പുത്തൂര്‍: കശുവണ്ടി വ്യവസായത്തിന്റെ കേന്ദ്രമായ പുത്തൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് രൂപീകരിക്കുമെന്ന പ്രഖ്യാപനം പുത്തൂരിന് നല്‍കുന്നത് വികസന സ്വപ്നങ്ങളുടെ പുത്തന്‍ പ്രതീക്ഷകള്‍.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്നവും ആവശ്യവുമാണ് പഞ്ചായത്ത് രൂപീകൃതമാകുമ്പോള്‍ പൂവണിയുന്നത്. പവിേത്രശ്വരം, കുളക്കട, നെടുവത്തൂര്‍ പഞ്ചായത്തുക്കളുടെ സംഗമസ്ഥാനവും കൊട്ടാരക്കര, കുന്നത്തൂര്‍ നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തിയും പങ്കിടുന്ന പുത്തൂരില്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും കാര്‍ഷിക ചന്തയും എല്ലാമുണ്ടങ്കിലും വികസനം മാത്രം അകലെയാണ്.
വികസനം യാഥാര്‍ത്ഥ്യമാക്കുവാന്‍ ടൗണ്‍ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ പഞ്ചായത്ത് രൂപീകരിക്കാന്‍ നിരവധി തവണ ശ്രമങ്ങള്‍ നടന്നെങ്കിലും പുത്തൂരിനെ വരുമാന മാര്‍ഗമായി കാണുന്ന മൂന്നു പഞ്ചായത്തുകളുടേയും എതിര്‍പ്പ് മൂലം ഈ ആവശ്യം സാധ്യമായിരുന്നില്ല. എന്നാല്‍ പുതിയതായി വാര്‍ഡുകള്‍ കോര്‍ത്തിണക്കി പുതിയ പഞ്ചായത്തുകള്‍ രൂപീകൃതമാകുന്നതോടെ പുത്തൂരും പട്ടികയില്‍ ഇടം പിടിച്ചു. ഇതാണ് പുത്തൂരിന്റെ വികസന സ്വപ്നങ്ങള്‍ ചിറക് വിരിക്കാന്‍ ഇടയാക്കിയത്. കശുവണ്ടി വ്യവസായം മാത്രമല്ല ഒരുകാലത്ത് ഇഷ്ടിക വ്യവസായത്തിന്റെയും കാര്ഷികചന്തയുടെയും പേരില്‍ പുത്തൂര്‍ ഏറെ പ്രസിദ്ധമായിരുന്നു. ഈ പ്രതാപം നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും ഇഷ്ടിക വ്യവസായത്തിന്റെ പ്രധാന കേന്ദ്രം തന്നെയാണ് ഇവിടം.
റബര്വ്യവസായവും കശുവണ്ടി മേഖലയും തഴച്ചു വളരുന്ന മേഖലയായിട്ടും അര്‍ഹിക്കുന്ന പ്രാധാന്യം നല്കി പുത്തൂരിനെ ഉയര്‍ത്തിക്കാട്ടാന്‍ കാലകാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കായിട്ടില്ല. കേരളചരിത്രത്തില്‍ അറിയപെടുന്ന മുഖ്യമന്ത്രിയും സംഘടനാവൈഭവമുള്ള സമുദായനേതാവുമായ ആര്.ശങ്കറിന്റെ ജന്മസ്ഥലം കൂടിയാണ് ഇവിടം. ഓട് വ്യവസായത്തിന്റെ പ്രധാനകേന്ദ്രം ആയിരുന്നെങ്കിലും ഇന്ന് ഓട് കമ്പിനികള്‍ ഇവിടെ ഇല്ല എന്നു തന്നെ പറയാം.
സംസ്ഥാനത്തെ പ്രധാന വെറ്റചന്ത, കാര്‍ഷിക ചന്ത, കന്നുകാലിചന്ത എന്നിവയും ഒരുകാലത്ത് പൂത്തൂരിന് സ്വന്തമായിരുന്നു. കശുവണ്ടി വ്യവസായത്തിന്റെ പച്ചപ്പിലാണ് ഇപ്പോള്‍ പുത്തൂര്‍ പ്രധാനമായും അറിയപ്പെടുന്നത്. സമീപ സംസ്ഥാന തൊഴിലാളികളുടെയും, കശുവണ്ടി തൊഴിലാളികളുടെയും ആശ്രയം കൂടിയാണ് പൂത്തൂര്‍. ടൗണ്‍ പഞ്ചായത്ത് എന്ന ആശയം സാക്ഷാത്കരിക്കുന്നതൊടെ വികസനം വേഗത്തിലാകുമെന്നാണ് ഇവിടുത്തുകാരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: