മണ്ണഞ്ചേരി: അദ്ധ്യാപികയെ അക്രമിച്ച കേസിലെ പ്രതിയെ കഞ്ഞിക്കുഴി ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്ത സിപിഎം നടപടിയില്‍ അദ്ധ്യാപകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. കെഎസ്ടിഎയില് ഭിന്നത രൂക്ഷം. മണ്ണഞ്ചേരി ഉള്‍പ്പെടെയുള്ള പല സ്കൂളുകളിലെയും അദ്ധ്യാപകര്‍ കെഎസ്ടിഎ വിടാന്‍ തീരുമാനിച്ചു. സിപിഎം അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷനില്‍ അംഗമായിരുന്ന അദ്ധ്യാപികയ്ക്കാണ് തെരഞ്ഞെടുപ്പ് ജോലിക്കിടെ സിപിഎമ്മുകാരുടെ മര്‍ദ്ദനമേറ്റത്.
എസ്എല്‍പുരം ഗവ. സ്കൂളില്‍ പ്രിസൈഡിങ് ഓഫീസറായി എത്തിയ എസ്. ഉഷയ്ക്കാണ് സിപിഎം കണിച്ചുകുളങ്ങര ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന എസ്. രാധാകൃഷ്ണനുള്പ്പെടെയുള്ളവരുടെ മര്‍ദ്ദനമേറ്റത്. ഇതേ രാധാകൃഷ്ണനെയാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പു ഫോര്‍മുലയുടെ പേരില്‍ കഞ്ഞിക്കുഴി ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വനിതാ പ്രിസൈഡിങ് ഓഫീസറെ അക്രമിച്ചത് അന്ന് ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയ വനിതാ കമ്മീഷന് ഉഷയില്‍ നിന്ന് തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നു.
സിപിഎം കുടുംബത്തില്‍പ്പെട്ട ഉഷ പാര്‍ട്ടി നേതാവിന്റെ അക്രമത്തിനെതിരെ പരസ്യമായി രംഗത്തുവന്നത് അന്ന് പാര്‍ട്ടിയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. സ്ത്രീകളെ അക്രമിച്ചവരെ തന്നെ പാര്‍ട്ടിയുടെ നേതൃതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്ന നടപടി അദ്ധ്യാപകസമൂഹത്തില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പലരും കെഎസ്ടിഎയില് അംഗത്വം പുതുക്കേണ്ടെന്നു തീരുമാനിച്ചു കഴിഞ്ഞു. മറ്റു ചിലര്‍ മറ്റു സംഘടനകളിലേക്കും ചേക്കേറാനുള്ള ഒരുക്കത്തിലുമാണ്.
പാര്‍ട്ടി അണികള്‍ക്കിടയിലും കഞ്ഞിക്കുഴിയിലെ സെക്രട്ടറി തെരഞ്ഞെടുപ്പിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായയാളെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് ചില നേതാക്കളുടെ സ്വാര്‍ത്ഥ താത്പര്യം മൂലമാണെന്നു അണികള്‍ ആക്ഷേപിച്ചു തുടങ്ങി. ഏരിയ സമ്മേളന പ്രതിനിധികളില്‍ ബഹുഭൂരിപക്ഷത്തിനും ഈ നീക്കത്തോടു എതിര്‍പ്പായിരുന്നെങ്കിലും നേതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണു മത്സരത്തിനു തയാറാകാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: