ഇടുക്കി : കുമളിയില്‍ പോലീസ് സ്ഥിരമായ പോലീസ് ക്യാമ്പ് ആരംഭിക്കണമെന്ന് ആവശ്യം ആഭ്യന്തരവകുപ്പിന്റെ പരിഗണനയില്‍.
മുല്ലപ്പെരിയാര്‍ പ്രശ്നം, കേരള-തമിഴ്നാട് അതിര്‍ത്തി,എന്നീ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജില്ലാ പോലീസ് സൂപ്രണ്ട് പോലീസ് കുമളിയില്‍ പോലീസ് ക്യാമ്പ് അനുവദിക്കണമെന്ന ആവശ്യം ആഭ്യന്തരവകുപ്പിന് അയച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. കുമളിയില്‍ തമിഴരും മലയാളികളും തമ്മിലുള്ള സംഘര്‍ഷം പതിവാണ്.
ഈ സംഘര്‍ഷം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് കടക്കുന്ന സാഹര്യം നിലനില്‍ക്കുകയാണ്. കുമളി സി.ഐയുടെ പരിധിയില്‍ ഇപ്പോഴുള്ളതാവട്ടെ വിരളിലെണ്ണാവുന്ന പോലീസുകാരും. അത്യാഹിത സംഭവങ്ങളുണ്ടാകുമ്പോള്‍ കുട്ടിക്കാനത്തെ ക്യാമ്പില്‍ നിന്നാണ് പോലീസുകാരെ കുമളിയിലേക്ക് വിളിക്കുന്നത്.
കുട്ടിക്കാനത്തു നിന്നും പോലീസുകാരെത്താന് ഒന്നര മണിക്കൂറെങ്കിലും സമയമെടുത്തും. പ്രശ്നങ്ങള്‍ വഷളായിക്കഴിയുമ്പോഴേക്കാണ് പോലീസിന് ഇവിടെ എത്താറുള്ളത്. ഈ സാഹചര്യത്തിലാണ് കുമളിയില്‍ പോലീസ് ക്യാമ്പ് വേണമെന്ന് ജില്ലാ പോലീസ് നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കാന്‍ കാരണമായത്.
2011ല്‍ മുല്ലപ്പെരിയാര്‍ പ്രശ്നം രൂക്ഷമായപ്പോള്‍ എസ്.പിയുടെ നേതൃത്വത്തില്‍ മൂന്ന് കമ്പനി പോലീസാണ് നിലയുറപ്പിച്ചിരുന്നത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ക്യാമ്പിലെ പോലീസുമാണ് അന്ന് എത്തിയത്. ഏത് സമയത്തും പ്രശ്നങ്ങളാല്‍ കലുഷിതമായ അന്തരീക്ഷമാണ് കുമളിയിലുള്ളതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: