മട്ടന്നൂര്‍: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്ത്. ചാവശ്ശേരി മോച്ചേരിയില്‍ ദേവാലയത്തില്‍ സി.രാജേഷിന്റെ ഭാര്യ എ.അജിതയാണ് പ്രസവത്തിനായി മട്ടന്നൂരിലെ ആശ്രയ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ശേഷം അത്യാസന്ന നിലയിലായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ച് മട്ടന്നൂര്‍ കേന്ദ്രീകരിച്ച് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാരും ബന്ധുക്കളും പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രസവത്തിനായി മട്ടന്നൂരിലെ ആശ്രയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോച്ചേരിയിലെ സി.രാജേഷിന്റെ ഭാര്യ ചാവശ്ശേരി ആവട്ടി സ്വദേശിനി എ.അജിത മരിച്ചത്. യുവതിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് രജിതയുടെ മരണത്തിന് കാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ മട്ടന്നൂര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനായി സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റിക്ക് രൂപം നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും ബന്ധുക്കളും. ഇതിന്റെ ഭാഗമായി 18 ന് വൈകുന്നേരം 5 മണിക്ക് ലക്ഷ്മി ഹാളില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരണയോഗം വിളിച്ചു ചേര്‍ക്കും. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥക്കെതിരെ സമരപരിപാടികളും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുന്നതും സംബന്ധിച്ച തീരുമാനങ്ങള്‍ ആക്ഷന്‍ കമ്മറ്റി രൂപീകരണയോഗത്തില്‍ കൈക്കൊള്ളുമെന്നും നാട്ടുകാര്‍ പറഞ്ഞു.
കെ.രാമകൃഷ്ണന്, എ.ഉണ്ണികൃഷ്ണന്, രജിതയുടെ സഹോദരന് എ.രാധാകൃഷ്ണന്, കെ.ദാമോദരന്‍, ഉണ്ണി കോറോത്ത്, പി.വി.അജയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: