ശബരിമല: ശബരിമലദര്ശനത്തിനിടെ മരിച്ചാല്‍ ഒരുമണിക്കൂറിനുള്ളില്‍ ബന്ധുക്കള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് പമ്പയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്‍ തുടങ്ങി.
പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപം ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യഭവനിലാണ് സെല്ലിന്റെ പ്രവര്‍ത്തനം. അയ്യപ്പദര്ശനത്തിനുവരുന്ന ഭക്തര്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍വച്ച് മരണപ്പെടുകയാണെങ്കില്‍ പമ്പയിലുള്ള ആരോഗ്യഭവനില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇവിടെ നിന്ന് ഒരു മണിക്കൂറിനുള്ളില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
മണ്ഡല-മകരവിളക്കുകാലം കഴിയുന്നതുവരെ സെല്ലിന്റെ പ്രവര്‍ത്തനമുണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
അയ്യപ്പദര്‍ശനത്തിനിടെ ഹൃദയാഘാതവുംമറ്റും മൂലം ഭക്തര്‍ മരണപ്പെടുകയാണെങ്കില്‍ പമ്പയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള പഞ്ചായത്തില്‍ മരണസര്‍ട്ടിഫിക്കറ്റിനായി പേര് രജിസ്റ്റര്‍ ചെയ്യണമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടും മറ്റും ലഭ്യമാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കാലതാമസമെടുത്തിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അയ്യപ്പദര്ശത്തിനു വരുന്നവര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ മുടക്കിയാണ് സെല്ലിന്റെ പ്രവര്‍ത്തനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: