ആലപ്പുഴ: പഞ്ചായത്ത് അംഗങ്ങളുടെ ഒത്താശയോടെ നടന്ന കൈയേറ്റം റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്ത് സെക്രട്ടറിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അഭിനന്ദനം. കമ്മീഷന് ജുഡീഷ്യല്‍ അംഗം ആര്. നടരാജന് തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയാണ് അഭിനന്ദിച്ചത്. നിര്‍ഭയനായി ജോലി ചെയ്യാനുള്ള ഒരു സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്റെ സത്യസന്ധതയാണ് ഇതിലൂടെ മനസിലാക്കുന്നതെന്ന് കമ്മീഷന് നിരീക്ഷിച്ചു.
പഞ്ചായത്ത് റോഡ് കൈയേറാന്‍ പഞ്ചായത്ത് അംഗങ്ങളുടെ ഒത്താശയുണ്ടെന്ന ആരോപണത്തെ കുറിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള വിജിലന്‍സ് വിഭാഗം അനേ്വഷണം നടത്തി നടപടിയെടുക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കാണ് നിര്‍ദ്ദേശം നല്‍കിയത്.
തലവടി പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ വില്ലേജ് ഓഫീസ് പടിമുതല്‍ ചെമ്പ്രയില്പടി വരെയുള്ള റോഡിലാണ് കൈയേറ്റം നടന്നത്. റോഡിന്റെ വീതി നാല് മീറ്ററായിരുന്നു. ഇത് സംബന്ധിച്ച് നേരത്തെ ഒരു കേസ് കമ്മീഷന് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദ്ദേശം നടപ്പാക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരനായ നന്ദകുമാര്‍ വീണ്ടും കമ്മീഷനെ സമീപിച്ചു.
കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം കൈയേറ്റം ഒഴിപ്പിച്ചെങ്കിലും ഗോപിനാഥന് എന്ന വ്യക്തി സ്ഥലം വീണ്ടും കൈയേറിയതായി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇതിന് പഞ്ചായത്ത് അംഗങ്ങളുടെ ഒത്താശയുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. നിയമ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പഞ്ചായത്ത് അംഗങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു എന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കമ്മീഷന് അംഗം ആര്. നടരാജന് ഉത്തരവില്‍ നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: