ന്യൂദല്‍ഹി: രാഷ്ട്രീയപ്രവേശനം പിഴവായിരുന്നുവെന്നും ഇനി ആ തെറ്റ് ആവര്‍ത്തിക്കില്ലെന്നും അമിതാഭ് ബച്ചന്. 72കാരനായ ബച്ചന് 1984-ല്‍ യുപിയിലെ അലഹബാദില്‍നിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ അംഗത്വം രാജിവെക്കുകയും ചെയ്തു.
”ഞാന്‍ വരുത്തിയത് പിഴവായിരുന്നു. ഏറെ വൈകാരികതയുള്ള വേദിയിലേക്കാണ് കടന്നത്. പക്ഷേ, അധികം വൈകാതെ ഞാന്‍ തിരിച്ചറിഞ്ഞു രാഷ്ട്രീയ യാഥാര്‍ത്ഥ്യവും വൈകാരികതയും രണ്ടാണെന്ന്. അതുകൊണ്ടു ഞാന്‍ രാഷ്ട്രീയ രംഗം വിട്ടു,” ബച്ചന് പറഞ്ഞു. ”ഇനി ആ രംഗത്തേക്കു മടങ്ങിപ്പോക്കില്ല,” ആജ് തക്കിന്റെ അജണ്ട എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ഛന് ഹരിവംശ റായ് ബച്ചന്റെ കവിത മധുശാല ആലപിച്ചത് കേട്ട് ബച്ചന് വികാരഭരിതനായി. ”1933-ല്‍ എഴുതി 35-ല്‍ പ്രസിദ്ധീകരിച്ചതാണ് ആ കവിത. പക്ഷേ, ഇന്നും അതിന്റെ പ്രസക്തി നിലനില്ക്കുന്നു. അച്ഛന് ഒരിക്കലും മദ്യപിച്ചിട്ടില്ല, പക്ഷേ മദ്യപന്മാരെയും മദ്യശാലയെയും കുറിച്ചാണ് ആ കവിത. അക്കാലത്ത് വിപ്ലവാത്മകമായിരുന്ന ആ കവിത,” ബച്ചന് പറഞ്ഞു. ബിജോയ് നമ്പ്യാരുടെ വാസീര്‍ എന്ന സിനിമയില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: