ചെങ്ങന്നൂര്‍: സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്ക് വളരാന്‍ തക്കവണ്ണമുള്ള അനുകൂലമായ കാലാവസ്ഥയാണ് നിലവിലുള്ളതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. മാന്നാര്‍ കുട്ടംമ്പേരൂര്‍ കുറ്റിയില്‍ ശ്രീദുര്‍ഗാ ദേവിക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിനു ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നക്സല്‍-മാവോയിസ്റ്റ് തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉണ്ടാകുവാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുവാനാണ് സര്‍ക്കാര്‍ പരിശ്രമിക്കേണ്ടതെന്ന് അതിനുള്ള നടപടികള്‍ സ്വീകരിക്കാതെ ഇവരെ ഇല്ലായ്മ ചെയ്യാമെന്ന് വിചാരിച്ചാല്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്ന ഭരണകര്‍ത്താക്കള്‍ ചെയ്തുകൂട്ടുന്ന പ്രവൃത്തികള്‍ വലിയൊരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകൊണ്ടുള്ളതാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ക്ഷേത്ര സമിതി പ്രസിഡന്റ് കെ.മദനേശ്വരന് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് അഡ്വ.കെ. സന്തോഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിശിഷ്ടാതിഥികളെ കോയിക്കല്‍ മുക്കില്‍ നിന്നും വിവിധ ആഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: