കാഞ്ഞിരപ്പള്ളി: ക്രിസ്ത്യന്പള്ളിവക സെമിത്തേരി നിര്‍മ്മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെ നാഗരാജാവിന്റെ വിഗ്രഹം കണ്ടെത്തി.
കൂവപ്പള്ളി ടൗണിലുള്ള സെന്റ് ജോസഫ് പള്ളിയിലാണ് ഇന്നലെ ഉച്ചയോടെ വിഗ്രഹം കണ്ടെത്തിയത്. പള്ളിയോടു ചേര്‍ന്നുള്ള നിലവിലുള്ള സെമിത്തേരി പുതുക്കി പണിയുന്നതിനും കൂടുതല്‍ സ്ഥലത്തേക്ക് സെമിത്തേരി നിര്‍മ്മിക്കുന്നതിനുമായി ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ സെമിത്തേരിയോട് ചേര്‍ന്നുള്ള മതില്‍കെട്ട് പൊളിച്ചുകൊണ്ടിരിക്കെയാണ് നാഗരാജാവിന്റെ രൂപത്തോടുള്ള വിഗ്രഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി വിഗ്രഹം വൃത്തിയാക്കി മാറ്റിവെച്ചു. ഇതിനിടെ കാഞ്ഞിരപ്പള്ളിയില്‍നിന്നും വന്ന പോലീസ് വിഗ്രഹം എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ തടഞ്ഞതോടെ വിഗ്രഹം മാറ്റുന്നതു സംബന്ധിച്ച് തര്‍ക്കമായി.
കാഞ്ഞിരപ്പള്ളി സി.ഐ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. സംഭവമറിഞ്ഞ് വിവിധ ഹൈന്ദവ സംഘടനനേതാക്കളായ നാരയണ്, ശ്രീജിത്ത്, മനോജ് എസ്., വി.ആര്. രതീഷ് കൂവപ്പള്ളി, ഞര്‍ക്കലക്കാവ് ശ്രീധര്മ്മശസ്താക്ഷേത്രം മേല്‍ശാന്തി മണിലാല്‍ നമ്പൂതിരി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി പി.യു. കുര്യാക്കോസ്, പള്ളിവികാരി ജോസ് തറപ്പേല്‍ അടക്കമുള്ളവരുമായി നടന്ന ചര്‍ച്ചയില്‍ വിഗ്രഹത്തിന്റെ ചൈതന്യം ആവാഹിച്ചുള്ള പൂജകള്‍ നടത്തിയതിനുശേഷം റവന്യൂവകുപ്പ് വിഗ്രഹം ഏറ്റെടുക്കാനും തല്ക്കാലം തീരുമാനിച്ചു. കൂവപ്പള്ളിയിലെ സെന്റ് ജോസഫ് പള്ളിയില്‍ അടുത്തകാലത്തായി നടന്നിട്ടുള്ള പല നിര്‍മ്മാണ പ്രവര്‍ത്തനസമയത്തും ഇത്തരത്തിലുള്ള ഹൈന്ദവാചാര പ്രതിഷ്ഠാവിഗ്രഹങ്ങളും മറ്റും പലതവണ ലഭിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
നാഗരാജാവിഗ്രഹം കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് നിരവധിയാളുകളാണ് വിഗ്രഹം കാണാനെത്തിയത്. ഇതിനിടെ വിഗ്രഹം പോലീസ് കൊണ്ടുപോകുമെന്ന കാഞ്ഞിരപ്പള്ളി സിഐയുടെ നിഷേധാത്മകനിലപാട് പ്രതിഷേധത്തിനും വഴിയൊരുക്കി. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പോലീസിനെ വിളിച്ചുവരുത്തി ഭീകാരാന്തരീക്ഷം സൃഷ്ടിക്കാന്‍ പോലീസ് ശ്രമിച്ചുവെന്നും ഹൈന്ദവ സംഘടനാ നേതാക്കള്‍ പറഞ്ഞു. രണ്ടരമീറ്ററോളം ഉയരവും വര്ണ്ണാഭരണങ്ങളുടെ ആവരണവുംഉള്ള വിഗ്രഹത്തിന്റെ പഴക്കത്തെ സംബന്ധിച്ചും മറ്റും വിശദമായ പഠനം നടത്തണമെന്നും നേതാക്കള്‍ പറഞ്ഞു. വിഗ്രഹത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും രാശി തെളിയിച്ച് ക്ഷേത്രങ്ങളിലെവിടെയെങ്കിലും മാറ്റുന്നകാര്യം ആലോചിക്കുമെന്നും ക്ഷേത്രം മേല്‍ശാന്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: