ശബരിമല : പഞ്ചഭൂതങ്ങളുടെ നാഥനെ ദര്‍ശിച്ചു മടങ്ങുന്ന ഭക്തസഹസ്രങ്ങള്‍ക്ക് അഗ്നിശുദ്ധിവരുത്തി താഴെതിരുമുറ്റത്ത് നിലകൊള്ളുകയാണ് പരിപാവനമായ മഹാആഴി. ശരീരമാകുന്ന നാളികേരം ഈ അഗ്നിയിലിട്ട് ദഹിപ്പിച്ചാണ് ഓരോ ഭക്തരും തീര്‍ത്ഥാടനം അവസാനിപ്പിച്ച് മലയിറങ്ങുന്നത്.
ശബരിമലയോടൊപ്പംതന്നെ പരിശുദ്ധമായതാണ് ഈ ആഴിയും. ഭഗവത് സന്നിധിയില്‍ പതിനെട്ടാംപടിക്ക് വലതുഭാഗത്തായാണ് ആഴി സ്ഥിതിചെയ്യുന്നത്. മുന്‍പ് തിരുമുറ്റത്തായിരുന്ന ആഴി ഭക്തജനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചതോടെ സുരക്ഷാകാരണങ്ങളാല്‍ ഇവിടേക്ക് മാറ്റുകയായിരുന്നു.
മണ്ഡല-മകരവിളക്ക് കാലത്തെ തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി തിരിതെളിയുന്ന ആഴി അവസാന ഭക്തനും മലയിറങ്ങിയശേഷമേ അണയുകയുള്ളൂ. തീര്‍ത്ഥാടനം ആരംഭിക്കുന്ന വൃശ്ചികം ഒന്നിന് തലേ ദിവസം തന്ത്രിയും, മേല്‍ശാന്തിയും ചേര്‍ന്ന് ശ്രീലകം തുറന്ന് ഭഗവാെന ഭക്തജന സാന്നിധ്യം അറിയിച്ച് തിരിതെളിക്കുകയും തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി ആഴിയില്‍ അഗ്നിപകരുന്നതോടെയാണ് മണ്ഡലകാലത്തിന് ആരംഭം കുറിക്കുന്നത്.
ഇവിടെയെത്തുന്ന ഭക്തകോടികള്‍ ഇതിലേക്ക് നാളികേരം നിക്ഷേപിച്ചാണ് അഗ്നികുണ്ഡമായി ഇത്മാറുന്നത്. നെയ്യഭിഷേകപ്രിയനെയെന്ന ശരണമന്ത്രത്തോടെ നാളികേരത്തില്‍ നെയ്യ് നിറച്ച് ഇരുമുടിക്കെട്ടിലാക്കി മലകയറുന്ന ഭക്തര്‍ ശബരീശദര്‍ശനത്തിന് ശേഷം നാളികേരം പൊട്ടിച്ച് നെയ്യ് അഭിഷേകത്തിനായി മാറ്റുകയും നാളികേരം ആഴിയിലേക്ക് സമര്‍പ്പിച്ച് മടങ്ങുകയുമാണ് പതിവ്. നെയ്യ് ആത്മാവായും, നാളികേരം ശരീരമായുമാണ് ഓരോ ഭക്തരും വിശ്വസിച്ചുപോരുന്നത്്.
നെയ്യാകുന്ന ആത്മാവിനെ പരമാത്മാവാകുന്ന ഭഗവാനില്‍ വിലയം പ്രാപിക്കുകയും, ശരീരമാകുന്ന നാളികേരം ഈ അഗ്നിയില്‍ ദഹിപ്പിച്ച് പുതിയ പുണ്യവും പേറിയാണ് ഭക്തര്‍ തങ്ങളുടെ ആവര്‍ഷത്തെ തീര്‍ത്ഥാടനകാലം അവസാനിപ്പിക്കുന്നത്. ദഹിച്ച നാളികേര ഭസ്മം ഭക്തിപൂര്‍വ്വം പ്രസാദമായി കൊണ്ടുപോകുന്നവരുമുണ്ട്. തീര്‍ത്ഥാടനകാലം കഴിയുന്നതോടെ ആഴി തന്നെ അണയുകയും ചെയ്യും.
കൂടാതെ ഈനാളികേരങ്ങള് കത്തിയുണ്ടാകുന്ന അഗ്നിയാണ് സന്നിധാനത്തെയും പരിസരത്തെയും ശുദ്ധമാക്കുന്നത്. ഇത് ഇവിടെയെത്തുന്ന കോടിക്കണക്കിന് ഭക്തരെ രോഗങ്ങളില്‍ നിന്നും മുക്തമാക്കുകയും ചെയ്യുന്നുണ്ട്. എല്ലാ മലയാളമാസത്തിന്റെയും ആദ്യദിനങ്ങളിലും ഈആഴിയില്‍ അഗ്നി പകരുന്നത് പതിവാണ.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: