കാസര്‍കോട്: നഗരമദ്ധ്യത്തിലെ മത്സ്യമാര്‍ക്കറ്റില്‍ അവശിഷ്ടങ്ങള്‍ കുന്നുകൂടുന്നു. മാര്‍ക്കറ്റിനകത്തെ അവശിഷ്ടങ്ങള്‍ സംസ്ക്കരിക്കാനോ പുറത്തേക്ക് കളയാനോ കൃത്യമായ സംവിധാനമില്ലാത്തതാണ് ഇതിന് കാരണം. ജീര്‍ണ്ണിച്ച് കിടക്കുന്ന മാര്‍ക്കറ്റിനകത്ത് രണ്ടേകാല്‍ കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ചിരിക്കുന്ന പുതിയ കെട്ടിടവും തീര്‍ത്തും ഉപയോഗശൂന്യമായി കിടക്കുകയാണ്. കെട്ടിടം പണി പൂര്‍ത്തിയാകാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ റോഡില്‍ ഇരുന്നാണ് മീന്‍ വില്‍ക്കുന്നത്. ഇതിനാല്‍ മാര്‍ക്കറ്റും പരിസരവും സദാസമയവും തിരക്കോട് തിരക്കാണ്. തൊഴിലാളികള്‍ റോഡില്‍ തന്നെ ഇരുന്ന് മത്സ്യം വില്‍ക്കുന്നത് കാരണം അവശിഷ്ടങ്ങള്‍ മുഴുവന്‍ മാര്‍ക്കറ്റിനുള്ളില്‍ കെട്ടിക്കിടക്കുകയാണ്.
മഴപെയ്താല്‍ ഇതെല്ലാം റോഡിലൂടെ ഒലിച്ചിറങ്ങി പ്രദേശമാകെ ദുര്‍ഗന്ധം വമിക്കുകയാണ്. മഴ വന്നാല്‍ നടക്കാന്‍ പോലും കഴിയാത്ത നിലയിലാണ് പ്രദേശം. നഗരത്തിലെ പ്രധാന റോഡുകളിലേക്കാണ് മലിനജലം മുഴുവന്‍ ഒലിച്ചിറങ്ങുന്നത്. രൂക്ഷമായ ഗന്ധം മൂലം ഇവിടെ മത്സ്യം വാങ്ങാന്‍ വരുന്നവര്‍ മൂക്കു പൊത്തിയാണ് നടക്കുന്നത്. ഇതിനു പുറമെ പോലീസുകാര്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുമ്പോള്‍ ജീപ്പ് നടുറോഡില്‍ നിര്ത്തിയുന്നതും ഇങ്ങോട്ടുള്ള റോഡിലെ ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിക്കുന്നതായും പരാതിയുണ്ട്. ഇവിടേയ്ക്ക് മറ്റ് വാഹനങ്ങള്‍ക്കോ ജനങ്ങള്‍ക്കോ കടക്കാന്‍ കഴിയാത്ത വിധമാണ് പോലീസ് പാര്‍ക്ക് ചെയ്യുന്നതെന്നും ജനങ്ങള്‍ പറയുന്നു. നൂറ് കണക്കിന് മത്സ്യ തൊഴിലാളികള്‍ ജോലി ചെയ്യുന്ന മാര്‍ക്കറ്റില്‍ വന്‍തുക ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
എന്നാല്‍ പണി പൂര്‍ത്തിയായാലും ഇത് എത്രമാത്രം ഉപയോഗപ്രദമാകുമെന്ന് കണ്ടറിയണം. ജീര്‍ണ്ണിച്ച് കിടക്കുന്ന അവശിഷ്ടങ്ങള്‍ക്ക് ഇടയിലൂടെയാണ് മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങാന്‍ ജനങ്ങള്‍ സഞ്ചരിക്കേണ്ടത്. മത്സ്യമാര്‍ക്കറ്റിലെ മലിനജലം പ്രധാന റോഡിലേക്ക് ഒലിച്ചിറങ്ങുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാക്കിയിരിക്കുകയാണ്. കൃത്യമായ ഓട സംവിധാനമോ മാലിന്യം കളയുന്നതിനുള്ള ആധുനിക സജ്ജീകരണമോ ഇല്ലാത്തതിനാല്‍ ഇവിടെ കെട്ടിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ എങ്ങനെ നീക്കം ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് മത്സ്യ തൊഴിലാളികള്‍.
കെട്ടിക്കിടക്കുന്ന മലിനജലം കൊതുകുകളുടെ പ്രജനന കേന്ദ്രമാകുകയാണെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു. ഇതിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മിണ്ടാട്ടമില്ല. ചുരുക്കത്തില്‍ മാലിന്യങ്ങള്‍ മൂലം ജനങ്ങള്‍ക്ക് തലങ്ങും വിലങ്ങും നടക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് കാസര്‍കോട് നഗരത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: