്നപ്പോഴും ഗ്വാളിയോറിലെ ജനങ്ങള്‍ക്ക് ആ കുടുംബത്തിലെ മുതിര്‍ന്ന അമ്മ രാജമാത ആയിരുന്നു. രാജമാതാ വിജയരാജെ സിന്ധ്യയെ അവര്‍ അമ്മമഹാ റാണിയായിത്തന്നെ കണ്ടു. ആ അമ്മ മഹാറാണിയാകട്ടെ, എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിക്കാനും പ്രവര്‍ത്തിക്കാനും കൊതിച്ചു.
ജനസംഘത്തിന്റെ, പില്ക്കാലത്ത് ജനതാ പാര്‍ട്ടിയുടെ ദേശീയ നേതൃപദം അലങ്കരിച്ച രാജമാതയുടെ മകള്‍ ഇപ്പോള്‍ ജനാധിപത്യ സംവിധാനത്തില്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. രാജരക്തം സിരകളിലോടുന്ന, ഏറെ ജനകീയയായ നേതാവ്. വനിതാ മുഖ്യമന്ത്രിയായി സംസ്ഥാനത്ത് രണ്ടാം വട്ടം ഭരിക്കുമ്പോള്‍ വസുന്ധര രാജെ സിന്ധ്യയുടെ കീര്‍ത്തി ഉയര്‍ന്നു പൊങ്ങുകയാണ്. അവരുടെ ഭരണ നൈപുണി മറ്റു പലര്‍ക്കും മാതൃകയാകുകയാണ്.
മഹിളകള്‍ ഭരണ നേതൃത്വത്തില്‍ വരുന്നത് പൗരാണിക ഭാരതത്തിലും ആധുനിക കാലത്തും പുതിയ വാര്‍ത്തയല്ല. പ്രധാനമന്ത്രി പദത്തില്‍ വനിത ഇരുന്ന രാജ്യത്ത് എത്രയെത്ര വനിതാ മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടില്ല. നിലവില്‍ മൂന്നു വനിതാ മുഖ്യരുണ്ട്; ആനന്ദിബെന്‍ പട്ടേല്‍, മമതാ ബാനര്‍ജി, വസുന്ധര രാജെ സിന്ധ്യ. മുഖ്യമന്ത്രിയായിരുന്ന വനിതകള്‍ ഏറെ- സുചേതാ കൃപലാനി, നന്ദിനിസത്പതി, ശശികലാ കകോദാര്, സയിദ് അന്‍വാരാ തൈമൂര്‍, ജാനകി രാമചന്ദ്രന്, രജീന്ദര്‍ കൗര്‍ പട്ടേല്‍, റാബ്റി ദേവി, ഷീലാ ദീക്ഷിത്, ജലലളിത, മായാവതി, സുഷമാ സ്വരാജ്, ഉമാഭാരതി.
രണ്ടാം വട്ടം രാജസ്ഥാനിന്റെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന വസുന്ധര രാജെ സിന്ധ്യയാണ് ഗുജറാത്തിനും മധ്യപ്രദേശിനും സമാനമായി രാജസ്ഥാന്റെ മുഖച്ഛായ മാറ്റാനൊരുങ്ങുന്നത്.
രാജസ്ഥാനില്‍ വസുന്ധര ഭരണമേറ്റത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി അശോക് ഗെലോട്ടില്നിന്നാണ്. ഇപ്പോള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കാര്യങ്ങള്‍ മുന്നോട്ടുപോകുന്നു. കൂടുതല്‍ സമയം ജോലി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശൈലി പിന്തുടരുകയാണ് വസുന്ധരയും.
രാജ്യത്തിന് പുരോഗതിയുണ്ടാവണമെങ്കില്‍ വികസനത്തിന് നേരെ പുറം തിരിഞ്ഞു നിന്നതു കൊണ്ടോ പഴഞ്ചന്‍ ആശയങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടോ കാര്യമില്ലെന്ന് അവര്‍ക്കറിയാം.
രാജസ്ഥാനിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനും ഉത്സാഹിക്കുന്നുണ്ടെങ്കില് പുരോഗതിക്ക് നിക്ഷേപം കൂടിയേ തീരുവെന്ന തിരിച്ചറിവുള്ളതുകൊണ്ടാണ്. നികുതിയില്‍ ഇളവും ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ മാറ്റങ്ങളും വരുത്തി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി പുതിയൊരു ബിസിനസ് നയരൂപീകരണത്തിന് വരെ രാജെ മുന്‍കൈയെടുത്തു.
2013 ഡിസംബറില്‍ രാജെ അധികാരം ഏറ്റയുടന്‍ ചെയ്തത് ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട്, അപ്രന്റിക്സ് ആക്ട്, ഫാക്ടറീസ് ആക്ട്, കരാര്‍ തൊഴില്‍ നിയമം തുടങ്ങിയവയില്‍ പ്രധാന മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. ബിസിനസ് സൗഹൃദ സംസ്ഥാനമായി രാജസ്ഥാനെ മാറ്റിയെടുക്കുന്നതിനുള്ള ആദ്യ കാല്‍വയ്പ്പായിരുന്നു ഇത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സമൃദ്ധമായൊരിടമായി രാജസ്ഥാന് മാറുമെന്നതിന്റെ സൂചനയാണിത്.
15 ലക്ഷത്തോളം യുവതീയുവാക്കളെ വ്യാവസായിക-സേവന-നിക്ഷേപ മേഖലകളിലേക്ക് ആവശ്യമായ തൊഴില്‍ വൈദഗ്ധ്യം നല്കി സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ ലൈവ്ലിഹുഡ് ട്രെയ്നിംഗ് പ്രോഗ്രാമിനും ഇതിനോടകം തുടക്കം കുറിച്ചുകഴിഞ്ഞു. മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തോടും ചൗഹാന്റെ മധ്യപ്രദേശ് മോഡല്‍ വികസനത്തോടും ഇതിന് സാമ്യമുണ്ട്.
രാജസ്ഥാനില്‍ നിലവിലുള്ള 20,000 കി.മി ഹൈവേക്ക് പകരമായി നാല്-ആറ് വരി പാതകള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ പാരമ്പര്യേതര ഊര്‍ജ മേഖലയുടെ പ്രോത്സാഹനത്തിനും ഊന്നല്‍ നല്കുന്നു.
ഗൃഹഭരണത്തിലേര്പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി, അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡികള്‍ നേരിട്ടെത്തിക്കുന്ന ‘ഭമാശാഹ്’ പദ്ധതി ആദ്യമായി അവതരിപ്പിച്ചതും വസുന്ധര രാജെ സര്‍ക്കാരാണ്. മാത്രമല്ല 30,000 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, ഗുരുതര രോഗം ബാധിച്ചവര്‍ക്കായി മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എന്നീ ആനുകൂല്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2003 മുതല്‍ 2008 വരെ രാജസ്ഥാനെ നയിച്ചതും വസുന്ധരയായിരുന്നു. രാജസ്ഥാന്റെ സാമ്പത്തിക മേഖലയ്ക്ക് എല്ലാ അര്‍ത്ഥത്തിലും പുത്തന്‍ ഉണര്‍വ് നല്കിയ വര്‍ഷങ്ങളായിരുന്നു ഇത്.
2008 ല്‍ രാജെ സ്ഥാനം ഒഴിയുമ്പോള്‍ ഖജനാവില്‍ 3,500 കോടി രൂപയായിരുന്നു മിച്ചമുണ്ടായിരുന്നത്. എന്നാല്‍ രാജെയ്ക്ക് ശേഷം അധികാരമേറ്റ അശോക് ഗെലോട്ട് സര്‍ക്കാരിന്റെ അനിയന്ത്രിതമായ ധൂര്ത്തടിക്കലില് എല്ലാം നഷ്ടമായി. ആ അവസ്ഥയില്‍ നിന്നും രാജസ്ഥാനെ കരകയറ്റുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിയെന്ന നിലയ്ക്ക് വസുന്ധര രാജെ സിന്ധ്യക്ക് നിറവേറ്റാനുള്ളത്.
ദൃഢവിശ്വാസത്തോടെ ദീര്ഘകാലപുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വസുന്ധരയ്ക്ക് രാജസ്ഥാനില്‍ ഉറച്ച ഭരണത്തോടൊപ്പം വികസനവും നല്കാന് സാധിക്കുമെന്നാണ് അധികാര കേന്ദ്രങ്ങളിലിരിക്കുന്നവരും രാജസ്ഥാന് ജനതയും ഒരുപോലെ വിശ്വസിക്കുന്നത്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: