പത്തനംതിട്ട :പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കോന്നി സിവില്‍ സര്‍വീസ് അക്കാദമിയില്‍ ആദ്യഘട്ടത്തില്‍ രണ്ടു കോഴ്സുകളുണ്ടാകും. ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഡവലപ്മെന്റ് കോഴ്സും പ്ലസ് വണ്‍, പ്ലസ്ടു, ബിരുദ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സുമാണ് ആരംഭിക്കുന്നത്.
ഞായറാഴ്ചകളിലും മറ്റു പൊതുഅവധി ദിനങ്ങളിലുമായിരിക്കും ക്ലാസുകള്‍ നടക്കുക. സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയിലെ അധ്യാപകരമായിരിക്കും ക്ലാസ് എടുക്കുക. ഏപ്രില്‍, മെയ് മാസങ്ങളില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലുമായി ആകെ 52 ദിവസം ക്ലാസുകള്‍ ഉണ്ടാവും. ടാലന്റ് ഡവലപ്മെന്റ് കോഴ്സിന് 4295 രൂപയും സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സിന് 6317 രൂപയുമാണ് കോഴ്സ് ഫീസ്.
സിവില്‍ സര്‍വീസ് അക്കാദമിയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്ന ഓറിയന്റേഷന്‍ ക്ലാസ് ഡിസംബര്‍ 13 ന് രാവിലെ 10 ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ബാബു പോള്‍, സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി ഡയറക്ടര്‍ നൗഫല്‍, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന് തുടങ്ങിയവര്‍ ക്ലാസ് നയിക്കും.
ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. എട്ടാം ക്ലാസ് മുതല്‍ ഡിഗ്രി ഒന്നാം വര്‍ഷം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 9946496793 എന്ന നമ്പരിലോ, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഓഫീസില്‍ നേരിട്ടെത്തിയോ ഓറിയന്റേഷന്‍ ക്ലാസിനു രജിസ്റ്റര്‍ ചെയ്യാം. സിവില്‍ സര്‍വീസ് അക്കാദമിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി 0471 2313065, 2311654 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: